കോഴിക്കോട്: ഇന്ത്യയെ 2020-ഓടെ ലോകത്തെ മികച്ച സാമ്പത്തികശക്തിയായി വളർത്തിയെടുക്കുന്നതിന് സഹകരിക്കണമെന്ന് ഐ.എസ്.ആർ.ഒ. മുൻചെയർമാൻ ഡോ.കെ. രാധാകൃഷ്ണൻ. കുന്ദമംഗലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ 19-ാം ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 നിലവിൽ ഏഴ് ശതമാനമാണ് നമ്മുടെ സാമ്പത്തികവളർച്ച. ഒമ്പത് ശതമാനത്തിലെത്തിക്കാൻ സാധിച്ചാൽ അമേരിക്ക മാത്രമേ മുന്നിലുണ്ടാകൂ. നിങ്ങളുടെ കരിയറിലെ ഏറ്റവും അനുയോജ്യമായ കാലത്ത് രാജ്യത്തിന്റെ പുരോഗതിക്കായി പരിശ്രമിക്കണമെന്നും അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെട്ടു. 

സാങ്കേതികമേഖലയിൽ ഇപ്പോഴും ഇറക്കുമതി രാജ്യമായി തുടരുന്നതാണ് ഇന്ത്യയുടെ പോരായ്മകളിലൊന്ന്. ബയോമെഡിസിൻ, എയർക്രാഫ്റ്റ് തുടങ്ങി സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട പ്രധാനകാര്യങ്ങളെല്ലാം നമ്മളിപ്പോഴും ഇറക്കുമതി ചെയ്യുകയാണ്. ആശാവഹമായ രീതിയിൽ പുതിയ കണ്ടുപിടുത്തങ്ങളും രാജ്യത്ത് നടക്കുന്നില്ല. നവീനമായ കാര്യങ്ങൾ ആവിഷ്കരിക്കുന്ന രാജ്യങ്ങളെ സംബന്ധിച്ച പഠനത്തിൽ നമുക്ക് 66-ാം സ്ഥാനമേയുള്ളൂ. ഇതിന് മാറ്റംവരണമെന്നും അദ്ദേഹം പറഞ്ഞു.

ബിരുദദാന ചടങ്ങിൽ 524 വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു. ഐ.ഐ.എം.കെ. ബോർഡ് ചെയർമാൻ ഡോ.എ.സി. മുത്തയ്യ, ഡയറക്ടർ ഇൻചാർജ് പ്രൊഫ. കുൽഭൂഷൺ ബലൂണി എന്നിവരും സംസാരിച്ചു.