പയ്യോളി: ആധാരം രജിസ്റ്റര്‍ചെയ്യാന്‍ ഇനിമുതല്‍ നിലവിലുള്ള രേഖകള്‍ക്കൊപ്പം പുതിയൊരു രേഖകൂടി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഹാജരാക്കണം. ഭൂമിയുടെ തണ്ടപ്പേര്‍ അക്കൗണ്ട് നമ്പറാണിത്. ജനുവരി ഒന്നുമുതല്‍ അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റവന്യൂ വകുപ്പിന്റെ തീരുമാനത്തെത്തുടര്‍ന്നാണിത്.

നോട്ടുപിന്‍വലിക്കലിനെത്തുടര്‍ന്ന് ഭൂമിവില്‍പ്പനയില്‍ നിലനില്‍ക്കുന്ന മാന്ദ്യം ഇതോടെ കൂടുതലായിരിക്കയാണ്. നേരത്തേ, ബുക്കുചെയ്ത ആധാരങ്ങളുടെ രജിസ്റ്റര്‍ മുടങ്ങിയിരിക്കുന്നു. തണ്ടപ്പേര്‍ അക്കൗണ്ട് നമ്പര്‍ ഇല്ലാത്തതിനാല്‍ ഒരാഴ്ചയായി ജില്ലയിലെ പല രജിസ്ട്രാര്‍ ഓഫീസുകളിലും കുടുംബസ്വത്ത് കൈമാറ്റംപോലും നടക്കുന്നില്ല.

റീസര്‍വേയുടെ ഭാഗമായി ഓരോരുത്തരുടെയും സ്ഥലത്തിന് നമ്പര്‍ നല്‍കിവരുന്നുണ്ട്. ആ നമ്പര്‍ ഭൂമിരജിസ്റ്ററിനും ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കയാണ്. റീസര്‍വേ കഴിഞ്ഞ പ്രദേശത്തുള്ളവര്‍ക്ക് തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റിന് വില്ലേജില്‍ അപേക്ഷിച്ചാല്‍ മതിയാകും. അധികംവൈകാതെ ലഭിക്കും.
 
റീസര്‍വേ നടപടി പലഭാഗങ്ങളിലും നടക്കാത്തതിനാല്‍ അവിടെയുള്ളവര്‍ തണ്ടപ്പേര്‍ അക്കൗണ്ട് നമ്പര്‍ കിട്ടാന്‍ ഒരാഴ്ചയെങ്കിലും കാത്തിരിക്കേണ്ടിവരും. മറ്റുപല ജില്ലകളിലും നേരത്തേതന്നെ ആധാരം രജിസ്റ്ററിന് ഈ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നു.

വില്ലേജ് ഓഫീസില്‍നിന്നാണ് ഈ രേഖ ലഭിക്കേണ്ടത്. അക്കൗണ്ട് നമ്പറിന് അപേക്ഷിച്ചാല്‍ വില്ലേജ് ഓഫീസില്‍നിന്ന് സ്ഥലം വന്ന് പരിശോധിക്കണം. സ്ഥലത്തിന്റെ അളവും മറ്റും ബോധ്യപ്പെട്ടതിനുശേഷം വില്ലേജ് ഓഫീസര്‍ വ്യക്തിഗതനമ്പറടങ്ങിയ സര്‍ട്ടിഫിക്കറ്റ് തരും. ഈ നമ്പറിലാണ് ഓണ്‍ലൈന്‍ പോക്കുവരവ് നടത്തുക. നികുതി അടയ്ക്കുമ്പോള്‍ രസീതിയിലും ഈ നമ്പര്‍ രേഖപ്പെടുത്തും. പിന്നീട് ഓണ്‍ലൈനായി നികുതിയടയ്ക്കുന്നതിനുകൂടിയാണിത്.

വില്ലേജില്‍നിന്ന് ലഭിക്കുന്ന തണ്ടപ്പേര്‍ അക്കൗണ്ട് നമ്പറാണ് ഒരാള്‍ക്ക് ആ വില്ലേജിലുള്ള എല്ലാസ്ഥലത്തിനും നല്‍കുക. ഈ നമ്പര്‍ അടിച്ചാല്‍ അയാള്‍ക്ക് ആ വില്ലേജിലുള്ള എല്ലാസ്ഥലവും അറിയാന്‍കഴിയും. മറ്റുവില്ലേജിലുള്ള സ്ഥലങ്ങളും അറിയാന്‍ കഴിയുന്നവിധത്തിലാണ് പദ്ധതി പൂര്‍ണമാകുകയെന്ന് പറയുന്നു.
 
ഇതിനിടെ റീസര്‍വേ പൂര്‍ത്തിയാകാത്ത സ്ഥലങ്ങളിലെ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ തണ്ടപ്പേര്‍ അക്കൗണ്ട് നമ്പര്‍ തത്കാലം ഒഴിവാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. റീസര്‍വേ പൂര്‍ത്തിയാകാത്ത 28 വില്ലേജുകള്‍ ജില്ലയിലുണ്ട്.