കൊടുവള്ളി: സ്‌കൂള്‍ വളപ്പില്‍ നട്ടുവളര്‍ത്തിയ മുന്തിരി വിളവെടുത്തു. മികവിന്റെ പാതയില്‍ മുന്നേറുന്ന കൊടുവള്ളി ജി.എം.എല്‍.പി. സ്‌കൂള്‍ വളപ്പില്‍ നട്ടുവളര്‍ത്തിയ മുന്തിരിവള്ളിയിലാണ് മുന്തിരി കായ്ച്ചത്.

വയനാട് അമ്പലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്ന് മൂന്നുവര്‍ഷംമുന്‍പാണ് മുന്തിരിവള്ളി സ്‌കൂളിലെത്തിച്ചത്. ടെറസിലെ പച്ചക്കറിത്തോട്ടത്തില്‍ ചെയ്യുന്ന അതേ വളപ്രയോഗമാണ് മുന്തിരിവള്ളികള്‍ക്കും ചെയ്തത്. ആദ്യവര്‍ഷം വലിയരീതിയില്‍ വിളവെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇത്തവണ മികച്ചരീതിയില്‍ വിളവെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും.

സ്‌കൂളില്‍ പച്ചക്കറിക്കൃഷിയെ പരിപാലിക്കുന്ന ജഗന്നാഥനാണ് മുന്തിരിവള്ളിയെ പരിപാലിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പമുള്ളത്. തന്റെ ജോലി കഴിഞ്ഞതിനുശേഷം എല്ലാ ദിവസവും വൈകീട്ട് സ്‌കൂളിലെത്തിയാണ് ജഗന്നാഥന്‍ കൃഷി പരിപാലിക്കുന്നത്. ടെറസിലെ പച്ചക്കറിക്കൃഷിയില്‍നിന്നുള്ള വിളവുകള്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്.

മുന്തിരി വിളവെടുപ്പ് കൊടുവള്ളി എ.ഇ.ഒ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ എം.പി. മൂസ, എച്ച്.എം. ഫോറം കണ്‍വീനര്‍ അസീസ്, അധ്യാപകരായ ഫൈസല്‍ പടനിലം, എം.ടി. അബ്ദുറഹിമാന്‍, പി.പി. പാത്തുമ്മക്കുട്ടി, എന്നിവര്‍ പങ്കെടുത്തു.