കല്പറ്റ: കേരള കാളിദാസന്‍ കേരളവര്‍മ വലിയ കോയിത്തമ്പുരാന്റെ മയൂരസന്ദേശമെന്ന സന്ദേശകാവ്യം വിക്കിഗ്രന്ഥശാലയില്‍. കേരളവര്‍മയുടെ 172-ാം ജന്മദിനത്തിന്റെ ഭാഗമായി കബനിഗിരി നിര്‍മല ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് കൃതി സൗജന്യ ഓണ്‍ലൈന്‍ ലൈബ്രറിയായ വിക്കിഗ്രന്ഥശാലയില്‍ ഉള്‍പ്പെടുത്തിയത്.

സാഹിത്യ അക്കാദമി ലൈബ്രറിയിലുള്ള മയൂരസന്ദേശത്തിന്റെ പകര്‍പ്പെടുത്താണ് വിക്കിഗ്രന്ഥാലയത്തിന് സമര്‍പ്പിച്ചത്. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലാണ് കൃതിയുടെ കൈയെ!ഴുത്തുപ്രതിയുള്ളത്. വിക്കി സംരംഭത്തിലെ പ്രവര്‍ത്തകന്‍ മനോജ് വിദ്യാര്‍ഥികള്‍ക്കുവേണ്ട സഹായമൊരുക്കി. വിദ്യാലയത്തിലെ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍ മധു നേതൃത്വം നല്‍കി.

സ്വാതിതിരുനാളിനുശേഷം തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യംതിരുനാള്‍ മഹാരാജാവ് കേരളവര്‍മയെ 1857-ല്‍ നാലുവര്‍ഷം അനന്തപുരം കൊട്ടാരത്തിലെ കുളപ്പുരമാളികയില്‍ ഏകാന്ത തടവിന് ശിക്ഷിച്ചു. തടവിലാണെങ്കിലും ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്ര ദര്‍ശനത്തിന് അനുമതിയുണ്ടായിരുന്നു. ക്ഷേത്രസന്ദര്‍ശന വേളയില്‍ മയിലിനെ കണ്ടപ്പോള്‍ തന്റെ പത്‌നിക്ക് ഒരു സന്ദേശമയക്കണമെന്ന ചിന്തയുണ്ടായി. ആ വിരഹവേദനയാണ് മയൂരസന്ദേശത്തിന്റെ പിറവിക്ക് പിന്നില്‍. മയിലിന്റെ പക്കല്‍ സന്ദേശം കൊടുത്തയക്കുന്ന രൂപത്തിലാണ് സന്ദേശകാവ്യം രചിച്ചത്. കാളിദാസന്റെ മേഘസന്ദേശമായിരുന്നു അദ്ദേഹത്തിന്റെ മാതൃക.

ദ്വിതീയാക്ഷരപ്രാസത്തിലുള്ള 141 ശ്ലോകങ്ങളാണ് മയൂരസന്ദേശത്തിലുള്ളത്. പൂര്‍വഭാഗം ഹരിപ്പാടുനിന്ന് തിരുവനന്തപുരത്തേക്ക് പോകാനുള്ള മാര്‍ഗത്തിന്റെ വിവരണമാണ്. ഉത്തരഭാഗത്ത് തിരുവനന്തപുരം വര്‍ണനയും പ്രിയതമയ്ക്കുള്ള സന്ദേശവും.

മലയാളത്തിലെ ആദ്യ നോവല്‍ അപ്പു നെടുങ്ങാടിയുടെ കുന്ദലത, ആദ്യ ചെറുകഥ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ രചിച്ച വാസനാവികൃതി എന്നിവ വിക്കിഗ്രന്ഥശാലയില്‍ ചേര്‍ത്തതും നിര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. 2008-ല്‍ മികച്ച ഐ.ടി. വിദ്യാലയത്തിനുള്ള പുരസ്‌കാരവും നിര്‍മലസ്‌കൂളിന് ലഭിച്ചിരുന്നു.