കോഴിക്കോട്: കശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി സംവരണംചെയ്ത കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. സീറ്റിലേക്ക് പ്രവേശനം വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു. മലപ്പുറം, പത്തനംതിട്ട സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് പ്രവേശനം ലഭിച്ചതായുള്ള രേഖകളുമായി മെഡി. കോളേജില്‍ ചേരാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

സീറ്റ് ഒഴിവുണ്ടോയെന്നുചോദിച്ച് രണ്ട് അപേക്ഷാര്‍ഥികള്‍ തിങ്കളാഴ്ച ഫോണില്‍ ബന്ധപ്പെടുകകൂടി ചെയ്തതോടെ കോളേജ് അധികൃതര്‍ പോലീസിനും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കുകയായിരുന്നു. കോളേജിന്റെ വ്യാജ ലെറ്റര്‍ഹെ!ഡ് ഉപയോഗിച്ചായിരുന്നു അപേക്ഷാര്‍ഥികളെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയത്.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഈ അക്കാദമിക് വര്‍ഷം കശ്മീരിലെ വിദ്യാര്‍ഥികള്‍ക്കായി സംവരണംചെയ്ത ഒരു എം.ബി.ബി.എസ്. സീറ്റിന്റെ പേരിലാണ് പലരില്‍നിന്നായി പണം തട്ടിയത്. സീറ്റ് ഒഴിവുണ്ടെന്നവിവരം സെപ്റ്റംബര്‍ 13-നാണ് കോളേജ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിനെ രേഖാമൂലം അറിയിച്ചത്. സീറ്റൊഴിവ് സംബന്ധിച്ച് ഡല്‍ഹിയില്‍ വിവരമറിയിച്ചതിന്റെ രണ്ടാംദിവസം മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി താന്‍ മൂന്നുലക്ഷംരൂപ ഫീസടച്ച് പ്രവേശനം നേടിയെന്ന് അവകാശപ്പെട്ട് മെഡിക്കല്‍ കോളേജിലെത്തി. കോളേജ് അധികൃതര്‍ കാര്യംപറഞ്ഞ് ബോധ്യപ്പെടുത്തിയതോടെ പരാതി നല്‍കാന്‍പോലും നില്‍ക്കാതെ വിദ്യാര്‍ഥി മടങ്ങി.

പിന്നീട് പണം നഷ്ടമായെന്നുകാണിച്ച് പത്തനംതിട്ട സ്വദേശിയായ ഒരു വിദ്യാര്‍ഥി തിങ്കളാഴ്ച രംഗത്തെത്തിയതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. സൗത്ത് ഇന്ത്യന്‍ബാങ്കിലെ ഉത്തരേന്ത്യയിലെ ഒരു ശാഖയിലെ അക്കൗണ്ടിലേക്ക് എട്ടുലക്ഷം രൂപ അടച്ചതായാണ് ഈ വിദ്യാര്‍ഥി മെഡിക്കല്‍ കോളേജ് അധികൃതരെ അറിയിച്ചത്.

55,000 രൂപ നേരിട്ട് അടച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചേരാനാണ് രണ്ട് അപേക്ഷാര്‍ഥികളോട് തട്ടിപ്പ് നടത്തിയവര്‍ നിര്‍ദേശിച്ചത്. മെഡിക്കല്‍ കോളേജിന്റെ വ്യാജ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ പ്രവേശന ഉത്തരവും ഇവരില്‍നിന്ന് കോളേജധികൃതര്‍ കണ്ടെടുത്തു.

തട്ടിപ്പിന് എത്രപേര്‍ ഇരകളായിട്ടുണ്ടെന്ന വിവരം ഇതുവരെ പൂര്‍ണമായും ലഭ്യമായിട്ടില്ല. സീറ്റൊഴിവിന്റെ കാര്യംപറഞ്ഞ് വാട്‌സാപ്പിലും സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോളേജില്‍ സീറ്റ് ഒഴിവുണ്ടെന്നപേരില്‍ നടക്കുന്ന തട്ടിപ്പില്‍ ഇനി അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ജാഗ്രതകാണിക്കണമെന്ന് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍ അറിയിച്ചു.