സമയം സന്ധ്യയോടടുക്കുന്നു. കുതിരവട്ടം ദേശപോഷിണി വായനശാലയുടെ അടുത്തടുത്തായുള്ള രണ്ടു ബഹുനില കെട്ടിടങ്ങളിലും ആള്‍ത്തിരക്ക്. ആദ്യ കെട്ടിടത്തിന്റെ ഒന്നാംനിലയിലെ വായനശാലയിലിരുന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ കണ്ണോടിക്കുകയാണ് ചിലര്‍. ഇതിനോടു ചേര്‍ന്ന് സജ്ജീകരിച്ച റഫറന്‍സ് വിഭാഗത്തില്‍ പുസ്തകങ്ങള്‍ വായിച്ചു കുറിപ്പ് തയ്യാറാക്കുന്ന വിദ്യാര്‍ഥികള്‍. തൊട്ടടുത്ത ബാലകലാ മന്ദിരത്തില്‍ കുട്ടികള്‍ക്കുള്ള നൃത്തപരിശീലനം ജോറാകുന്നുണ്ട്. പുസ്തകമെടുക്കാനും കുട്ടികളുടെ ഫീസടയ്ക്കാനും മറ്റുമെത്തിയ സ്ത്രീകളുമുണ്ടിവിടെ.

രാവിലെ മുതല്‍ രാത്രിവരെ 'ദേശപോഷിണി'യിലേക്ക് ആളുകള്‍ വന്നും പോയും കൊണ്ടിരിക്കുന്നു. ദൂരെ ദിക്കുകളില്‍ നിന്നുപോലും അധ്യാപകരും ഗവേഷകരും അപൂര്‍വ ഗ്രന്ഥങ്ങള്‍ തേടി ഇവിടെയെത്തുന്നു. നേരംകൊല്ലാന്‍ ഫെയ്‌സ്ബുക്കും വാട്‌സാപ്പും മറ്റുസകല മാധ്യമങ്ങളുമുള്ള ഇക്കാലത്തും ദേശപോഷിണിയില്‍ വായനയുടെ ലഹരിതേടിയെത്തുന്നവരുടെ എണ്ണം ഒട്ടും കുറഞ്ഞിട്ടില്ല. കോഴിക്കോടിന്റെ കലാ സാംസ്‌കാരിക മുന്നേറ്റത്തിലും ഈ സ്ഥാപനത്തിന്റെ പങ്ക് ചെറുതല്ല.

ചരിത്രം

കുതിരവട്ടമെന്ന സ്ഥലനാമം കേട്ടാല്‍ ആദ്യം മനസ്സിലെത്തുന്നത് ഒരു ചികിത്സാകേന്ദ്രമാണ്. 1872-ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കുതിരവട്ടം മാനസികരോഗാശുപത്രിയുടെ പേരിലാണ് കുറേക്കാലം ഈ പ്രദേശവും അറിയപ്പെട്ടിരുന്നത്. ഇന്നിപ്പോള്‍ 'കുതിരവട്ട'ത്തിനൊപ്പം എഴുതിച്ചേര്‍ത്തതാണ് ദേശപോഷിണിയുടെ പേര്.

എസ്.കെ. പെറ്റെക്കാട്ട്, എം.ടി. വാസുദേവന്‍ നായര്‍, തിക്കോടിയന്‍, എന്‍.വി. കൃഷ്ണവാരിയര്‍, ഡോ. എം.ആര്‍. രാഘവവാരിയര്‍, വി.എം. നായര്‍, ടി. ദാമോദരന്‍, ഡോ. എം.എം. ബഷീര്‍, എം.എന്‍. കാരശ്ശേരി, ബാലന്‍ കെ. നായര്‍, പുരുഷന്‍ കടലുണ്ടി എം.എല്‍.എ., പൂനൂര്‍ കെ. കരുണാകരന്‍ തുടങ്ങിയ പ്രമുഖര്‍ ദേശപോഷിണിയുടെ വളര്‍ച്ചയ്ക്കുവേണ്ടി അവരുടെ സമയം ചെലവഴിച്ചവരാണ്.

1930-കളില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് കരുത്തുപകരുന്ന അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ദേശപോഷിണിയുടെ പിറവി. 1920-കളില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണിരുന്ന പ്രദേശത്ത് വിദ്യാസമ്പന്നരായ ഏതാനും ചെറുപ്പക്കാര്‍ നാട്ടുകാരെ ഉദ്ബുദ്ധരാക്കാന്‍വേണ്ടി ഇറങ്ങിത്തിരിച്ചു. 1928-ല്‍ മൈലാമ്പാടിയില്‍ നാട്ടുകാര്‍ക്കായി നിശാപാഠശാല പ്രവര്‍ത്തിച്ചിരുന്നു. എഴുത്തും വായനയും പഠിപ്പിച്ച് ജനങ്ങളെ ദേശീയ പ്രസ്ഥാനത്തെക്കുറിച്ചും സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ചും ബോധവാന്മാരാക്കുക എന്നതായിരുന്നു ഈ പാഠശാലയുടെ ലക്ഷ്യം. മൈലാമ്പാടിയില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന 'ദേശീയ പോഷിണി' വായനശാലയില്‍ ആളുകള്‍ക്ക് വായിക്കാന്‍ ദിനപത്രങ്ങളും എത്തിച്ചിരുന്നു. ദേശീയ പോഷിണി വായനശാലയുടെ കീഴില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന ഒ. ചോയിക്കുട്ടി ദേശപോഷിണി സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. 1934-ല്‍ ദേശീയ പോഷിണിയുടെ പ്രവര്‍ത്തനം നിലച്ചു. ഇവിടെനിന്നാണ് 'ദേശപോഷിണി'ക്കായുള്ള ആലോചനകളുടെ തുടക്കം.

30-കളില്‍ തന്നെ കുതിരവട്ടത്ത് രൂപംകൊണ്ട യങ്‌മെന്‍സ് അസോസിയേഷനും ആളുകള്‍ക്ക് ഇംഗ്ലീഷ്, മലയാളം ക്‌ളാസുകള്‍ നല്‍കിയിരുന്നു. ഒ. ചോയിക്കുട്ടി, എം. പാച്ചന്‍ എന്നിവരായിരുന്നു അധ്യാപകര്‍. ഇതിനെല്ലാം നേതൃത്വം നല്‍കിയ യുവാക്കളുടെ കൂട്ടായ്മയാണ് കുതിരവട്ടത്ത് പുതിയൊരു വായനശാലയും ഗ്രന്ഥാലയവും സ്ഥാപിക്കണമെന്ന തീരുമാനത്തിലെത്തിയത്. 1936 ഡിസംബര്‍ 13-ന് ചേര്‍ന്ന യോഗത്തില്‍ വായനശാല സ്ഥാപിക്കാനായി കമ്മിറ്റിയുണ്ടാക്കി. കാര്യാല്‍ വീട്ടുകാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുത്ത 479 രൂപ 10 അണ ചെലവിട്ട് കെട്ടിടം പണിതു. 1937 നവംബര്‍ 28-ന് ദേശപോഷിണി വായനശാല ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടകനായ സേഠ് നാഗ്ജി പുരുഷോത്തം കമ്പനി ഉടമ സേഠ് നാഗ്ജി അമര്‍സി പ്രതിവര്‍ഷം 25 രൂപ ഗ്രാന്റും പ്രഖ്യാപിച്ചു. കമ്പനിയുടെ സഹായം ഇപ്പോഴും വായനശാലയ്ക്ക് ലഭിക്കുന്നു.

വര്‍ത്തമാനം

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 517 ഗ്രന്ഥശാലകളാണ് ജില്ലയിലുള്ളത്. ഇതില്‍ എ പ്ലസ് ഗ്രേഡുള്ളത് രണ്ടെണ്ണത്തിനുമാത്രം-ദേശപോഷിണിക്കും ഫറോക്ക് യങ് മെന്‍സ് ലൈബ്രറിക്കും. എ ഗ്രേഡുള്ള 23 ലൈബ്രറികളുമുണ്ട്.

രണ്ടായിരത്തിലേറെ അംഗങ്ങളുള്ള ദേശപോഷിണിയില്‍ എണ്ണൂറോളം പേര്‍ ആജീവനാന്ത അംഗത്വമുള്ളവരാണ്. റഫറന്‍സ് വിഭാഗം ഉള്‍പ്പെടെ 48,000 പുസ്തകങ്ങളുണ്ട്. 20 ദിനപത്രങ്ങള്‍, 40 ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയും ലഭ്യം.

എ.പി. കൃഷ്ണകുമാര്‍ പ്രസിഡന്റും പി.കെ. പ്രകാശന്‍ സെക്രട്ടറിയുമായ സമിതിയാണ് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാവിലെ 9 മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തന സമയം, മൂന്നു ലൈബ്രേറിയന്‍മാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു.

ഭൗതിക സൗകര്യങ്ങള്‍ ഒന്നൊന്നായി

ആദ്യ പ്രസിഡന്റായിരുന്ന പി.കെ. കുഞ്ഞിരാമന്റെ ഓര്‍മയ്ക്കായി ഹാള്‍ നിര്‍മിച്ചത് പ്രധാന കാല്‍വെപ്പായിരുന്നു. 1950-ല്‍ കുഞ്ഞിരാമന്‍ സ്മാരക ഹാള്‍ യാഥാര്‍ഥ്യമായി. തുടക്കത്തില്‍ ലൈബ്രറിക്ക് ഒരു ഹാളും വരാന്തയുമാണ് ഉണ്ടായിരുന്നത്. 1956-ല്‍ പഴയ ഹാളിനോട് ചേര്‍ന്ന് ഓഫീസ്മുറി നിര്‍മിച്ചു. രണ്ട് ഹാളുകളും ഒന്നാക്കുകയും ചെയ്തു. 1962-ല്‍ മൈലാമ്പാടി വയലില്‍ കമ്യൂണിറ്റി ഹാളിനായി 60 സെന്റ് സ്ഥലം വാങ്ങി. എന്നാല്‍, കെട്ടിടനിര്‍മാണത്തിന് ഒട്ടേറെ പ്രതിബന്ധങ്ങളുണ്ടായി.
 
ലൈബ്രറിക്കു കീഴിലുള്ള സമിതികളുടെ പ്രവര്‍ത്തനത്തിന് സ്ഥലപരിമിതി പ്രശ്‌നമായപ്പോള്‍ പുതിയൊരു കെട്ടിടം നിര്‍മിക്കുന്നതിനുള്ള ആലോചനയും മുറുകി. 1965-ല്‍ ലൈബ്രറിയുടെ തൊട്ടുപടിഞ്ഞാറുവശത്ത് 3.5 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി. അന്നത്തെ പ്രസിഡന്റ് എ.പി. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ അവിടെ മൂന്നുനില കെട്ടിടം നിര്‍മിക്കാന്‍ ശ്രമമാരംഭിച്ചു. 1972-ല്‍ ശിലാസ്ഥാപനം നടത്തി. 1975-ല്‍ ഇവിടെ ബാലകലാമന്ദിരം ഉദ്ഘാടനം ചെയ്തു. 1983- കമ്യൂണിറ്റിഹാളിനുള്ള കെട്ടിടംപണി തുടങ്ങി. പൊതുജനങ്ങളുടെ സംഭാവനകൊണ്ടു മാത്രം കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ ധനകാര്യ സ്ഥാപനങ്ങളുടെ സഹായം കൂടി പ്രതീക്ഷിച്ച് ട്രസ്റ്റ് രൂപവത്കരിച്ചു. 1985-ല്‍ ദേശപോഷിണി കമ്യൂണിറ്റി ഹാള്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നിലവില്‍വന്നു. 1987 ജനുവരിയില്‍ ഹാള്‍ യാഥാര്‍ഥ്യമായി. കമ്യൂണിറ്റി ഹാളില്‍ ഡൈനിങ് ഹാള്‍ നിര്‍മിച്ചത് പിന്നീടാണ്. ഇതിനായി നാല് സെന്റ് സ്ഥലം കൂടി വാങ്ങി. 2000 ജനുവരിയില്‍ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ദേശപോഷിണിക്ക് എഴുപത് തികഞ്ഞപ്പോള്‍ അതിന്റെ സ്മരണയ്ക്കായി മന്ദിരം നിര്‍മിക്കാന്‍ തീരുമാനിച്ചു. ആദ്യ കെട്ടിടത്തിന്റെ സ്ഥാനത്ത് ഇരുനിലക്കെട്ടിടം നിര്‍മിക്കാനായിരുന്നു പദ്ധതി.

എം.പി. വീരേന്ദ്രകുമാര്‍ എം.പി.യുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് ആറുലക്ഷം രൂപ ഇതിനായി അനുവദിച്ചു. ഒന്നരവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി.

നാടക സമിതി: ഫ്‌ലാഷ്ബാക്ക്

ദേശപോഷിണിയുടെ വാര്‍ഷികാഘോഷം കോഴിക്കോടിന്റെ ഉത്സവമായിരുന്നു. ആഘോഷത്തിനെത്തുന്നവരെ രസിപ്പിക്കാന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ പ്രധാനമായും നാടകങ്ങളാണൊരുക്കിയത്. രണ്ടാം വാര്‍ഷികത്തിനായിരുന്നു ആദ്യനാടകം അരങ്ങിലെത്തിച്ചത്. ഇ.വി. കൃഷ്ണപ്പിള്ളയുടെ 'ബി.എ. മായാവി' കണ്ടക്കം വീട്ടില്‍ കരുണാകരന്‍ നായരാണ് സംവിധാനം ചെയ്തത്. 1952-ല്‍ തിക്കോടിയന്റെ നേതൃത്വത്തില്‍ ഗ്രന്ഥാലയത്തിന്റെ കലാസമിതി രൂപംകൊണ്ടു. ആകാശവാണിക്കുവേണ്ടി എഴുതിയ നിധി എന്ന നാടകം തിക്കോടിയന്‍ ദേശപോഷിണി പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്റ്റേജ് നാടക രൂപത്തിലാക്കിയത്. 'പഴയ ബന്ധ'മെന്ന പേരില്‍ അത് അരങ്ങിലെത്തിയപ്പോള്‍ വന്‍വിജയമായി. തിക്കോടിയന്റെ ആദ്യ സ്റ്റേജ് നാടകമായിരുന്നു അത്. തുടര്‍ന്ന് എത്രയോ നാടകങ്ങള്‍ അദ്ദേഹം ദേശപോഷിണിക്കുവേണ്ടി എഴുതി. മറ്റൊരു ചരിത്രം കൂടി 'പഴയബന്ധം' എന്ന നാടകത്തിനുണ്ട്. സ്ത്രീവേഷം സ്ത്രീതന്നെ അവതരിപ്പിച്ചുവെന്നതാണത്. നെല്ലിക്കോട് കോമളമായിരുന്നു നടി.

സോഫോക്ലീസിന്റെ ഗ്രീക്കുനാടകം-ഈഡിപ്പസ് ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചത് ദേശപോഷിണിയാണ്. ഈഡിപ്പസായി അരങ്ങിലെത്തിയ എം. കുഞ്ഞാണ്ടി ഏറെ ശ്രദ്ധ നേടി. ബാലന്‍ കെ. നായര്‍, വാസു പ്രദീപ്, മച്ചാട്ട് വാസന്തി, കുട്ട്യേടത്തി വിലാസിനി, കൃഷ്ണവേണി, ശാന്താദേവി, നെല്ലിക്കോട് ഭാസ്‌കരന്‍, നെല്ലിക്കോട് കോമളം, കുതിരവട്ടം പപ്പു എന്നിവരെല്ലാം ദേശപോഷിണി നാടക സമിതിയുടെ ഭാഗമായിരുന്നു. പപ്പുവിനെപ്പോലെ മികച്ച രീതിയില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരനായിരുന്നു കുണ്ടനാരി അപ്പു നായര്‍.