കോഴിക്കോട്: ജില്ലയില്‍ അഞ്ചരമാസംകൊണ്ട് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 2012 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടുമാസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ആയിരത്തിലധികം രോഗികളാണ് കൂടിയത്.

ചൊവ്വാഴ്ച 190 പേരെ കൂടെ ഡെങ്കിപ്പനിലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണകാരണമാവുന്ന ടൈപ് ടു ഡെങ്കിയും ആശയങ്കയുണ്ടാക്കുംവിധത്തില്‍ പടരുന്നുണ്ട്. രക്തസ്രാവമുണ്ടായി രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തില്‍ മാത്രം ഡങ്കിപ്പനി ബാധിച്ച് നാലുപേരാണ് മരിച്ചത്. ഇതില്‍ മൂന്നുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ യു.വി. ജോസ് പറഞ്ഞു. ഒരാളുടെ മരണകാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്. തൊട്ടടുത്ത പഞ്ചായത്തായ കോട്ടൂരിലും കഴിഞ്ഞ ദിവസം ഒരു യുവാവ് ഡെങ്കിപ്പനി മൂലം മരിച്ചിരുന്നു. സര്‍ക്കാര്‍ ആസ്​പത്രികളിലെ ഡോക്ടര്‍മാര്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലും അധികമായിട്ടുണ്ട് രോഗികളുടെ എണ്ണം. അതുകൊണ്ട് ജില്ലയിലെ സ്വകാര്യ ആസ്​പത്രികളുടെ സേവനം കൂടെ ജില്ലാഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്. കൂരാച്ചുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ രാത്രി എട്ടുവരെ ഡോക്ടറെ നിയോഗിച്ചിട്ടും കഴിയുന്നില്ല.

അതുകൊണ്ട് കൂരാച്ചുണ്ട്, പേരാമ്പ്ര സര്‍ക്കാര്‍ ആസ്​പത്രികള്‍ കേന്ദ്രീകരിച്ച് 20 ദിവസം തുടര്‍ച്ചയായി ജില്ലയിലെ സ്വകാര്യആസ്​പത്രികളിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനമുണ്ടാകും. ഇതിനായി സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യമൊരുക്കും. ജില്ലാ കളക്ടര്‍ യു.വി. ജോസ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആസ്​പത്രികള്‍ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും സൗജന്യസേവനം വാഗ്ദാനം ചെയ്തത്. മിംസ്, ബേബി മെമോറിയല്‍, നാഷണല്‍, മലബാര്‍, ഇഖ്‌റ, പി.വി.എസ്, കോ ഓപ്പറേറ്റീവ് ഹോസ്​പിറ്റല്‍, സ്റ്റാര്‍ കെയര്‍ എന്നീ ആസ്​പത്രികളും മലബാര്‍, കെ.എം.സി.ടി. മെഡിക്കല്‍ കോളേജുകളുമാണ് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം വിട്ടുനല്‍കുന്നത്.

കൂരാച്ചുണ്ട്, നന്മണ്ട, കാക്കൂര്‍ പഞ്ചായത്തുകളിലാണ് രോഗം കൂടുതലായി പടരുന്നത്. കൂരാച്ചുണ്ടില്‍ മാത്രം 122 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടരമാസത്തിനുള്ളില്‍ പേരാമ്പ്ര താലൂക്ക് ആസ്​പത്രിയില്‍ മാത്രം 173 പേര്‍ ചികിത്സ തേടി. മീഞ്ചന്ത, ചെങ്ങോട്ടുകാവ്, ഒളവണ്ണ, ഇരിങ്ങല്‍, അരിക്കുളം, ചാലിയം, ബേപ്പൂര്‍, ചെറുവണ്ണൂര്‍, കക്കോടി, താമരശ്ശേരി, കാക്കൂര്‍, ബാലുശ്ശേരി ,രാമനാട്ടുകര എന്നിവിടങ്ങളില്‍ നിന്നാണ് ചൊവ്വാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ടുപേര്‍ക്ക് എലിപ്പനിയും കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം 1438 പേര്‍ പകര്‍ച്ചപ്പനി ബാധിച്ചും ചൊവ്വാഴ്ച ചികിത്സതേടി.

ഡെങ്കി മേഖലകളില്‍ കൊതുകുനശീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ഇതിനായി പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ വിപുലമായ യോഗം വിളിച്ച് ചേര്‍ക്കാനും കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി, ആസ്​പത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കാത്തുനിന്ന് തളര്‍ന്ന് രോഗികള്‍...

ഡോക്ടറെ കാണിക്കാന്‍ മണിക്കൂറുകള്‍ വരിനില്‍ക്കുന്ന രോഗികള്‍ ആസ്​പത്രി ലാബുകളില്‍ പരിശോധനാഫലത്തിനു വേണ്ടിയും ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ടിവരുന്നു. ലാബുകളില്‍ ആവശ്യത്തിന് ജീവനക്കാരും സംവിധാനങ്ങളുമില്ലാത്തതാണ് പ്രശ്‌നം.

ബാലുശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ രാവിലെ ഏഴുമണിക്ക് എത്തുന്നവര്‍പോലും ഡോക്ടറെ കാണിച്ച് പരിശോധനാഫലവുമായി മടങ്ങുന്നത് വൈകീട്ട് മൂന്നുമണിയോടെയാണ്. ഇത് വലിയ ദുരിതമാണ് രോഗികള്‍ക്കുണ്ടാക്കുന്നത്. ബാലുശ്ശേരിയില്‍ ദിവസം ആയിരത്തോളം പേര്‍ പനിബാധിച്ച് ചികിത്സ തേടിയെത്തുന്നുണ്ട്. ഇതില്‍ 800 പേര്‍ക്കും രക്തം പരിശോധിക്കേണ്ടിവരുന്നുണ്ട്. പുറത്തുള്ള ലാബുകളുടെ പകുതി നിരക്ക് കൊടുത്താല്‍ മതി എന്നതിനാല്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് ആസ്​പത്രി ലാബിനെയാണ്. ഇവിടെ രക്തസാമ്പിളുകള്‍ ശേഖരിക്കാനെങ്കിലും കൂടുതല്‍ പേരെ നിയോഗിക്കണമെന്നാണാവശ്യം.