കോഴിക്കോട്: ഉടമസ്ഥത എന്ന ആശയത്തെ എഴുത്തുകാരനില്‍ നിന്നും മോചിച്ചിപ്പ നിരൂപകനാണ് എം.എന്‍.വിജയനെന്ന് പി.എന്‍.ഗോപീകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എം.എന്‍.വിജയന്‍ അനുസ്മരണത്തോടനുബന്ധിച്ച് ഫാസിസ്റ്റ് വിമര്‍ശത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബുധനാഴ്ച മാനാഞ്ചിറ ലൈബ്രറി പരിസരത്ത് നടന്ന ഫാസിസ്റ്റ് വിരുദ്ധ തെരുവരങ്ങ് ചിത്രകാരി കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്തു. വരയുടെ പ്രതിരോധം പരിപാടിയുടെ ഭാഗമായി മജ്‌നി തിരുവങ്ങൂര്‍, അഭിലാഷ് തിരുവോത്ത്, താജ് ബക്കര്‍, സംഗീത് ബാലചന്ദ്രന്‍, പൂജ പാര്‍വതി, നദി, സ്മിത നരപ്പത്ത് എന്നിവര്‍ ചിത്രം വരച്ചു. തുടര്‍ന്ന് മഹേഷ് ചെട്ടിക്കോട്ടിയുടെ ഏകാംഗപരിപാടി അരങ്ങേറി.

വൈകീട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പ്രഭാഷണത്തില്‍ ദേശീയതയുടെ ഹിംസാത്മക ആവിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ പ്രൊഫ. എം.വി.നാരായണന്‍, ഫാസിസ്റ്റ് വിമര്‍ശനത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയം എന്ന വിഷയത്തില്‍ പി.എന്‍.ഗോപീകൃഷ്ണന്‍, വിജയന്‍ മാഷ്, സ്മരണയും സമരവും എന്ന വിഷയത്തില്‍ പ്രൊഫ. എന്‍.സുഗതന്‍ എന്നിവര്‍ സംസാരിച്ചു.

കെ.സി.ഉമേഷ് ബാബു, എന്‍.വി.ബാലകൃഷ്ണന്‍, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, കെ.പി.ചന്ദ്രന്‍, വി.പി.വാസുദേവന്‍, കെ.എന്‍.അജോയ് കുമാര്‍, പി.കെ.പ്രിയേഷ് കുമാര്‍, രാധാകൃഷ്ണന്‍ കാര്യാവില്‍, ലിജീഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.