വടകര: ' ഞാന്‍ ദിയ, കൊയിലാണ്ടി ഗേള്‍സ് എച്ച്.എസ്.എസില്‍ പഠിക്കുന്നു...' ചുണ്ടോടു ചേര്‍ത്തുവെച്ച വയര്‍ലെസ് സെറ്റിലൂടെ ദിയ അല്പം പേടിയോടെ പറഞ്ഞു. ദൂരെ എവിടെ നിന്നോ മറുപടി വന്നു,' ആദ്യമായി ദിയയുടെ ശബ്ദം ഹാം റേഡിയോയില്‍ എത്തിയിരിക്കുന്നു... സെറ്റില്‍ കേള്‍ക്കുമ്പോള്‍ നല്ല ശബ്ദമാണ്...' ദിയയുടെ പേടി ആശ്വാസത്തിന് വഴി മാറി.

നന്ദി പറഞ്ഞുകൊണ്ട് സെറ്റ് താഴെ വെക്കുമ്പോള്‍ ദിയയും വാര്‍ത്താവിനിമയരംഗത്തെ മുന്‍ഗാമി ഹാം റേഡിയോയെ നെഞ്ചേറ്റിയിരുന്നു. ദിയയെപ്പോലെ വടകര വിദ്യാഭ്യാസജില്ലയിലെ 200 ഓളം സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികളാണ് രണ്ടുദിവസങ്ങളായി ഹാം റേഡിയോയുടെ ലോകത്തെത്തിയത്.

സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും അമച്വര്‍ റേഡിയോ ആന്‍ഡ് ഡിസാസ്റ്റര്‍ കമ്യൂണിക്കേഷന്‍ സൊസൈറ്റിയും ചേര്‍ന്ന് ജോട്ടാ ജോട്ടി (ജംബൂരി ഇന്‍ എയര്‍ ആന്‍ഡ് ജംബൂരി ഇന്‍ ഇന്റര്‍നെറ്റ്) എന്ന പേരില്‍ സംഘടിപ്പിച്ച ശില്പശാലയായിരുന്നു വേദി.

ലോകത്തിലെ ഏതു ഭാഗങ്ങളിലുമുള്ള കുട്ടികളുമായി ഹാം റേഡിയോ വഴി സ്‌കൗട്ട് ആന്‍ഡ് ഗൈഡുകള്‍ക്ക് സ്വതന്ത്രമായി ആശയവിനിമയം നടത്താനുള്ള അവസരമാണ് ഇതിലൂടെ കിട്ടിയത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മൂന്നാമത്തെ ശനിയും ഞായറുമാണ് ഇതിനുള്ള അവസരം. സാധാരണയായി ഹാം റേഡിയോ ഉപയോഗിക്കാന്‍ ലൈസന്‍സ് വേണം. എന്നാല്‍ ഈ ദിവസങ്ങളില്‍ സ്‌കൗട്ടുകള്‍ക്കും ഗൈഡുകള്‍ക്കും ലൈസന്‍സ് വേണ്ട.

വടകര ടി.ബി.യായിരുന്നു കേന്ദ്രം. ഇവിടെ ആന്റിനയൊക്കെ സ്ഥാപിച്ചാണ് ആശയവിനിമിയം സുഗമമാക്കിയത്. വിവരസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടക്കുമ്പോള്‍ വയര്‍ലെസ് സെറ്റുകള്‍ക്ക് പ്രസക്തിയുണ്ടോ എന്ന സംശയം കുട്ടികള്‍ക്കെല്ലാമുണ്ടായിരുന്നെങ്കിലും ശില്പശാലയില്‍ പങ്കെടുത്തതോടെ അതെല്ലാം മാറിക്കിട്ടി.

പ്രകൃതിദുരന്തസമയത്ത് മറ്റെല്ലാ വാര്‍ത്താവിനിമയസംവിധാനങ്ങളും തകരുമ്പോള്‍ ഇന്നും ആശ്രയം ഹാം റേഡിയോയാണെന്ന് ഹാം റേഡിയോ പ്രവര്‍ത്തകര്‍ വിശദീകരിച്ചു.