കോഴിക്കോട്:  സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത പതിനഞ്ച് ദിവസത്തേക്ക് പകല്‍ 11 മുതല്‍ മൂന്ന് വരെ പുറം ജോലികള്‍ ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് പോലീസിന്റെ സഹായത്തോടെ കര്‍ശന പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

ഈ സമയങ്ങളില്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ദുരന്തനിവാരണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. അംഗനവാടികളില്‍ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നും മറ്റ് പ്രവര്‍ത്തനങ്ങളില്‍ മുടക്കമുണ്ടാവരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

കുട്ടികള്‍ക്കുള്ള ഭക്ഷണം കൃത്യമായി വീടുകളിലെത്തിക്കാനും നിര്‍ദ്ദേശമുണ്ട്. പരീക്ഷകള്‍ ഒഴികെയുള്ള അവധിക്കാല ക്ലാസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കണം. കടകളില്‍ പൊതുജനങ്ങള്‍ക്കായി തണുത്ത കുടിവെള്ളം ലഭ്യമാക്കണം. പോലീസിന്റെ സഹായത്തോടെ തെരുവുകളില്‍ അലയുന്ന വൃദ്ധയാചകരെ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ വൃദ്ധസദനങ്ങളില്‍ എത്തിക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കുടിവെള്ള വിതരണം സംബന്ധിച്ച് ഹെല്‍പ് ലൈന്‍ സേവനം ടോള്‍ഫ്രീ നമ്പറായ 1077 ല്‍ ലഭ്യമാണ്. 

Content Highlights: Heat Strict Restriction on Kozhikode District