ബഹുനിലക്കെട്ടിടം നിര്‍മിക്കുന്നത്ര അടുക്കും ചിട്ടയും ഉള്ളതായിരുന്നു ചേവായൂര്‍ പുല്‍പറമ്പില്‍താഴം വിനോദിന്റെ ജീവിതം, ഒരുവര്‍ഷം മുന്‍പുവരെ. കെട്ടിടങ്ങള്‍ കരാറെടുത്ത് നിര്‍മിക്കും. കീഴില്‍ ആറ്് തൊഴിലാളികള്‍. അവര്‍ക്കുള്ള കൂലിയും മറ്റുചെലവും കഴിച്ച് ദിവസവും 2000-2500 രൂപവരെ ലഭിക്കുമായിരുന്നു.

ഭാര്യയും രണ്ടുപെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം. സാമാന്യം നന്നായി പഠിക്കുന്ന പെണ്‍മക്കളില്‍ ഒരുവള്‍ക്ക് ഡോക്ടറാകണമെന്നായിരുന്നു മോഹം.

നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ അഞ്ഞൂറുരൂപയ്ക്കുണ്ടായ രൂപമാറ്റംപോലെ വിനോദിന്റെ ജീവിതവും അടിമുടി മാറി. ചെറുകിട കെട്ടിട നിര്‍മാണമേഖല സ്തംഭിച്ചു. തൊഴിലാളികള്‍ മറ്റ് മേഖലകള്‍ തേടിപ്പോയി. ജീവിതം വഴിമുട്ടി.

അടുപ്പുപുകയില്ലെന്ന അവസ്ഥയില്‍ ഭാര്യ വീട്ടുവേലയ്ക്ക് പോകാന്‍ തുടങ്ങി. ദിവസം കിട്ടുന്നത് 150 രൂപ. ഹിന്ദി പ്രചാരസഭയില്‍ പഠിക്കാന്‍പോകുന്ന മകള്‍ മെഡിസിന്‍ പഠനസ്വപ്‌നം ഉപേക്ഷിച്ചു.

കരാര്‍ജോലിയില്‍നിന്ന് വിനോദ് ചേവായൂരിലെ റൂബി ഹോട്ടലിന്റെ മുന്നിലേക്ക് ജീവിതം പറിച്ചുനട്ടു. ഹോട്ടലിന്റെ കടത്തിണ്ണയില്‍ ഭാഗ്യക്കുറിവിറ്റ് അയാള്‍ ജീവിതം നേര്‍രേഖയിലാക്കാന്‍ ശ്രമം തുടങ്ങി. കൊടുംപിരികൊള്ളുന്ന വെയിലില്‍ ദിവസം പരമാവധി 700 രൂപയുെട ലോട്ടറി വില്‍ക്കും. ഇതാണ് ഇപ്പോഴത്തെ ജീവിതം.

സാന്പത്തികമാന്ദ്യംമൂലം ജീവിതമാകെ മാറ്റിമറിക്കപ്പെട്ടവര്‍ വിനോദിനെപ്പോലെ ധാരാളം. പതിറ്റാണ്ടുകളായി ചെയ്തിരുന്ന ജോലി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവന്നവര്‍, കുടുംബം പോറ്റാന്‍ ഇനി എന്ത് പയറ്റണമെന്ന് എത്തുംപിടിയും കിട്ടാത്തവര്‍, പുതിയ തൊഴിലില്‍ താളം കണ്ടെത്താനാകാത്തവര്‍... നീളുകയാണ് ആ പട്ടിക.

ഇതിലും വലിയ 'പണി കിട്ടാനില്ല'

കൂത്താളി ടൗണിലെ ബസ്സ്‌റ്റോപ്പിലാണ് ശ്രീധരനെ കാണുന്നത്. പ്രായം അറുപതിനടുത്ത്. പണിക്കൊന്നും പോകുന്നില്ലേയെന്ന ചോദ്യത്തിന് പണി വേണ്ടേയെന്ന് മറുപടി. വര്‍ഷങ്ങളായി ദിവസക്കൂലിക്ക് കെട്ടിടംപണിക്ക് പോയിരുന്ന ശ്രീധരന് ജി.എസ്.ടി. വന്നശേഷം പണി ഇല്ലാതായി.

നിര്‍മാണപ്രവൃത്തികള്‍ നിലച്ചതാണ് ഗ്രാമീണ മേഖലയിലെ തൊഴില്‍നഷ്ടത്തിന്റെ പ്രധാന കാരണം. കരാര്‍ തൊഴിലുകള്‍ക്ക് ജി.എസ്.ടി. ഏര്‍പ്പെടുത്തിയതും മണല്‍, കരിങ്കല്ല് തുടങ്ങിയ നിര്‍മാണസാമഗ്രികളുടെ ക്ഷാമവും കരാറുകാരെ വലച്ചു. ഒരുസമയത്ത് മേപ്പയ്യൂര്‍ പഞ്ചായത്തിലെ മൊത്തം റോഡ്പണിയും കരാറുകാരില്ലാതെ നിലച്ച സാഹചര്യവുമുണ്ടായി.

ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുത്തിരുന്നവരുടെ സ്ഥിതിയും മറ്റൊന്നല്ല. വാടകയ്ക്ക് നിര്‍മാണസാമഗ്രികള്‍ വാങ്ങുന്നവര്‍ ഇപ്പോള്‍ വളരെക്കുറവാണെന്ന് കടയുടമസ്ഥനായ പ്രജിത്ത് പറയുന്നു. കെട്ടിടംപണിക്കുപയോഗിക്കുന്ന മെറ്റല്‍ ഷീറ്റുകള്‍ കടയ്ക്കുപുറത്ത് ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടതുപോലെ ഇരിപ്പുണ്ട്.

നിതാഖാത്ത് തരംഗം

നിര്‍മാണമേഖലയിലെ പ്രതിസന്ധി വസ്തുക്കച്ചവടത്തെയും ബാധിച്ചു. ഗള്‍ഫ് പണമായിരുന്നു ഈ രംഗത്തെ പ്രധാന ഊര്‍ജം. ഗള്‍ഫ് നാടുകളിലെ സ്വദേശിവത്കരണം കേരളത്തിലെ വസ്തുക്കച്ചവടത്തിലാണ് വലിയ തിരിച്ചടിയായത്. ഇതിനിടെയാണ് നോട്ട് അസാധുവാക്കല്‍ ഇടിത്തീയായത്.

പണം ഇറക്കാന്‍ പറ്റുമോ, ഇറക്കിയാല്‍ ആദായനികുതി വകുപ്പിന്റെ പരിശോധന വരുമോ തുടങ്ങിയ ആശങ്കകള്‍ ജനങ്ങളില്‍ വേരുറച്ചു. വസ്തുക്കച്ചവടത്തില്‍ നേട്ടംകൊയ്ത ബ്രോക്കര്‍മാരും അവരുടെ പുത്തന്‍പതിപ്പായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരും പുതുവഴികള്‍ തേടി.

പണിപോയ ഭായിമാര്‍

നിര്‍മാണമേഖലയിലെ മാന്ദ്യം ആയിരങ്ങളെയാണ് തൊഴില്‍രഹിതരാക്കിയത്. പല മറുനാടന്‍ തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. നോട്ടുനിരോധനത്തോടെ യാത്രക്കാരുടെ എണ്ണവും കളക്ഷനും ഇടിഞ്ഞതായി ബസ്സുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. മേഖലയില്‍ ബസില്‍ യാത്രചെയ്തിരുന്ന പകുതിയിലധികം പേരും മറുനാട്ടുകാരാണെന്ന് പന്തീരാങ്കാവിലെ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി റെനില്‍കുമാര്‍ പറയുന്നു. ഇവര്‍ നാടുവിട്ടതോടെ വരുമാനം കുറഞ്ഞു.

സാധാരണ 1750-2000-4000 എന്നീ രീതിയില്‍ കളക്ഷന്‍ കിട്ടിയിരുന്ന സ്ഥാനത്ത് 300 രൂപയാണ് ചില ദിവസങ്ങള്‍ കിട്ടുന്നതെന്ന് ബസ്സുടമകള്‍ പറയുന്നു.

തയ്യാറാക്കിയത്

കൃഷ്ണപ്രിയ ടി. ജോണി, അഷ്മില ബീഗം, നിലീന സി. ബലറാം, കൃപ കെ. ചിദംബരന്‍, ഹരിമോഹന്‍