കോഴിക്കോട്: ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോളില്‍ കൊളംബിയ-ഘാന കളിയും ഇന്ത്യ-യു.എസ്. കളിയും അരങ്ങേറിയപ്പോള്‍ ഇങ്ങുദൂരെ നൈനാംവളപ്പിന്റെ ചങ്കും മിടിച്ചു.

കളിക്കളത്തിലെ ഓരോ ചലനത്തിനുമൊപ്പം ആര്‍പ്പും വിളിയും ഇടയ്ക്ക് നിശ്ശബ്ദതയും. ഇന്ത്യന്‍ ടീം പരാജയത്തിലേക്കുപോകുന്ന ഘട്ടം വന്നപ്പോഴും കളിയിലെ മികച്ച നീക്കങ്ങളെ കൈയടികളോടെ പ്രോത്സാഹിപ്പിക്കാന്‍ ഇവര്‍ മറന്നില്ല.

നൈനാംവളപ്പ് ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്റെയും (എന്‍ഫ) ഇന്‍ഡോ ഇലക്ട്രിക്കല്‍സിന്റെയും നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ഗവ. എല്‍.പി. സ്‌കൂളില്‍ ഒരുക്കിയ കൂറ്റന്‍ സ്‌ക്രീനിനുമുമ്പില്‍, നഗരത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവരും ദൂരെനിന്ന് കേട്ടറിഞ്ഞെത്തിയ കളിഭ്രാന്തന്മാരും ഉണ്ടായിരുന്നു.

സ്‌കൂളിലെ ബെഞ്ചും ഡെസ്‌കും നീക്കിയിട്ട്, കസേരയിലും നിലത്തും ഇരുന്നാണ് ആളുകള്‍ കളികണ്ടത്. നല്ലൊരു വിഭാഗത്തിന് പുറത്തെ ജനല്‍വഴി കളികാണേണ്ടിവന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ള കുട്ടി ആരാധകരും മുന്‍നിരയില്‍ത്തന്നെ സ്ഥാനംപിടിച്ചിരുന്നു.

മൂന്നുഗോളുകള്‍ക്ക് തോറ്റെങ്കിലും അണ്ടര്‍-17ലെ അതികായകരായ, അമേരിക്കയ്ക്കുമുമ്പില്‍ ഇന്ത്യ നന്നായിപൊരുതിയെന്നും ഇതൊരു നല്ല തുടക്കമാണെന്നുമുള്ള ആശ്വാസത്തോടെയാണ് ആരാധകര്‍ വീട്ടിലേക്ക് തിരിച്ചുപോയത്.

മുജീബ് റഹ്മാന്‍, എന്‍.വി. നൗഫല്‍, അബ്ദു, ഫിറോസ് മൂപ്പന്‍, ഇര്‍ഷാദ്, സുബൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.