ഗൂഡല്ലൂര്‍: ജയലളിതയുടെ തോഴിയായിരുന്ന ശശികലയുടെ വിശ്വസ്തന്റെ വീട്ടില്‍ ആദായ നികുതിവകുപ്പിന്റെ പരിശോധന. 20 വര്‍ഷമായി ഗൂഡല്ലൂരില്‍ സ്ഥിരതാമസക്കാരനായ

തൃശ്ശൂര്‍ സ്വദേശി സജീവന്റെ മരമില്ലിലും ഓഫീസിലും വീട്ടിലും കാപ്പിത്തോട്ടത്തിലുമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വ്യാഴാഴ്ച കാലത്ത് ആറുമണിക്ക് തുടങ്ങിയ പരിശോധന ഒരുമണി വരെ നീണ്ടു.

വര്‍ഷങ്ങള്‍ക്കുമുമ്പ് ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ബംഗ്ലാവില്‍ ചില്ലറ മരപ്പണികള്‍ ചെയ്തതോടെയാണ് ശശികലയുടെ വിശ്വസ്തനായി സജീവന്‍ മാറിയത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നീലഗിരി ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു.

മാസങ്ങള്‍ക്കുമുമ്പ് തൊറപ്പള്ളിക്ക് സമീപം അല്ലൂര്‍വയലില്‍ 20 ഏക്കര്‍ കാപ്പിത്തോട്ടം വാങ്ങിയിരുന്നു. സജീവന്റെ സ്വത്തുവിവരത്തെപ്പറ്റി അന്വേഷിക്കാനാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്.

ഗൂഡല്ലൂരിലെ മില്ലും ഉരുപ്പടികള്‍ സൂക്ഷിച്ച ഗോഡൗണും തൊറപ്പള്ളിക്ക് സമീപത്തെ ചിക്മായാറിലെ കാപ്പിത്തോട്ടവും വീടും ഓഫീസും പരിശോധിച്ച ഉദ്യോഗസ്ഥര്‍

പ്രധാനപ്പെട്ട പല രേഖകളും കണ്ടെടുത്തതായി അറിയുന്നു.