:അലക്ഷ്യമായി വലിച്ചെറയുന്ന കുപ്പികളും മറ്റ് മാലിന്യങ്ങളും ലോകമെങ്ങും ജലജീവികള്‍ക്ക് ഭീഷണിയാണ്. എന്നാല്‍, ഓസ്‌ട്രേലിയയില്‍നിന്ന് വ്യത്യസ്തമായൊരു വാര്‍ത്ത. ടാസ്മാനിയയിലെ ഡെര്‍വെന്റ് നദിയില്‍ കടുത്ത വംശനാശഭീഷണി നേരിടുന്ന 'സ്‌പോട്ടട് ഹാന്‍ഡ്ഫിഷ് 'എന്ന അപൂര്‍വയിനം മത്സ്യത്തിന്റെ അതിജീവനത്തിന് തുണയാവുന്നത് ബിയര്‍ കുപ്പികളാണെന്ന് ഗവേഷകര്‍ പറയുന്നു.

പുഴയുടെ അടിത്തട്ടില്‍ ഹസ്തമത്സ്യം മുട്ടയിട്ട് പ്രജനനം നടത്തുന്നത് മദ്യപര്‍ വലിച്ചറിയുന്ന കുപ്പികളിലാണ്. പഠനം നടത്തിയ കോമണ്‍വെല്‍ത്ത് സയിന്റിഫിക് ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(സിസിറൊ) ഗവേഷകന്‍ ടിം ലിഞ്ച് പറഞ്ഞു. മത്സ്യത്തിന്റെ പരമ്പരാഗത പ്രജനനകേന്ദ്രങ്ങള്‍ ബോട്ടുകളുടെ നങ്കൂരമിടല്‍കാരണം നശിച്ചിരുന്നു. കൂടാതെ മറ്റുപ്രദേശങ്ങളില്‍നിന്ന് കുടിയേറിയ അന്യജീവികളും ഈ മത്സ്യങ്ങളെ ഇരയാക്കി. ഇതോടെ വംശനാശ ഭീഷണിയിലായ ഹസ്തമത്സ്യങ്ങള്‍ക്ക് മദ്യക്കുപ്പികള്‍ അതിജീവനത്തിന് തുണയായത്.

സുന്ദരന്‍ പുള്ളികളും കൈകള്‍പോലുള്ള മുന്‍ചിറകുകളുമുള്ളതിനാലാണ് ഇവയ്ക്ക് 'സ്‌പോട്ടഡ് ഹാന്‍ഡ്ഫിഷ്' എന്ന പേര് ലഭിച്ചത്. ഐ.യു.സി.എന്‍. 2002-ല്‍ ഇവയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ചുവന്നപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.