കോഴിക്കോട്: നിംഹാന്‍സിന്റെയും മറ്റ്  ലോകോത്തര മാനസികാരോഗ്യകേന്ദ്രങ്ങളുടെയും  സഹായത്തോടെ ഇംഹാന്‍സിനെ ലോകത്തെത്തന്നെ മികച്ച കേന്ദ്രമാക്കിമാറ്റാനുള്ള പദ്ധതി ആരംഭിച്ചുകഴിഞ്ഞതായി ആരോഗ്യമന്ത്രി  കെ.കെ. ശൈലജ പറഞ്ഞു. സ്ത്രീകളിലുണ്ടാകുന്ന മാനസികാരോഗ്യപ്രശ്‌നങ്ങള്‍  പരിഹരിക്കുന്നതിനായുള്ള പ്രത്യേക ക്ലിനിക്കിന്റെയും നൈപുണി വികസനപദ്ധതിയുടെയും ഉദ്ഘാടനം ഇംഹാന്‍സില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മികച്ച കേന്ദ്രമാക്കി മാറ്റാനുള്ള ധാരണാപത്രത്തില്‍ ഇംഹാന്‍സുമായി ഒപ്പുവെച്ചുകഴിഞ്ഞു. ഇംഹാന്‍സ് ഇപ്പോള്‍ നടത്തിവരുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്നും കൂടുതല്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കുള്ള പ്രത്യേക ക്ലിനിക്കില്‍ സൈക്യാട്രി, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, ക്ലിനിക്കല്‍ സൈക്കോളജി, സൈക്യാട്രിക് നഴ്സിങ്  മേഖലയിലെ വിദഗ്ധരാണ് രോഗികളെ ചികിത്സിക്കുക. എല്ലാ വ്യാഴാഴ്ചയും രാവിലെ 9 മുതല്‍ 12 മണി വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനസമയം.

 ചടങ്ങിനുമുമ്പ് മന്ത്രി ഇംഹാന്‍സിന്റെ എല്ലാവിഭാഗങ്ങളും സന്ദര്‍ശിച്ചു. ശിശുദിനത്തിനുമുന്നോടിയായി ഇംഹാന്‍സില്‍ പരിശീലനം തേടുന്ന കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ കാണാനും അവരോടൊപ്പം സമയം ചെലവിടാനും മന്ത്രി സമയം കണ്ടെത്തി. ചടങ്ങില്‍ പ്രദീപ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍, ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രി  പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, എന്‍.ആര്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ്, ഡോ. റോഷന്‍ ബിജ്ലി, ഡോ. എം.ടി. ഹാരിഷ്, ഡോ. പി.കെ. അനീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.