കൊയിലാണ്ടി: സഞ്ചാരികളുടെ മനംകവര്‍ന്ന അകലാപ്പുഴ കായലിന്റെ വശ്യസൗന്ദര്യക്കാഴ്ചകളും പുഴയെ ആശ്രയിച്ചുള്ള ജനജീവിതവും ഇന്ന് ഓര്‍മമാത്രമാണ്. കേരളത്തില്‍ അറിയപ്പെടുന്ന 30 പ്രധാനകായലുകളിലൊന്നാണിത്. കൃത്യമായ ഉദ്ഭവപ്രദേശമില്ലെന്നതാണ് ഇതിനെ കായല്‍ഗണത്തില്‍പ്പെടുത്താന്‍ കാരണം.

എങ്കിലും ശ്രദ്ധകിട്ടിയാല്‍ കാലങ്ങളോളം നിലനില്‍ക്കാനുള്ള കരുത്ത് അകലാപ്പുഴയ്ക്കുണ്ട്. കണ്ടല്‍ക്കാടുകളും അതിനെ ഉപജീവിക്കുന്ന ജീവജാലങ്ങളും ഇവിടെ ഇപ്പോഴും സമൃദ്ധമാണ്. ചെറുപുഴകളും നിരവധിതോടുകളും വഹിച്ചെത്തിക്കുന്ന വെള്ളമായിരുന്നു പുഴയുടെ ജലസമൃദ്ധി നിലനിര്‍ത്തിവന്നത്. കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ നായാടന്‍പുഴയും ചെറുപുഴയും ഒരുകാലത്ത് അകലാപ്പുഴയുടെ പ്രധാന കൈവഴികളായിരുന്നു. കാലക്രമേണ ഇവയ്ക്ക് പുഴയുമായുള്ള ബന്ധം മുറിഞ്ഞുപോയി. പുഴകള്‍ക്കിടയിലുള്ള സ്ഥലങ്ങളെല്ലാം നികത്തി പറമ്പുകളായി. ഈ പുഴകളുടെ കുറേഭാഗം പുഴയെന്നപേരില്‍ ഇപ്പോഴുമുണ്ട്.

വിയ്യൂര്‍വില്ലേജിന്റെ പടിഞ്ഞാറുഭാഗത്തുനിന്നാരംഭിക്കുന്ന അമ്പാതോടുള്‍പ്പെടെയുള്ളവ നാടുനീങ്ങിയീട്ട് വര്‍ഷങ്ങളായി. ഇരിങ്ങല്‍ ബ്രാഞ്ച് കനാലിന്റെയും കൈക്കനാലുകളുടെയും നിര്‍മാണവും ആലോചനയില്ലാതെ നിര്‍മിച്ച റോഡുകളും സ്വാഭാവികതോടുകളുടെ നാശത്തിന് വഴിവെച്ചു. പയ്യോളി ചീര്‍പ്പില്‍ തുടങ്ങി കോരപ്പുഴ അഴിമുഖത്തിനടുത്ത് എലത്തൂര്‍പ്പുഴയോട് ചേര്‍ന്നുനില്‍ക്കുന്ന അകലാപ്പുഴ കായല്‍ പലയിടങ്ങളില്‍ പല പേരുകളിലാണറിയപ്പെടുന്നത്. കോരപ്പുഴ, കുനിയില്‍പ്പുഴ, അണേലപ്പുഴ, മുത്തമ്പിപ്പുഴ, നടേരിപ്പുഴ, നെല്യാടിപ്പുഴ എന്നിങ്ങനെ. മുചുകുന്നിലെത്തുമ്പോഴാണ് അകലാപ്പുഴയെന്നറിയപ്പെടുന്നത്.

ടൂറിസം സാധ്യതകളുണ്ടെങ്കിലും ഈ മേഖലയെ കണ്ടറിയാന്‍ അധികാരികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. ലഭ്യമാകുന്ന ചെറിയ ഫണ്ടുപയോഗിച്ച് എന്തെങ്കിലും കാട്ടികൂട്ടി സമഗ്രവികസനമാഘോഷിക്കുന്നതിനപ്പുറം ഗൗരവമായൊന്നും നടക്കുന്നില്ല. അകലാപ്പുഴയ്ക്ക് അതിജീവിക്കാനുള്ള കരുത്തുനല്‍കേണ്ടത് പുഴയോരവാസികളാണ്. അവര്‍ക്ക് ശക്തിപകരേണ്ടത് അധികാരികളും.