കോഴിക്കോട്: മലയാളസിനിമയിലെ കര്‍മയോഗിയാണ് ഹരിഹരനെന്ന് സിനിമാതാരം മധു. ചലച്ചിത്രരംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന ഹരിഹരന് ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ നല്‍കുന്ന ആദരമായ 'സുവര്‍ണ ഹരിഹരം' ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിനിമയ്ക്കുവേണ്ടി എത്ര ത്യാഗം ചെയ്യാനും അദ്ദേഹം തയ്യാറാണ്. സിനിമയിലെ ചെറിയ കാര്യങ്ങളില്‍പ്പോലും സൂക്ഷ്മത നിലനിര്‍ത്തും. അതുകൊണ്ടാണ് സിനിമയിലെ ഓരോ ചെറിയ ഫ്രെയിമിലും അദ്ദേഹത്തിന്റെ ആത്മാവിനെ കാണാന്‍ സാധിക്കുന്നത്. പലരും സിനിമാ സംവിധാന മേഖലയിലേക്ക് കടന്നുവരികയും സിനിമ ചെയ്യാനുളള ഓട്ടത്തിനിടയില്‍ വീണുപോകാറുമാണ് പതിവ്. എന്നാല്‍, ഹരിഹരന്‍ സിനിമയുടെ എണ്ണത്തെക്കാളും തന്റെ സിനിമയുടെ പൂര്‍ണതയ്ക്കാണ് പ്രധാന്യം നല്‍കിയതെന്നും മധു പറഞ്ഞു. തിരക്കഥാകൃത്തിന്റെ മനസ്സറിഞ്ഞ് കഥകള്‍ വൃത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. ഇന്ത്യന്‍ സിനിമാസംവിധായകരില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന വിരലിലെണ്ണാവുന്ന ഒരാളാണ് ഹരിഹരനെന്നും മധു പറഞ്ഞു.

സിനിമാരംഗത്തേക്ക് പ്രവേശിച്ച് ആദ്യമായി ക്ലാപ്പ് ബോര്‍ഡടിച്ച നടന്‍ മധുവില്‍ നിന്ന് അനുഗ്രഹം ലഭിച്ചത് ഓസ്‌കര്‍ നേടിയതിന് തുല്യമായാണ് കാണുന്നതെന്ന് മറുപടിപ്രസംഗത്തില്‍ ഹരിഹരന്‍ പറഞ്ഞു.

നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ ഭൂമി ദേവി പുഷ്പിണിയായി, ശരപഞ്ജരം, സര്‍ഗം, പഴശ്ശിരാജ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എ.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഭാനു പ്രസാദ്, നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധാരന്‍, രവീന്ദ്രന്‍ പൊയിലൂര്‍, വി.പി. സുകുമാരന്‍, ഡോ. കെ. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.