രുവർഷംമുമ്പ്, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞവർഷം ഒക്ടോബർ 15-നാണ് കല്ലായിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ ജണ്ട കെട്ടിത്തുടങ്ങിയത്. ഏതാനും ദിവസംകൊണ്ട് നൂറോളം ജണ്ടകൾ കെട്ടിത്തിരിച്ചു. ചിലർ ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജൂണിൽ കൈയേറ്റക്കാർക്കെതിരായി കോടതിവിധി വന്നു.

പുറമ്പോക്ക് കൈവശം വെച്ചിരിക്കുന്നവരോട് പാട്ടം പുതുക്കാൻ അപേക്ഷ നൽകാനും കൈയേറ്റം ഒഴിപ്പിക്കാനും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. പാട്ടഭൂമിയും കൈയേറ്റഭൂമിയും അളന്നുതിരിച്ച് ആറുമാസത്തിനുള്ളിൽ മുഴുവൻ നടപടികളും പൂർത്തിയാക്കാനായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താക്കിന്റെ ഉത്തരവ്. അതിൽ നാലുമാസം പിന്നിട്ടു. ഈയാഴ്ചമുതൽ അതിനുള്ള പ്രാരംഭനടപടി തുടങ്ങാനിരിക്കുകയാണ് അധികൃതർ.

നടപടികൾ വേഗത്തിലാക്കും

കല്ലായിയിൽ ഭൂമി കൈവശംവെച്ചവർക്ക് ഈയാഴ്ച തന്നെ പ്രാഥമികനടപടിയെന്ന രീതിയിൽ നോട്ടീസ് നൽകാനാണ് തീരുമാനം. എല്ലാ രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ്. ഇത് പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് കടക്കും. ഈയാഴ്ചതന്നെ കല്ലായിലെ കൈയേറ്റം മനസ്സിലാക്കാൻ റവന്യൂ അധികൃതർ സന്ദർശനം നടത്തും. ‘‘കളക്ടറുമായി ഈ വിഷയം ചർച്ചചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് കൊടുക്കുന്നതും മറ്റ് നടപടികളിലേക്ക് കടക്കുന്നതും’’- തഹസിൽദാർ പി. ശുഭൻ പറഞ്ഞു.

ഇരുപതേക്കറിലേറെ കൈയേറ്റം

നൂറു സർവേ നമ്പറുകളിലായി നൂറിലേറെപ്പേർ പുഴ കൈയേറിയിട്ടുണ്ട്. 23 ഏക്കർ ഭൂമി കൈയേറിയെന്നാണ് റവന്യൂറിപ്പോർട്ട്. പാട്ടക്കാലാവധി കഴിഞ്ഞിട്ടും തുടരുന്ന മില്ലുടമകളും പുഴ നികത്തി കെട്ടിടം പണിതവരുമെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടും. കസബ, നഗരം, പന്നിയങ്കര, വളയനാട് വില്ലേജുകളിലെല്ലാം കൈയേറ്റമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ ചെറുതും വലുതുമായ 92 കെട്ടിടങ്ങളുണ്ട്.

1830 മുതൽ പാട്ടത്തിന് കൊടുത്ത ഭൂമിയാണെന്നും പിന്നീട് അത് പലപ്പോഴായി കൈയേറിയതാണെന്നുമെല്ലാം കണ്ടെത്തിയിരുന്നു. 2000 വരെ പാട്ടത്തുക അടച്ചിരുന്നെങ്കിലും പിന്നീട് ആരും പാട്ടം പുതുക്കിയില്ല. സർക്കാർഭൂമി സ്വന്തം ഭൂമി പോലെ കൈവശംവെച്ച്, ഒഴിപ്പിക്കാനെത്തുന്നവരെ തടയുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. 2007 വരെ പലരും നികുതിയടച്ചിരുന്നു. പിന്നീട് അത് തടഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാനും തുടങ്ങി. ഒഴിപ്പിക്കുന്തോറും പുഴയുടെ പല ഭാഗങ്ങളിലും ചെറുതും വലുതുമായ നിർമാണം നടക്കാറുണ്ട്. പല ഭാഗങ്ങളിലും പുഴയുടെ വീതിപോലും ചുരുങ്ങി.

കല്ലായിപ്പുഴ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ ഇങ്ങനെ

മുൻകളക്ടർ യു.വി. ജോസിന്റെയും ഭൂരേഖാ തഹസിൽദാരായിരുന്ന ഇ. അനിതകുമാരിയുടെയും നേതൃത്വത്തിലാണ് ഭൂമി അളന്നുതിരിച്ച് അതിർത്തിക്കല്ലിട്ടത്. പക്ഷേ, ഇത് പലതും എടുത്തുകളഞ്ഞതോടെ കഴിഞ്ഞവർഷം ഒക്ടോബറിൽ ജണ്ട സ്ഥാപിക്കാൻ തുടങ്ങി. കോർപ്പറേഷന്റെ സഹായത്തോടെയായിരുന്നു നടപടി. വ്യാപാരികളുടെ പ്രതിഷേധമുയർന്നെങ്കിലും അധികൃതർ പിന്മാറിയില്ല. നൂറോളം ജണ്ടയാണ് അന്ന് സ്ഥാപിച്ചത്. അന്നും ഇതിനെതിരേ ചിലർ ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ പക്കൽ മതിയായ രേഖകൾ ഉണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടി ശരിയല്ലെന്നുമുള്ള നിലപാടിലായിരുന്നു വ്യാപാരികൾ. മരവ്യവസായത്തെ തകർക്കാനുള്ള ശ്രമമാണെന്ന ആക്ഷേപവും ഉയർന്നു.

പുഴയോരത്തുനിന്ന് ഒഴിപ്പിക്കുന്നതിനെതിരേ 46 പേരാണ് സംയുക്തമായി പരാതി നൽകിയിട്ടുള്ളത്. ഈ കേസിലാണ് അധികൃതർക്ക് അനുകൂലമായ വിധിയുണ്ടായിട്ടുള്ളത്. വിധിപ്രകാരം ഹൈക്കോടതിയിൽ ഹർജി നൽകിയവർക്കുമാത്രമേ പാട്ടം പുതുക്കാൻ അപേക്ഷ നൽകാനാവൂ. പാട്ടം പുതുക്കുന്നത് നിബന്ധനകൾക്ക് വിധേയമായിട്ടല്ലെങ്കിൽ സർക്കാരിന് ഭൂമി തിരിച്ചുപിടിക്കാം. മരമില്ലുകൾക്കാണ് സർക്കാർ ഭൂമി പാട്ടത്തിന് നൽകിയത്. ഗോഡൗണുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം പണിതവർക്ക് ഒഴിയേണ്ടിവരും. കല്ലായിപ്പുഴ സംരക്ഷണസമിതിയും കൈയേറ്റത്തിനെതിരേ നിരന്തരം രംഗത്തുവന്നിരുന്നു. ഹൈക്കോടതിവിധി മാനിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാവണമെന്ന് സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി പറഞ്ഞു.

പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്

കല്ലായിപ്പുഴയിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ നടപടികളെടുക്കും
-കളക്ടർ എസ്. സാംബശിവറാവു

Content Highlights: Kallai, Kallai Encrochment, Action against Kallai Encroachment