കോഴിക്കോട്: അന്തരിച്ച സംഗീതസംവിധായകന്‍ ദേവരാജന്‍മാസ്റ്ററുടെ ശിഷ്യനും സംഗീതസംവിധായകനുമായ എം. ജയചന്ദ്രന്‍ രചിച്ച 'വരിക ഗന്ധര്‍വ ഗായകാ' എന്ന പുസ്തകം എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു.

ഗുരുവിനുള്ള ശിഷ്യന്റെ കാണിക്കയാണ് പുസ്തകം. ദേവരാജന്‍ മാസ്റ്ററെ ശിഷ്യന്‍ എങ്ങനെ കാണുന്നു, എന്തെല്ലാമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷതകള്‍ എന്നെല്ലാം നല്ല ഭാഷയില്‍ എഴുതിയിട്ടുണ്ടെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. ദേവരാജന്‍ മാസ്റ്ററുടെ ഭാര്യ ലീലാമണി പുസ്തകം ഏറ്റുവാങ്ങി.

കല്‍പ്പറ്റ നാരായണന്‍ പുസ്തകം പരിചയപ്പെടുത്തി. ഗുരു എന്ന സങ്കല്പത്തില്‍ എഴുതപ്പെട്ട ആത്മാര്‍ഥതയുള്ള പുസ്തകങ്ങളില്‍ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു.

രാജേന്ദ്രന്‍ എടത്തുംകര, മധു ബാലകൃഷ്ണന്‍, ശ്രീകുമാര്‍ മേനോന്‍, രഞ്ജിത്ത്, സുരേഷ് പുത്തലത്ത്, ആര്‍. ഇളങ്കോ, ബിജുകുമാര്‍, സഞ്ജീവ് എസ്.പിള്ള, അനില്‍ മങ്കട, അജയ് ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. എം. ജയചന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.

മാസ്റ്ററുടെ പാട്ടുകള്‍ കോര്‍ത്തിണക്കിയ ഗാനമേളയുണ്ടായി. മധു ബാലകൃഷ്ണന്‍, ശ്രേയ ജയദീപ്, സതീഷ്ബാബു, നിഷാദ്, വിജേഷ് ഗോപാല്‍, മൃദുല വാരിയര്‍, ഇളങ്കോ, ഡോ.ബാല ഗുഹന്‍, ഭാനുപ്രകാശ്, സിന്ധു പ്രേംകുമാര്‍, അജയ് ഗോപാല്‍, മുഹമ്മദ് ഈസ എന്നിവര്‍ പാടി.