കോഴിക്കോട്: സുഹൃത്തും ഉപദേശകനും സഹപ്രവര്‍ത്തകനുമായിരുന്നു ജവാഹര്‍ലാല്‍ നെഹ്രുവിന് വി.കെ. കൃഷ്ണമേനോന്‍. കോഴിക്കോട് പന്നിയങ്കരയിലെ വെങ്ങാലില്‍ വീട്ടില്‍ ജനിച്ച് വിശ്വപൗരനായി വളര്‍ന്ന കൃഷ്ണമേനോനും നെഹ്രുവും തമ്മിലുള്ള സൗഹൃദം ലണ്ടനില്‍ തുടക്കമിട്ടതു മുതല്‍ പ്രസിദ്ധമാണ്.

1955 ഡിസംബര്‍ 24-ന് നെഹ്രു കോഴിക്കോട്ടെത്തിയപ്പോള്‍ കൃഷ്ണമേനോന്‍ നാട്ടിലില്ലാതിരുന്നിട്ടും പണ്ഡിറ്റ്ജി സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ മറന്നില്ല. മാംസാഹാരം കഴിക്കാത്ത കൃഷ്ണമേനോന്റെ സഹോദരി ജാനകിയമ്മയോട് നെഹ്രുവിന് കോഴിയിറച്ചി ഒരുക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചതും ഇതില്‍ അവര്‍ക്കുള്ള പ്രയാസം മനസ്സിലാക്കി നെഹ്രുതന്നെ അത് വിലക്കിയതും അധികമാര്‍ക്കുമറിയില്ല.

കോഴിക്കോട്ടെത്തുമ്പോള്‍ നെഹ്രു കൃഷ്ണമേനോന്റെ വീട്ടില്‍ വരുമെന്ന് ജാനകിഅമ്മയ്ക്ക് നേരത്തേ ഡല്‍ഹിയില്‍നിന്ന് സന്ദേശം ലഭിച്ചിരുന്നു. ഇതറിഞ്ഞ ഉടന്‍ അവര്‍ ന്യൂയോര്‍ക്കിലുള്ള കൃഷ്ണമേനോന് കമ്പിയടിച്ചു. നെഹ്രു വരുന്ന ദിവസം കോഴിക്കോട്ട് എത്തണമെന്നായിരുന്നു ആവശ്യം. അന്ന് യു.എന്‍. പ്രതിനിധിയായിരുന്ന കൃഷ്ണമേനോന്‍ ഉടനെ മറുപടി അയച്ചു. ഡിസംബര്‍ 22-നു മുന്‍പ് നാട്ടിലേക്ക് തിരിക്കാന്‍ കഴിയില്ല. അതിനാല്‍ 24-ന് എത്തിച്ചേരാന്‍ കഴിയാത്തതിലെ പ്രയാസം പ്രധാനമന്ത്രിയെ അറിയിക്കുക. വീട്ടിലെ പരിമിതസൗകര്യത്തില്‍ പ്രയാസം തോന്നരുതെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിക്കണമെന്നും കൃഷ്ണമേനോന്‍ സഹോദരിയോട് ആവശ്യപ്പെട്ടു.

image
കോഴിക്കോട് പന്നിയങ്കരയിലെ വി.കെ. കൃഷ്ണമേനോന്റെ വീട്

യാത്ര കഴിഞ്ഞ് ഡല്‍ഹിയിലെത്തിയശേഷം ഡിസംബര്‍ 27-ന് പേഴ്‌സണല്‍ സെക്രട്ടറിക്ക് നെഹ്രു അയച്ച കത്തിലാണ് വീട്ടുകാരുടെ അസൗകര്യം കണക്കിലെടുക്കാതെ മാംസാഹാരം വേണമെന്ന് നിര്‍ദേശിച്ചതിലെ നീരസം പ്രകടമായത്. 'ഞാന്‍ യാത്രപോവുമ്പോള്‍ അവിടെയൊക്കെ യൂറോപ്യന്‍ രീതിയിലുള്ള ഭക്ഷണം വേണമെന്നും മാംസം വേണമെന്നുമൊക്കെ ആരാണ് നിര്‍ദേശം നല്‍കുന്നത്. കോഴിക്കോട്ട് കൃഷ്ണമേനോന്റെ വീട്ടില്‍ പോയപ്പോള്‍ അവിടെ മാംസവിഭവങ്ങള്‍ ഒരുക്കണമെന്ന നിര്‍ദേശം ലഭിച്ചത് അവരെ ഏറെ പ്രയാസത്തിലാക്കി. സസ്യാഹാരം മാത്രം കഴിക്കുന്ന വീട്ടുകാരെ ഇത് വല്ലാതെ വിഷമിപ്പിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് നാല് കോഴികളെ പാചകംചെയ്യാന്‍ കൊടുത്തുവിട്ടു. കൃഷ്ണമേനോന്റെ സഹോദരി ഇതുകണ്ട് ഞെട്ടിപ്പോയി. എങ്ങനെയോ ഇക്കാര്യം ഞാന്‍ സമയത്തിന് അറിഞ്ഞതുകൊണ്ട് അവരുടെ നിഷ്ഠകള്‍ ഹനിക്കാതെ പ്രശ്‌നം പരിഹരിച്ചു. മലയാളികളുടെ പരമ്പരാഗതമായ വെജിറ്റേറിയന്‍ സദ്യ കഴിച്ച് മടങ്ങി.' ഇത്തരം അനാവശ്യനിര്‍ദേശങ്ങള്‍ മേലില്‍ നല്‍കരുതെന്നും അധികം മുളകും എരിവുമില്ലാത്ത ഏത് ഭക്ഷണവും കഴിക്കുമെന്ന നിര്‍ദേശമാണ് മേലില്‍ നല്‍കേണ്ടതെന്നും നെഹ്രു സെക്രട്ടറിയോട് പറഞ്ഞു.

അന്നത്തെ മദിരാശി മുഖ്യമന്ത്രി കെ. കാമരാജിനൊപ്പമെത്തി, ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോള്‍ വിഭവങ്ങളെല്ലാം സ്വാദിഷ്ഠമായിരുന്നുവെന്ന് നെഹ്രു പറഞ്ഞപ്പോള്‍ മാത്രമാണ് ആശ്വാസമായതെന്ന് ജാനകിഅമ്മ പിന്നീട് പറഞ്ഞിരുന്നതായി കൊച്ചുമകള്‍ ജാനകിറാം പറയുന്നു. ആരും താമസമില്ലെങ്കിലും വിശ്വപൗരന്റെ ഭവനം ഇപ്പോഴും തലയെടുപ്പോടെ അവശേഷിക്കുന്നു.