കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണനയ്‌ക്കെതിരെ നടന്നുവരുന്ന സമരം ന്യായമായതാണെന്ന് ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സും മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറവും ചേര്‍ന്ന് നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹം അഞ്ചാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാറിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിന്റെ വികസനത്തിന് തടയിടാന്‍ പ്രവര്‍ത്തിക്കുന്ന ലോബികള്‍ക്കെതിരെ എല്ലാവരും ശബ്ദമുയര്‍ത്തണമെന്നും സമരത്തെ ജനകീയമാക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് എസ്. സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ. അഹമ്മദ്, കെ.എന്‍.എ. ഖാദര്‍, കെ.ഇ. ഇസ്മായില്‍, എ.പി. അബ്ദുള്‍ വഹാബ്, ഡോ. ഹുസൈന്‍ മടവൂര്‍, പി. ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നിവേദനം നല്‍കും

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ പരിതാപകര അവസ്ഥ ചൂണ്ടിക്കാട്ടിയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചും കേന്ദ്ര ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കാന്‍ ബഹ്‌റൈന്‍ മലയാളി കള്‍ച്ചര്‍ സെന്റര്‍ പ്രവാസി സംഗമം തീരുമാനിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. പി. മുഹമദ് ഇഖ്ബാല്‍ അധ്യക്ഷനായി. പി. മൂസ്സ ഹാജി, മുണ്ടാടത്ത് മൊയ്തുഹാജി. റഹീം കടിയങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.