കോഴിക്കോട്: സിനിമാചിത്രീകരണത്തിനുമുമ്പേ പൂജ നടത്തുന്നവര്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പ്രേംനസീറിന്റെ ചിത്രംകൂടി വെയ്ക്കുന്നത് നന്നായിരിക്കുമെന്ന് സംവിധായകന്‍ ഹരിഹരന്‍. നിര്‍മാതാക്കളുടെ പക്ഷത്തുനിന്ന് ചിന്തിച്ചിരുന്ന, അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞിരുന്ന വലിയ കലാകാരനായിരുന്നു നസീര്‍. പ്രേംനസീര്‍ സാംസ്‌കാരികവേദിയുടെ പുരസ്‌കാരസമര്‍പ്പണച്ചടങ്ങ് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമയുടെ പേരില്‍ സമരമുണ്ടാകുമ്പോള്‍, പ്രേംനസീറുണ്ടായിരുന്നെങ്കിലെന്ന് ഓര്‍ത്തുപോയിട്ടുണ്ട്. നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാകുന്നതില്‍ വലിയ വേദനയായിരന്നു അദ്ദേഹത്തിന്. പ്രതിഫലം തിരിച്ചുനല്‍കുകപോലും ചെയ്തിട്ടുണ്ട്. എം.ടി. വാസുദേവന്‍നായര്‍ എഴുതി, താന്‍ സംവിധാനംചെയ്യുന്ന ചിത്രം നിര്‍മിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് പ്രേംനസീര്‍ പോയത്. പക്ഷേ, അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മരണമില്ല. നസീറിന്റെ സ്മരണ എക്കാലത്തേക്കും നിലനിര്‍ത്താനുതകുന്ന സ്മാരകം ഉണ്ടാക്കണമെന്നും ഹരിഹരന്‍ പറഞ്ഞു.
ചലച്ചിത്രനിര്‍മാതാവ് പി.വി. ഗംഗാധരനുവേണ്ടി ഭാര്യ ഷെറിന്‍ ഗംഗാധരന്‍ പ്രേംനസീര്‍പുരസ്‌കാരം ഏറ്റുവാങ്ങി. വേദി പ്രസിഡന്റ് കെ.വി. സുബൈര്‍ അധ്യക്ഷനായി. നടന്‍ മാമുക്കോയ, എം.പി. അബ്ദുസമദ് സമദാനി, ഡോ. കെ. മൊയ്തു, എം. രാജന്‍, വി.പി. മാധവന്‍നായര്‍, ഭാസി മലാപ്പറമ്പ്, കെ.ടി.സി. അബ്ദുല്ല, പി. ഷാജി എന്നിവര്‍ സംസാരിച്ചു. ഗോള്‍ഡന്‍ മെലഡീസ് ഓഫ് കാലിക്കറ്റിന്റെ ഗാനമേളയുമുണ്ടായിരുന്നു.