സി.സി.പെർമിറ്റുള്ള 4300 ഓട്ടോറിക്ഷകളാണ് നഗരത്തിലുള്ളത്. കോഴിക്കോട് നഗരത്തിലെ ഏറ്റവും വലിയ തൊഴിലാളിസമൂഹങ്ങളിലൊന്നാണ്‌ ഇവർ. പക്ഷേ, നല്ല ഓട്ടോ സ്റ്റാൻഡുകളോ പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളോ ഒന്നുമില്ലാതെയാണ് ഇവർ ജോലിചെയ്യുന്നത്.

മൂത്രമൊഴിക്കണമെങ്കിൽചായ കുടിക്കണം

‘‘ഓട്ടം കിട്ടുന്ന പ്രദേശത്തെ ഹോട്ടലുകളാണ് പ്രധാന ആശ്രയം. മൂത്രമൊഴിക്കണമെങ്കിൽ ഒരു ചായ കുടിക്കേണ്ട അവസ്ഥയാണ്’’ -ഓട്ടോ ഡ്രൈവർ യാസർ പറയുന്നു. നഗരത്തിൽ പൊതുശൗചാലയങ്ങൾ ഇല്ലാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഏറെ ആഘോഷിച്ചെത്തിയ ഇ-ടോയ്‌ലെറ്റ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. പലപ്പോഴും റോഡരികിൽ കാര്യംസാധിക്കേണ്ട സാഹചര്യം സൃഷ്ടിക്കുകയാണെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. ആവശ്യത്തിനുള്ള പാർക്കിങ് സൗകര്യങ്ങളോ വിശ്രമകേന്ദ്രങ്ങളോ ഇല്ലെന്നും ഇവർ പറയുന്നു. നഗരത്തിൽ നാല് സ്റ്റാൻഡുകളാണ് അനുവദിച്ചത്. പുതിയ ബസ് സ്റ്റാൻഡിന് വടക്ക് മാവൂർ റോഡിനോടുചേർന്നുള്ള ഭാഗം, രാജാജി റോഡ് ഇൻഡോർ സ്റ്റേഡിയത്തിന് എതിർവശം, റെയിൽ വേയുടെ ഒന്നും നാലും പ്ലാറ്റ് ഫോമുകൾ എന്നിവിടങ്ങളിലാണവ. ഇതിനുപുറമേ മിഠായിത്തെരുവ് എസ്. കെ. ചത്വരത്തിനുസമീപം, മാനാഞ്ചിറ ഇൻകംടാക്സ് ഓഫീസിന് മുൻവശം, കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിനുസമീപം എന്നിവിടങ്ങളിലെല്ലാം ഓട്ടോറിക്ഷകൾ നിർത്തിയിടാറുണ്ട്.

സ്ഥിരമായി ഒരു ഓട്ടോസ്റ്റാൻഡ് ഒരുക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. ഇൻഡോർസ്റ്റേഡിയത്തിന് സമീപത്തെ ഓട്ടോസ്റ്റാന്റ് എസ്കലേറ്റർ നടപ്പാലം വരുന്നതോടെ ഇല്ലാതാവും. മിഠായിത്തെരുവിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലും ഏറെ ബുദ്ധിമുട്ടാണ്. ദീർഘദൂര ബസുകൾക്കായുണ്ടാക്കിയ ബസ്‌സ്റ്റോപ്പിനോടുചേർന്നാണ് ഇവിടെ ഓട്ടോപാർക്കിങ്. ഇതിനോടുചേർന്നുതന്നെ ഉന്തുവണ്ടി കച്ചവടക്കാരും മറ്റുമുണ്ട്. ഓട്ടോ പാർക്കിങ് വൈക്കം മുഹമ്മദ് ബഷീർ റോഡിലെ ഖാദി എംപോറിയത്തിന് സമീപത്തേക്ക് മാറ്റണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ നേതാവായ ടി.വി. നൗഷാദ് പറയുന്നു. തൊഴിലാളികൾക്ക് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനോ വിശ്രമിക്കാനോ നഗരത്തിൽ അടിസ്ഥാനസൗകര്യങ്ങളില്ല. ആകെയുണ്ടായിരുന്ന ഇ-ടോയ്‌ലറ്റ് സമൂഹവിരുദ്ധരുടെ കൈകളിലാണ്. ഇതിനെതിരേ ഒട്ടേറെത്തവണ പരാതി പറഞ്ഞെങ്കിലും നടപടിയായില്ല. കോർപ്പറേഷൻ ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികൾ ആലോചനയിലാണെന്നും ബി.എം.എസ്. ഓട്ടോ യൂണിയൻ ജില്ലാസെക്രട്ടറി പ്രജീഷ് പറയുന്നു.

സ്വന്തം വീടിന്റെ അടുത്തേക്ക് ഓട്ടംകിട്ടുമ്പോൾ സന്തോഷമാണ്. ബാത്ത്റൂമിൽ പോകാനായി പിന്നെ ഹോട്ടലിൽ കയറേണ്ട ആവശ്യമില്ലല്ലോ. ഇതേ അവസ്ഥതന്നെയാണ് നഗരത്തിലെത്തുന്ന യാത്രക്കാരുടേതും. ബീച്ചിലെത്തിയ സന്ദർശകരിൽ പലരും ബാത്ത് റൂമുള്ള നല്ല ഹോട്ടലിലേക്ക് വിടുമോ എന്ന് ചോദിച്ച് ഓട്ടോയിൽ കയറാറുണ്ട്’.

വലിയങ്ങാടിയിൽ 1000 തൊഴിലാളികൾമൂന്ന് ശൗചാലയങ്ങൾ

നഗരത്തിലെ പ്രധാന വ്യാപാര- തൊഴിൽ മേഖലയാണ് വലിയങ്ങാടി. 440 വ്യാപാരസ്ഥാപനങ്ങളും, അതുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയുമായി ആയിരത്തോളം തൊഴിലാളികളുമുണ്ട്. മറുനാടുകളിൽനിന്നെത്തുന്ന ലോറി ഡ്രൈവർമാർ വേറെയും. പക്ഷേ, ആകെ മൂന്ന് ശൗചാലയങ്ങളേ ഇവിടെയുള്ളൂ. രണ്ടെണ്ണം പുരുഷൻമാർക്കും ഒന്ന് സ്ത്രീകൾക്കും. കഴിഞ്ഞവർഷം ഡിസംബറിലാണ് പ്രവർത്തിച്ചുതുടങ്ങിയത്. വർഷം ഒന്ന് തികയാനിരിക്കെ ശൗചാലയം പ്രവർത്തിച്ചത് ആകെ നാലുമാസംമാത്രം. ചെറിയ സെപ്റ്റിക് ടാങ്കായതിനാൽ പെട്ടെന്ന് നിറയുകയും ഇത് അടച്ചിടുകയും ചെയ്തു. രണ്ടെണ്ണം ശരിയാക്കി മൂന്നാമത്തെ ടാങ്ക് നിർമാണത്തിനുള്ള സാധനങ്ങൾ ഇവിടെ എത്തിച്ചിട്ട് മൂന്നുമാസമായെങ്കിലും ഒന്നും ചെയ്തിട്ടില്ല. സൗകര്യങ്ങൾ പരിമിതമായതിനാൽ വലിയങ്ങാടിയിലെ തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ടാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി യൂണിറ്റ് ജനറൽ സെക്രട്ടറി ജോസഫ് വലപ്പാട്ട് പറയുന്നു.

പാളയത്തെ സ്ഥിതിയും വളരെ ദുഷ്കരമാണ്. ഇവിടെയെത്തുന്ന ബസ് തൊഴിലാളികൾക്കും സമീപത്തെ പച്ചക്കറി വിൽപ്പനക്കാർക്കും എല്ലാം ആശ്രയം സമീപത്തെ യൂണിയൻ ഓഫീസുകളാണ്. പാളയത്തെ കംഫർട്ട് സ്റ്റേഷൻപോലും ഉപയോഗിക്കാൻപറ്റാത്ത അവസ്ഥയാണ്.

മിഠായിത്തെരുവിൽ ആശ്വാസം

അസംഘടിതമേഖലയിൽ ജോലിചെയ്യുന്ന സ്ത്രീത്തൊഴിലാളികളുടെ നേതൃത്വത്തിൽ കുറച്ചുവർഷംമുമ്പാണ് ‘മൂത്രപ്പുരസമരം’ നടത്തിയത്. മിഠായിത്തെരുവിലെ കടകളിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ ഈ ദുരവസ്ഥ പരിഹരിക്കാനായിരുന്നു പ്രതിഷേധം.

ഇവിടങ്ങളിൽ ജോലിചെയ്യുന്ന പലരുടെയും തൊഴിൽസമയം രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെയാണ്. രാവിലെ വീട്ടിൽനിന്നിറങ്ങിയാൽ രാത്രിയോടെ വീട്ടിലെത്തിയാൽമാത്രമേ ശൗചാലയങ്ങൾ ഉപയോഗിക്കാനുള്ള അവസരം ഇവർക്കുള്ളൂ. എന്നാൽ, സമരത്തിനുശേഷം മിഠായിത്തെരുവിൽ കാര്യമായ മാറ്റമുണ്ടായിട്ടുണ്ടെന്ന് വിജി പെൺകൂട്ട് പറയുന്നു. മൊയ്തീൻപള്ളി റോഡിൽ ടോയ്‌ലറ്റുകൾ തുടങ്ങി. കൂടാതെ ഇവിടെയുള്ള കെട്ടിടങ്ങളിലും ശൗചാലയങ്ങൾ തുടങ്ങിയിട്ടുണ്ട്. ഒയിറ്റി റോഡിൽ പുതിയ ടോയ്‌ലറ്റുകളുടെ നിർമാണപ്രവൃത്തി പുരോഗമിക്കുകയാണ്. ഇതെല്ലാം ആശ്വാസമാണെന്നും അവർ പറഞ്ഞു.

ഇ-ശങ്ക

നഗരത്തിലെത്തുന്നവരുടെ ശങ്ക ശമിപ്പിക്കുന്നതായിരുന്നു ഇ-ടോയ്‌ലറ്റുകൾ. എന്നാൽ, ഇത് പ്രവർത്തിച്ച്‌ കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും ‘അയ്യോ പെടുമോ’ എന്ന ശങ്കയിലേക്ക് കാര്യങ്ങളെത്തി. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇ-ടോയ്‌ലറ്റുകളിൽ പലതും പ്രവർത്തിക്കുന്നില്ല. ഇ-ടോയ്‌ലറ്റ് ഉപയോഗിക്കാൻ കയറിയവർ അതിനുള്ളിൽ കുടുങ്ങി പോയതിനുശേഷം പിന്നീടാരും ഇത്‌ ഉപയോഗിക്കാതെയുമായി. മിഠായിത്തെരുവ്, മുതലക്കുളം, മാനാഞ്ചിറ, ബീച്ച് തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ് ഇ-ടോയ്‌ലറ്റ് തുടങ്ങിയിരുന്നത്. വെള്ളമില്ലാതെയും വാതിൽ തുരുമ്പുപിടിച്ചുമെല്ലാം ഇവ ഉപയോഗശൂന്യമായിരിക്കയാണ്.

പൊതുസ്ഥലങ്ങളിൽ മല-മൂത്ര വിസർജനമില്ലാത്ത നഗരമായി 2016 നവംബർ ഒന്നിന് ജില്ലയെ പ്രഖ്യാപിച്ചെങ്കിലും ഇന്നും പൊതുസ്ഥലങ്ങളിൽ വിസർജനം നടക്കുന്നുണ്ട്. റെയിൽവേ ട്രാക്കുകൾക്ക് സമീപവും വലിയങ്ങാടി, ഓവർ ബ്രിഡ്ജുകൾക്ക് താഴെയുമെല്ലാം പല സ്ഥലത്തും മൂത്രമൊഴിക്കുന്ന കേന്ദ്രങ്ങളാണ്. ഇതിനൊരു പരിഹാരമെന്നോണം തുടങ്ങിയ ഇ-ടോയ്‌ലറ്റ് അവതാളത്തിലായതോടെ പ്രഖ്യാപനം കാറ്റിൽപ്പറന്നു.

വനിതാ ഒാട്ടോ​ഡ്രൈവർ പറയുന്നു : നാപ്കിൻ മാറ്റാൻപോലും വീട്ടിലെത്തുംവരെ കാ-ക്കണം

:ആർത്തവ സമയങ്ങളിൽ നാപ്കിൻ മാറ്റാനോ ഉപേക്ഷിക്കാനോപോലും ഇടമില്ലാത്ത നഗരമാണിത്. ഹോട്ടലുകളാണ് ഏക ആശ്രയം. ഉപയോഗിച്ച നാപ്കിൻ  വൈകീട്ട് വീട്ടിലെത്തുമ്പോഴാണ് ഉപേക്ഷിക്കുന്നതെന്ന് വെള്ളിമാട്കുന്ന് സ്വദേശിയും നഗരത്തിലെ ഓട്ടോ െെഡ്രവറുമായ പുഷ്പലത പറയുന്നു.  
മൂത്രശങ്ക വന്നാൽ ആദ്യം ചെയ്യുക കൂടെയുള്ള സ്ത്രീ ഓട്ടോ ഡ്രൈവർമാരെ വിളിക്കുകയാണ്. ഏതെങ്കിലും ഹോട്ടൽ കണ്ടെത്തി ഒരുമിച്ചാണ് പോകാറുള്ളത്.  26 വർഷമായി പുഷ്പ നഗരത്തിലെ ഓട്ടോ െെഡ്രവറാണ്. കമ്മിഷണർ, എം.എൽ.എ, കളക്ടർ തുടങ്ങിയവർക്കൊക്കെ  പരാതി നൽകിയെങ്കിലും ഒരു കാര്യവുമുണ്ടായില്ല. നഗരത്തിൽ ആകെ 15 സ്ത്രീ ഓട്ടോ ഡ്രൈവർമാരുണ്ട്. ആർത്തവസമയങ്ങളിലാണ് ഏറ്റവും ബുദ്ധിമുട്ടെന്നും ഇവർ പറയുന്നു. അടുത്തു വീടുള്ളവർ അങ്ങോട്ടുപോകും. അല്ലാത്തവർ ഹോട്ടലുകളിൽ പോകും. ഈ സമയങ്ങളിൽ തലകറക്കവും മറ്റും തോന്നിയാലും ഓട്ടോയിൽതന്നെ കിടക്കുകയാണ് ചെയ്യാറുള്ളത്. ഇക്കാരണംകൊണ്ട് പുതിയ ആളുകൾക്ക് ഈ രംഗത്തേക്ക് കടന്നുവരാൻ പോലും മടിയാണ്.

 Content Highlights: no facilities for urine pass, auto drivers in Kozhikode, issues of auto drivers in kozhikode