കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി മരിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റില്‍.

തോപ്പയില്‍ കമ്പിവളപ്പിലെ ഇര്‍ഷാദ് അലി (21), പുതിയങ്ങാടി പാണ്ടികശാല പറമ്പ് ജിനിഷ് (22) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. ഇവര്‍ മുഖേനയാണ് ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചത്. 50,000 രൂപ വിലവരുന്ന എം.ഡി.എം.എ. എക്സ്റ്റസി ഗുളികകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു.
 
നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ യുവാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ലഹരിഗുളികള്‍ എത്തിച്ചുകൊടുക്കുന്നവരിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് അമിതമായി ശരീരത്തിനുള്ളില്‍ച്ചെന്ന് വെള്ളയില്‍ ജോസഫ് റോഡില്‍ അറഫയില്‍ ഷാഹില്‍ (22) മരിച്ച കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേര്‍ പിടിയിലായി.

കോഴിക്കോട് സിറ്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ബാബു കെ. തോമസ്, മെഡിക്കല്‍ കോളേജ് സി.ഐ. മൂസ വള്ളിക്കാടന്‍, ആന്റി നര്‍ക്കോട്ടിക് അംഗങ്ങളായ എന്‍. നവീന്‍, ജോമോന്‍, ജിനീഷ്, സോജി എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

കക്കോടി പടിഞ്ഞാറ്റുമുറി ഷംനാസ് ഷറഫുദ്ദീന്‍ (23), രാമനാട്ടുകര പുളിഞ്ചോട് മുഹമ്മദ് അന്‍ഷിദ് (20) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

നഗരത്തില്‍ 12 സ്ഥലങ്ങളില്‍ വെള്ളിയാഴ്ച മിന്നല്‍ പരിശോധന നടത്തി. വെള്ളയില്‍, നടക്കാവ്, എലത്തൂര്‍ എന്നീ സ്റ്റേഷന്‍ പരിധികളിലെ വിവിധയിടങ്ങളിലായിരുന്നു പരിശോധന. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, വിവിധ ലോഡ്ജുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി.

മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 9497987370 എന്ന മൊബൈല്‍ നമ്പറില്‍ അറിയിക്കണമെന്ന് സിറ്റി പോലീസ് ചീഫ് കാളിരാജ് എസ്. മഹേഷ് കുമാര്‍ അറിയിച്ചു.