കോഴിക്കോട്: വിവിധ മതവിശ്വാസങ്ങള്‍ ദേശീയതയ്ക്ക് അനുകൂലമായും പ്രതികൂലമായും വര്‍ത്തിച്ചിട്ടുണ്ടെന്ന് ഡോ. എം.ജി.എസ്. നാരായണന്‍. പോലീസ് ക്ലബ്ബില്‍ പാഠഭേദം സംഘടിപ്പിച്ച 'ജനഗണമന' പ്രഭാഷണപരമ്പരയില്‍ 'മതങ്ങളും ദേശീയതയും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു എന്ന വാക്കിന് മതവുമായി ഒരു ബന്ധവുമില്ല. സിന്ധുനദിക്കപ്പുറത്തുള്ളവരെ അന്യദേശക്കാര്‍ വിളിച്ചതില്‍നിന്നാണ് ആ വാക്ക് രൂപപ്പെട്ടത്. പ്രത്യേകിച്ചൊരു മതവിഭാഗത്തിലും പെടാത്ത ജനങ്ങളെയെല്ലാം ചേര്‍ത്ത് ഹിന്ദുക്കളെന്ന പേരില്‍ കാനേഷുമാരിപ്പട്ടികയില്‍ ചേര്‍ത്തത് ബ്രിട്ടീഷുകാരാണ്. അതില്‍ എല്ലാ ജാതികളുമുണ്ട്. ഒരുജാതിയിലും പെടാത്ത ആദിവാസികളുമുണ്ട്.

ക്രിസ്തുമതത്തിനോ ഇസ്ലാം മതത്തിനോ ഉള്ളതുപോലെ പ്രത്യേകിച്ചൊരു സ്ഥാപകനോ പ്രവാചകപരമ്പരയോ ആധികാരികഗ്രന്ഥമോ എല്ലാവരും അംഗീകരിക്കുന്ന നിയമങ്ങളോ ആചാരങ്ങളോ ഹിന്ദുമതത്തിനില്ല. ഇങ്ങനെയൊക്കെയുള്ള ഹിന്ദുമതത്തിന്റെ പേരില്‍ ദേശീയതയുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്.

ഹിന്ദുത്വം അംഗീകരിക്കലാണ് രാജ്യസ്‌നേഹത്തിന്റെ ലക്ഷണമെന്നാണ് ഹിന്ദുത്വവാദികള്‍ പറയുന്നത്. ദേശീയത തന്നെ സാങ്കല്പികമാണെങ്കില്‍ മതങ്ങളുടെ പേരിലുള്ള ദേശീയത അതിലേറെ സാങ്കല്പികമാണ് -എം.ജി.എസ്. പറഞ്ഞു. ഡോ. ഖദീജാ മുംതാസ് അധ്യക്ഷയായി.