കോഴിക്കോടിന്റെ സാംസ്കാരിക പാരമ്പര്യത്തിന്‌ അനുസരിച്ച്‌ തലയുയർത്തി നിൽക്കേണ്ട പബ്ളിക്‌ ലൈബ്രറി എന്ന  പൊതുസ്ഥാപനം ഉത്തരവാദപ്പെട്ടവരുടെ കൃത്യമായ ഇടപെടൽ ഇല്ലാത്തതുകാരണം ഇപ്പോൾ വളർച്ച മുരടിച്ചിരിക്കുകയാണ്‌. ഇതിനെക്കുറിച്ച്‌ ധാരാളം ചർച്ചകൾ നടന്നു കഴിഞ്ഞു. നിർദേശങ്ങളും വരികയുണ്ടായി. എന്നാൽ, ഒന്നും അതിന്നപ്പുറത്തേക്ക്‌ കടന്നുച്ചെന്നിട്ടില്ല. ഇത്രയും കാലമായി തുടർന്നുവരുന്ന ഒരേഭരണസമിതിയുടെ നിസ്സംഗതയും, ചിലരുടെ രാഷ്ട്രീയ താത്‌പര്യങ്ങളുമാണ്‌ കോഴിക്കോടിന്റെ അഭിമാനസ്തംഭമായി മാറേണ്ടിയിരുന്ന ഒരുസ്ഥാപനത്തെ ഈ നിലയിലേക്കെത്തിച്ചതെന്ന്‌ പറയാതെവയ്യ.

കോഴിക്കോട്‌ ലൈബ്രറിയുടെ മുൻകാലചരിത്രത്തിലേക്ക്‌ കടന്നുചെല്ലുന്നില്ല. അതെല്ലാവർക്കും അറിയാവുന്നതാണ്‌. ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ കീഴിൽ കാര്യമായ വളർച്ചയൊന്നുമില്ലാതെ ഒതുങ്ങി നിന്നിരുന്ന ഒന്നിനെ അതൊന്നുമില്ലാതെ ഭാവനയുടെ വിശാലമായ കാഴ്ചപ്പാടിന്റെയും പിൻബലത്തോടെ അന്നത്തെ ജില്ലാ ഭരണാധികാരി മനോഹരമായ ഒരു സ്ഥാപനമാക്കി മാറ്റുകയായിരുന്നു. സർക്കാരിന്‌ ഒരു സാമ്പത്തികബാധ്യതയും ഉണ്ടാകാത്ത രീതിയിലുള്ള സംവിധാനമൊരുക്കിയാണ്‌ അദ്ദേഹം ഇത്‌ സ്ഥാപിച്ചെടുത്തത്‌. സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിവുള്ള പ്രഗത്ഭരെ ഉൾപ്പെടുത്തി ഒരു ട്രസ്റ്റുണ്ടാക്കി സ്ഥാപനത്തിന്റെ ഭരണച്ചുമതല ഏല്പിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ കോഴിക്കോടിന്റെ തിലകക്കുറിയായി എല്ലാവരാലും വാഴ്‌ത്തപ്പെട്ട ലൈബ്രറിയെ സംബന്ധിച്ചു പൊതുസമൂഹത്തിന്‌ വലിയ പ്രതീക്ഷകൾ ഉണ്ടാവുക സ്വാഭാവികമാണ്‌. എന്നാൽ, അത്‌ സാധ്യമായോ? ഇല്ലെന്നാണ്‌ നിലവിലുള്ള ചിത്രം വെളിപ്പെടുത്തുന്നത്‌. നാലുവർഷമായി പുതിയ പുസ്തകങ്ങളൊന്നും ലൈബ്രറിയിൽ എത്തിയില്ല. നഗരഹൃദയത്തിലെ ഇൗ കെട്ടിടത്തിലെ വാടകമുറികളിൽനിന്നും നാമമാത്രമായി ലഭിക്കേണ്ട വാടകപോലും കൃത്യമായി കിട്ടുന്നില്ല.

കഴിഞ്ഞ 20 വർഷമായി വാടകവർധന ഉണ്ടായിട്ടില്ല. അതിനേക്കാളേറെ ദുഃഖകരം, ഉയർന്നവിദ്യാഭ്യാസം നേടി ഇവിടെ ജോലിചെയ്യുന്ന ജീവനക്കാർക്ക്‌ തുച്ഛമായിട്ടാണ്‌ വേതനം ലഭിക്കുന്നതെന്നാണ്‌. അതുതന്നെ മാസങ്ങളായി നിലച്ചിരിക്കുകയാണ്‌. ഇതിനൊക്കെ ആരാണ്‌ പരിഹാരം കാണേണ്ടത്‌? പൊതുജനങ്ങളാണോ? പൊതുജനങ്ങൾക്ക്‌ ഇൗ ലൈബ്രറിയുടെ ഭരണസംവിധാനത്തിൽ ഒരു പങ്കുമില്ല എന്നതല്ലേ യാഥാർഥ്യം? ഇതാണാദ്യം പരിഹരിക്കപ്പെടേണ്ടത്‌.

1966 മുതൽ ലൈബ്രറിയുടെ ഭരണച്ചുമതല വഹിച്ചുകൊണ്ടിരിക്കുന്നത്‌ അന്ന്‌ ചുമതലപ്പെടുത്തിയ ട്രസ്റ്റാണ്‌. സ്വാഭാവികമായും ലൈബ്രറി ഇന്നെത്തിയ പ്രശ്നങ്ങൾക്ക്‌ ഒരു പരിധിവരെ ഉത്തരം പറയാൻ ട്രസ്റ്റിന്‌ ബാധ്യതയുണ്ട്‌. ജില്ലാ ലൈബ്രറിയുടെ ഭരണനിർവഹണം ഒരു വിധിയിലൂടെ ഹൈക്കോടതി ജില്ലാ കളക്ടറെ ഏല്പിച്ചിരിക്കുന്നുവെന്ന്‌ ട്രസ്റ്റ്‌ അംഗങ്ങൾക്ക്‌ പറയാം.

അതേസമയം ട്രസ്റ്റ്‌ അംഗങ്ങൾ ലൈബ്രറി ഭാരവാഹിത്വം രാജിവെക്കാത്ത കാലത്തോളം അവർക്ക്‌ ഉത്തരവാദിത്വത്തിൽനിന്നും ഒഴിയാനും സാധ്യമല്ല. ലൈബ്രറിയുടെ ഭാവിപ്രവർത്തനത്തെ സംബന്ധിച്ചുള്ള ചർച്ചാവേളയിൽ ട്രസ്റ്റ്‌ തുടരുന്നത്‌ ഭൂഷണമല്ലെന്നും അത്‌ ജനാധിപത്യരീതിയിൽ പുനഃസംഘടിപ്പിക്കണമെന്നും നിർദേശമുയർന്നിരുന്നു. ഒരു മാറ്റവുമില്ലാതെ കാലാകാലങ്ങളായി ഒരേ ഭരണസംവിധാനം, ജനാധിപത്യരീതിയിലല്ലാതെ നിലനിൽക്കുന്നത്‌ ആ സ്ഥാപനത്തിന്റെ വളർച്ചയെ സാരമായി ബാധിക്കുമെന്നായിരുന്നു അന്ന്‌ ചൂണ്ടിക്കാട്ടിയിരുന്നത്‌. ലൈബ്രറിയുടെ ഇന്നത്തെ അവസ്ഥ ഈ നിലപാടിനെയാണ്‌ ശരിവെക്കുന്നത്‌.

ലോക്കൽ ലൈബ്രറി അതോറിറ്റി, പിന്നീട്‌ രൂപവത്‌കരിച്ച ലൈബ്രറി കൗൺസിലിൽ ലയിച്ചതിനാൽ, കോഴിക്കോട്‌ സെൻട്രൽ ലൈബ്രറി നിലനിന്നിരുന്ന സ്ഥലവും അവിടെ നിർമിച്ച കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം ലൈബ്രറി കൗൺസിലിനാണെന്ന്‌ ചൂണ്ടിക്കാട്ടി അവർ കോടതിയെ സമീപിച്ചിരുന്നു. അന്നുണ്ടായ വിധിക്കെതിരെ പബ്ളിക്‌ ലൈബ്രറിയുടെ ട്രസ്റ്റ്‌ ഭാരവാഹികൾ കോടതിയെ സമീപിച്ചു ട്രസ്റ്റ്‌ വാങ്ങി. ലൈബ്രറിയുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്‌ നീങ്ങിയപ്പോൾ ട്രസ്റ്റ്‌ ഭാരവാഹികൾ തന്നെ കോടതിയെ സമീപിച്ചു സ്റ്റേ പിൻവലിക്കുകയായിരുന്നു. ലൈബ്രറിയുടെ സുഗമമായ നടത്തിപ്പിന്‌ അതിന്റെ ഭരണച്ചുമതല ജില്ലാ കളക്ടറെ ഏല്പിക്കുകയും ചെയ്തു.

അതിനുശേഷം കളക്ടറുടെ അധ്യക്ഷതയിൽ ട്രസ്റ്റ്‌ ഭാരവാഹികൾ ചേർന്ന്‌ ലൈബ്രറിയുടെ ഭാവിയെക്കുറിച്ച്‌ വിശദമായ ചർച്ചകൾ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാർ ഒരുകോടിരൂപ ലൈബ്രറി വികസനത്തിനുവേണ്ടി അനുവദിക്കുകയുണ്ടായി. ലൈബ്രറിയുടെ ഭാവി പ്രവർത്തനം വിലയിരുത്താൻവേണ്ടി കഴിഞ്ഞ സർക്കാർ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.. ആ കമ്മിറ്റി റിപ്പോർട്ടു സമർപ്പിക്കുകയും ചെയ്തു. അതിനെന്തുസംഭവിച്ചുവെന്ന്‌ പിന്നീട്‌ അറിയില്ല.

സെൻട്രൽ ലൈബ്രറിയുടെ ചുമതലക്കാരായ ലൈബ്രറി കൗൺസിൽ പബ്ളിക്‌ ലൈബ്രറിയിൽ അവകാശവാദമുന്നയിച്ചിട്ടുണ്ട്‌. ലോക്കൽ ലൈബ്രറിയുടെ തുടർച്ച എന്ന നിലയ്ക്കാണ്‌ അവരുടെ അവകാശവാദം. എന്നാൽ ഇതിന്‌ ഏറെ പരിമിതികളുണ്ട്‌. കോഴിക്കോട്‌ പബ്ളിക്‌ ലൈബ്രറി പൂർണമായും പൊതുജന പങ്കാളിത്തത്തോടെയാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ ലൈബ്രറിയുടെ ഭാവി വികസനത്തിന്‌ പൊതുജനപങ്കാളിത്തം ഉറപ്പിക്കുകയാണ്‌ വേണ്ടത്‌.

കാലാകാലങ്ങളായി ഒരേ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരു ട്രസ്റ്റോ, ലൈബ്രറി കൗൺസിലോ പബ്ളിക്‌ ലൈബ്രറിയുടെ ഭരണത്തിന്‌ ചേരുന്ന ഒന്നല്ല. ഒരുപേദശകസമിതിയെവെച്ചുകൊണ്ടുഭരണം തുടരാനുംപാടുള്ളതല്ല. ഒന്നുകിൽ തിരുവനന്തപുരം ലൈബ്രറിയുടെ മാതൃകയിൽ തികച്ചും പൊതുടമയിൽ കൊണ്ടുവരികയോ, അതല്ലെങ്കിൽ കൊല്ലം, എറണാകുളം, കോട്ടയം, തൃശ്ശൂർ പബ്ളിക്‌ ലൈബ്രറികളുടെ (മറ്റെല്ലാ ലൈബ്രറികളിലേതുപോലെ) മാതൃകയിൽ വായനക്കാരായ ലൈബ്രറി അംഗങ്ങൾ കാലാവധിക്കനുസരിച്ചു പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന ജനാധിപത്യസംവിധാനമോ ഉണ്ടായിരിക്കണം. അതായിരിക്കും നല്ലതെന്ന്‌ തോന്നുന്നു.