എം.മുകുന്ദനൊപ്പം അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കും ദൃശ്യാവിഷ്‌കാരമാകുന്ന 'ബോംഴൂര്‍ മയ്യഴി' എന്ന ഹ്രസ്വസിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മയ്യഴിയിലെ ദാസനും ചന്ദ്രികയും സായ്വുമെല്ലാം ഇനി അഭ്രപാളിയില്‍ കാഴ്ചകളാവും.
ഫിക്ഷന്റെ ഫിക്ഷന്‍ എന്നെല്ലാം സാഹിത്യാസ്വാദകര്‍ സ്‌നേഹത്തോടെ വിളിച്ച വെള്ളിയാങ്കല്ലും ഹ്രസ്വസിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. മുകുന്ദന്റെ പല നോവലുകളിലെയും കഥാപാത്രങ്ങള്‍ നോവലിസ്റ്റിനോട് നേരിട്ട് സംവദിക്കുകയാണ് ബോംഴൂര്‍ മയ്യഴിയില്‍.
ബോംഴൂര്‍ എന്ന ഫ്രഞ്ച് വാക്കിന്റെ മലയാള അര്‍ഥം വന്ദനം എന്നാണ്. ആള്‍ക്കൂട്ടങ്ങളില്‍നിന്ന് പലപ്പോഴും അകന്നുനില്‍ക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ജനക്കൂട്ടത്തെ ഒഴിവാക്കാന്‍ കഴിയാത്ത പുതിയ കാലത്തെ അംഗീകരിക്കാതെ കടന്നുപോകാനാകില്ലെന്ന തിരിച്ചറിവാണ് ഹ്രസ്വസിനിമയിലേക്കെത്തിച്ചതെന്ന് എം. മുകുന്ദന്‍ പറഞ്ഞു. പഴംപുരാണങ്ങളും മിത്തുകളും ഇഴചേര്‍ന്നുകിടക്കുന്ന മയ്യഴിയുടെ ചരിത്രാംശങ്ങളിലേക്കുകൂടി മാധ്യമപ്രവര്‍ത്തകനായ ഇ.എം. അഷറഫ് സംവിധാനംചെയ്യുന്ന സിനിമ കടന്നുപോകുന്നുണ്ട്.
അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ഫിബ്രവരിയില്‍ പ്രദര്‍ശിപ്പിക്കും. എം. മുകുന്ദനൊപ്പം അല്‍ഫോണ്‍സച്ചനായി കെ. നൗഷാദും ഗസ്‌തോന്‍ സായ്വായി സുര്‍ജിത്തും ചന്ദ്രികയായി ജിന്‍സിയും ചോയിയായി അജയ് കല്ലായിയും വേഷമിടുന്നു. ഇ.എം. ഹാഷിം നിര്‍മിച്ച സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത് ശ്രീകുമാര്‍ പെരുമ്പടവമാണ്.