വടകര: വടകരമേഖലയിൽ ഭീതിവിതച്ച തെരുവുനായ നാല്പതോളം പേരെ കടിച്ചു. 
ഇവരിൽ സാരമായി പരിക്കേറ്റ 32 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സതേടി. 
മയ്യന്നൂരിലാണ് ആദ്യസംഭവം. പിന്നീട്‌ വടകര വഴി താഴെ അങ്ങാടി ഭാഗത്തേക്കും കുരിയാടിയിലൂടെ ദേശീയപാതയിൽകയറി മടപ്പള്ളിവരെയും ഓടി നാട്ടുകാരെ കടിച്ചു. പേബാധിച്ച പട്ടിയാണെന്ന് സംശയമുണ്ട്. നായയെ നാട്ടുകാർ പിന്തുടർന്നെങ്കിലും വൈകിട്ടുവരെ ഇതിനെ കണ്ടെത്താനായിട്ടില്ല.  
കടിയേറ്റവർക്കെല്ലാം നല്ല പരിക്കുണ്ട്. ആഴത്തിൽ മുറിവേറ്റവരെ വടകര ഗവ. ജില്ലാ ആസ്പത്രിയിലെത്തിച്ച്‌ ഐ.ഡി.ആർ.വി. (റാബീസ് വാക്സിൻ) നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. സാരമായ മുറിവുണ്ടെങ്കിൽ മുറിവിന്റെ ഭാഗത്തും കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്. ഈ വാക്സിൻ വടകരയിൽ ലഭ്യമല്ല.  
കടിയേറ്റവരിൽ അഞ്ചുപേർ കുട്ടികളാണ്. നായയുടെ കടിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രയരങ്ങോത്തെ കുന്നുമ്മൽ ലീലയ്ക്ക് തലയ്ക്ക് പരിക്കേറ്റു.
മയ്യന്നൂർ, പുത്തൂർ, അടക്കാത്തെരു, നാരായണനഗരം, വടകര റെയിൽവേസ്റ്റേഷൻ പരിസരം, ആവിക്കൽ, കുരിയാടി, മുട്ടുങ്ങൽ, ചോറോട്, നാദാപുരം റോഡ്, മടപ്പള്ളി കോളേജ് എന്നിവിടങ്ങളിലെല്ലാം നായ ഭീതിവിതച്ചു. ഭീതിയകറ്റാൻ പോലീസ് ഈ മേഖലയിലെല്ലാം പട്രോളിങ് നടത്തി. സ്കൂളുകളിൽ ജാഗ്രതാനിർദേശം നൽകി. മടപ്പള്ളി ഗവ. കോളേജ് പരിസരത്തുവെച്ച് വിദ്യാർഥി അവിഷ്ണയ്ക്കും നായയുടെ കടിയേറ്റു.