കാശത്തിന്‌ കുടപിടിക്കുന്ന നിഗൂഢമായ മഴക്കാടുകളെത്തന്നെ കുലുക്കുന്ന ഭയാനകമായ മുഴക്കം പ്രതിധ്വനിച്ചു. ആമസോൺ കാടുകളിൽ മനുഷ്യന്‌ പ്രാപ്യമായ വഴിയിലൂടെയായിരുന്നു കാൽനടയാത്ര. വഴികാട്ടി മുന്നറിയിപ്പ്‌ നൽകിയിരുന്നുവെങ്കിലും ശബ്ദംകേട്ടപ്പോൾ യാത്രക്കാർ വിറച്ചു. ഹൗളർ കുരങ്ങുകളായിരുന്നു മുഴക്കത്തിന്റെ സ്രഷ്ടാക്കൾ. മഴക്കാടുകളുടെ ദൃശ്യസൗന്ദര്യം ആസ്വദിച്ചപ്പോൾ കുരങ്ങുകൾ അതിന്‌ ഭംഗംവരുത്തി.

ഭൂപടത്തിൽ ദക്ഷിണ അമേരിക്കയുടെ മുകളിലായി കിഴക്കുള്ള ഗയാനയിൽനിന്ന്‌ അയൽരാജ്യമായ ബ്രസീലിലെയും അതിർത്തിയിലെയും ലോകപ്രശസ്തമായ മഴക്കാടുകൾ കാണാനിറങ്ങിയതായിരുന്നു കോഴിക്കോട്‌ മേപ്പയ്യൂർ സ്വദേശിയായ സബീഷ്‌ തെക്കെ ചാലുപറമ്പിൽ. ജലസമൃദ്ധിയുടെ നാടായ, ഇന്ത്യൻവംശജരുള്ള ഗയാനയിൽ തന്റെ ജീവിതയാത്രയ്ക്കിടയിൽ എത്തിയതായിരുന്നു യുവാവ്‌. കൂട്ടിന്‌ മൂവാറ്റുപുഴ സ്വദേശിയും സുഹൃത്തുമായ സലീമും ഉണ്ടായിരുന്നു.

കേരളത്തിന്റെ രണ്ടര ഇരട്ടി വലിപ്പമുണ്ടെങ്കിലും ഗയാന രാഷ്ട്രത്തിൽ പകുതിയിലേറെ വനങ്ങളാണ്‌. ആമസോൺ വനങ്ങളുടെ ഭൂരിഭാഗവും ബ്രസീലിലാണെങ്കിലും കൊളംബിയയിലും പെറുവിലും ബൊളീവിയയിലും ഗയാനയിലും വെനസ്വേലയിലും ഇക്വഡോറിലും ബ്രസീലിലെ മഴക്കാടുകൾ കുടിയേറിയിട്ടുണ്ട്‌. അതോടൊപ്പം അവിടത്തെ കാടുകളും തൊട്ടുരുമ്മി നിൽക്കുന്നു. ആമസോണിലെ ഗയാന വനങ്ങളിലും ഇന്നും സൂര്യപ്രകാശം കടന്നുചെല്ലാത്ത പ്രദേശങ്ങളുണ്ട്‌. വനത്തിന്റെ ആഴങ്ങൾ ഇന്നും മനുഷ്യന്റെ കാൽപ്പാടുകൾ പതിയാതെ കിടക്കുന്നു.

എങ്ങനെ പോകും?  എന്ന ചോദ്യത്തിന് സബീഷ്‌ പറഞ്ഞു: കാടിന്റെ ഉള്ളിലേക്ക്‌ പടച്ചട്ട അണിഞ്ഞുപോകേണ്ടിവരും. അല്ലെങ്കിൽ വിഷംവമിക്കുന്ന ഉരഗങ്ങളും തവളകളും വണ്ടും ആക്രമിക്കും. അപകടകാരികളായ ചെറുജീവികൾ ഇനിയുമുണ്ട്‌. ഒരിക്കൽ വണ്ട്‌ കുത്തിയപ്പോൾ അരമണിക്കൂറിനുള്ളിൽ മുഖം നീരുവന്നു വീർത്തു. ദേഹം വേദനിച്ചു. നിലത്ത്‌ മണ്ണിൽ കിടന്നപ്പോൾ ഗോത്രവർഗക്കാർ പച്ചമരുന്നുകൾ പ്രയോഗിച്ച്‌  മെല്ലെ വിഷം അകറ്റിയ അനുഭവം സബീഷ്‌ ഓർമിച്ചു. നാട്ടിൽ ഈയിടെ അവധിക്കെത്തിയപ്പോൾ അദ്ദേഹം അനുഭവങ്ങൾ ‘മാതൃഭൂമി’ നഗരവുമായി പങ്കുവെച്ചു. 

പറക്കുന്ന ഒരു സൂക്ഷ്മ ജീവിയുണ്ട്‌. കാലിൽ തുളച്ചുകയറിയാൽ രണ്ട്‌ ദിവസങ്ങൾക്കുശേഷമേ വിഷത്തിന്റെ വേദന അറിയൂ. ശരീരം തളരും. സംസാരിക്കാൻ കഴിയില്ല, അത്രയ്ക്ക്‌ ഭീകരനാണ്‌ ഈ ജീവി. കാട്ടിൽ അപകടങ്ങളില്ലാത്ത വഴികൾ കുറച്ചുമാത്രം. സാഹസികരായ വിദേശികൾ നടത്തിയ പഠന -ഗവേഷണങ്ങളാണ്‌ ലോകത്തിന്റെ മുതൽക്കൂട്ട്‌. എന്നാൽ, ഗോത്രവർഗക്കാർക്ക്‌ അനായാസമായി കാട്ടിൽ പോയിവരാൻ കഴിയും. കാടിന്റെ മക്കളെ ഒരു ജീവിയും ഉപദ്രവിക്കില്ല. ഗയാനയിലെ കാടുകളും കന്യാവനങ്ങളാണ്‌. പരിചയസമ്പന്നരായ ഗോത്രവർഗക്കാർക്ക്‌ മാത്രമാണ്‌ അപകടങ്ങൾ തരണംചെയ്യാൻ കഴിയുന്നത്‌. കാട്ടിൽ കൈയേറ്റക്കാർ ഇല്ലെന്നുള്ളതാണ്‌  ആശ്വാസം. തടിവെട്ടലും കുറവാണ്‌. പച്ചമരുന്നുകൾ കാട്ടുജാതിക്കാർ ശേഖരിച്ചുവെക്കുന്നു.

സ്വർണവും വജ്രങ്ങളും നിരവധി ധാതുക്കളുംകൊണ്ട്‌ സമ്പന്നമാണ്‌ ഗയാന. സർക്കാർ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗയാനയുടെ അർഥം ജലസമൃദ്ധി എന്നാണ്‌. കുതിച്ചൊഴുകുന്ന ആറ്്് പ്രധാനനദികളും മറ്റ്‌ ജലസ്രോതസ്സുകളും നാടിന്‌ അനുഗ്രഹമാണ്‌. അതേസമയം, കുടിക്കാനുള്ള കുപ്പിവെള്ളം തകൃതിയായി വിറ്റഴിയുന്നു. വനങ്ങളിൽ വൈവിധ്യമാർന്ന പാമ്പുകൾ. ഭൂരിഭാഗവും വിഷമുള്ളവ. ചുവന്ന നീളത്തിലുള്ള ഉഗ്രവിഷമുള്ള പാമ്പാണ്‌  ഹാർപ്പി ഈഗിളിന്റെ രുചിക്കൂട്ട്‌.

തെക്കെ അമേരിക്കയിലെ ഏറ്റവും ശക്തനായ കഴുകൻ എന്ന്‌ ഹാർപ്പി ഈഗിളിനെ വിശേഷിപ്പിക്കാം. വലിയ ചിറകുകൾ, മൂർച്ചയേറിയ കൊക്ക്‌. ഉയരത്തിൽ പറക്കുമ്പോഴും താഴെ അനങ്ങുന്ന ചുവന്ന പാമ്പിനെ കണ്ടെത്താൻ കഴിയും. പാമ്പിനെ കിട്ടിയില്ലെങ്കിൽ ചെറിയ പന്നിയെയും മാൻ വർഗത്തിൽപ്പെട്ട ചെറു ജീവികളെയും ഒറ്റക്കൊത്തിന്‌ വീഴ്‌ത്തി കാലുകളിൽ കോർത്ത്‌ ഏറ്റവും ഉയരമുള്ള വൃക്ഷത്തിലേക്ക്‌ കുതിച്ചുകൊണ്ടുപോകും.

പക്ഷിയുടെ ശക്തിയുള്ള കാലുകൾ,  അതിലേറെ ശക്തിയുള്ള മൂർച്ചയേറിയ കൊക്കുകൊണ്ട്‌  ഇരയെ നിശ്ചലമാക്കും. ഏറെ ദിവസത്തെ തിരച്ചിലിനുശേഷമാണ്‌ ഈ കഴുകനെ കാണാൻ കഴിഞ്ഞതെന്ന്‌ സബീഷ്‌ പറഞ്ഞു. പാമ്പിനെ പിടിച്ചാൽ അതിനെ പെട്ടെന്ന്‌ രണ്ടായി മുറിക്കും. കട്ടിയുള്ള ശൽക്കങ്ങൾ കാലിൽ ഉള്ളതിനാൽ  പാമ്പിന്റെ വിഷപ്പല്ലുകൾ നിഷ്‌പ്രഭമാകും. മിന്നൽ വേഗത്തിലാണ്‌ പറക്കൽ.

ജൈവവൈവിധ്യങ്ങളുടെ കലവറ ഗയാനയിലെ മഴക്കാടുകളും ജൈവവൈവിധ്യവും നിരവധി പ്രകൃതി സ്നേഹികൾക്ക്‌ പ്രചോദനമായിട്ടുണ്ട്‌. 860-ഓളം പക്ഷികൾ കാട്ടിലുണ്ട്‌. അത്യപൂർവ അവസരങ്ങളിൽ വർണപ്പക്ഷികൾ നാട്ടിലേക്കിറങ്ങും. 680 സസ്തനജീവികൾ കാട്ടിലുണ്ട്‌. ആയിരത്തോളം വൃക്ഷങ്ങളും സസ്യലതാദികളും.
അയൽരാജ്യമായ ബ്രസീലിലാണ്‌ ജഗ്വാറുകളുടെ (അമേരിക്കൻ കടുവ) ആധിക്യം. ഗയാനക്കാടുകളിലും അവയെ കാണാം. കടുവയേക്കാൾ അല്പം ചെറുതെങ്കിലും മിന്നലാക്രമണത്തിൽ ഇരയെ നിലംപരിശാക്കും. മൃഗങ്ങളെ വീഴ്‌ത്തിയാൽ തലച്ചോറും ചോരയും  കുടിച്ച്‌ ആത്മനിർവൃതി നേടും. മുതലയെപ്പോലുള്ള കൈമാനെ ശക്തിയായ ഒഴുക്കിനെ മറികടന്ന്‌ പിടികൂടും.

വനസംരക്ഷണം നിലവിലാകുംമുമ്പ് ഗോത്രവർഗക്കാർ ജഗ്വാറിനെ പിടികൂടിയിരുന്നു. പെൺജഗ്വാറിന്റെ ശബ്ദം ഗോത്രത്തലവന്‌ അനായാസമായി പുറപ്പെടുവിക്കാൻ കഴിയും. അതോടൊപ്പം ചെണ്ടകൊട്ടും. ആൺ ജഗ്വാർ വന്നാൽ പതിയിരുന്ന്‌ അമ്പും വില്ലുംകൊണ്ട്‌  അതിനെ വീഴ്‌ത്തും. പല ജഗ്വാറുകളും  എഴുന്നേറ്റ്‌ ഓടും. അവയെ അടിച്ചു വീഴ്‌ത്താൻ ഗോത്രത്തലവന്റെ അനുയായികൾ നിരനിരയായി ഒളിച്ചിരിക്കും. ജഗ്വാറിനെ തീയിലിട്ട്‌ പൊരിച്ച്‌ പച്ചിലക്കൂട്ടിന്റെ അച്ചാറുമായി മൃഷ്ടാന്നഭോജനം. 
കാട്ടിൽ നടക്കുമ്പോൾ ഗൺ ബൂട്ടുകൾകൂടിയേതീരൂ. കട്ടിയുള്ള ജീൻസോ പാന്റ്‌സോ അനിവാര്യമാണെന്ന്‌ സബീഷ്‌ പറഞ്ഞു. അരുവിയും നദിയും കണ്ട്‌ മോഹിച്ചിറങ്ങരുത്‌. ഇലക്‌ട്രിക്‌ ഈലുകളുടെ ആവാസകേന്ദ്രമാണ്‌ ചില നദീപ്രദേശങ്ങൾ. വെള്ളത്തിൽ കാലുകുത്തിയാൽ ഷോക്കടിക്കുന്ന അനുഭവമായിരിക്കും. അതാണ്‌ ഈ ജീവിയുടെ ശക്തി. അതുപോലെ നീർനായ്‌ക്കൾ അപകടകാരികളാണ്‌. പിരാന മത്സ്യവും വെള്ളത്തിലിറങ്ങുന്ന ആളുകളെ ആക്രമിച്ച്‌ കാലിന്റെ ദശ കടിച്ചുമുറിക്കും.

വനപ്രദേശങ്ങളിൽ അങ്ങനെ അപകടങ്ങൾ പതുങ്ങിയിരിക്കുന്നു. കടന്നൽ പോലുള്ള ജീവികളുടെ ആക്രമണവും പൊടുന്നനെയായിരിക്കും. മനുഷ്യന്റെ പര്യവേക്ഷണം ഇന്നും ഗയാനക്കാടുകളിൽ പൂർത്തിയായിട്ടില്ല. എന്നാൽ ഉപഗ്രഹങ്ങൾവഴിയുള്ള നിരീക്ഷണങ്ങൾ ഫലപ്രദമാണ്‌. രാജ്യത്തിന്റെ പകുതിയിലേറെ വനങ്ങളുള്ളപ്പോൾ അതിൽ നല്ലൊരുശതമാനം മനുഷ്യന്‌ അപ്രാപ്യമായി നിലകൊള്ളുന്നു. മഴക്കാടുകളിൽ ആകൃഷ്ടനായ ഡേവിഡ് ആറ്റൻബറോ വർഷങ്ങളോളം ഇവിടെ ചുറ്റിസഞ്ചരിച്ച്‌ ടി.വി. ചിത്രങ്ങൾ നിർമിച്ചു. ഷെർലക്‌ഹോംസിന്റെ സ്രഷ്ടാവായ ആർതർ കൊനാൻ ഡോയൽ തന്റെ ‘ലോസ്റ്റ്‌ വേൾഡ്‌’ എന്ന നോവലിൽ ഗയാനയാണ്‌ ഇതിവൃത്തമാക്കിയിരിക്കുന്നത്‌.

പ്രകൃതിയുടെ മാസ്മരാനുഭവങ്ങൾ ഇനിയുമുണ്ടെന്ന്‌ സബീഷ്‌ പറഞ്ഞു. നയാഗ്ര വെള്ളച്ചാട്ടത്തിനെക്കാൾ നാലിരട്ടി വലിപ്പമുള്ള കൈടൂർ വെള്ളച്ചാട്ടം ഗയാനയിലാണ്‌. എങ്ങുംതട്ടാതെ മുകളിൽനിന്ന്‌ താഴെയെത്തുന്ന ലോകത്തിലെ ഏറ്റവുംവലിയ വെള്ളച്ചാട്ടം. ആഫ്രിക്കയിലെ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ ഇരട്ടി ഉയരം. 822 അടി ഉയരം. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഈ ജലപ്രവാഹം ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായി സബീഷ്‌ പറഞ്ഞു. അതുപോലെ ആമസോൺ നദിയിലൂടെ യാത്രചെയ്ത്‌ കാട്ടിലുള്ള റൊറൈമ എന്ന വൻ പാറക്കൂട്ടത്തിന്റെ വിസ്മയകരമായ കാഴ്ചയ്ക്കും യുവാവിന്‌ അവസരംകിട്ടി. അവിടെ ആറോത്ത വനപ്രദേശത്ത്‌ കഴിയുന്ന ഒരുകൂട്ടം ഗോത്രവർഗക്കാരുടെ കുഞ്ഞിനെ അടിയന്തര ചികിത്സയ്ക്ക്‌ ചെറുവിമാനത്തിൽ ഗയാനയുടെ തലസ്ഥാനമായ ജോർജ് ടൗണിൽ എത്തിച്ച്‌ രക്ഷിച്ച സബീഷ്‌ അവിടെ കാണപ്പെട്ട ദൈവമാണ്‌.

ബാഹ്യലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത ഗിരിവർഗക്കാരാണ്‌ അവിടെയുള്ളത്‌. കാട്‌ നൽകുന്ന ഭക്ഷണംകഴിച്ച്‌ അവർ കഴിയുന്നു.
ഗയാനയിലെ ചളിയും കല്ലും നിറഞ്ഞറോഡിലൂടെ ആറുമണിക്കൂർ യാത്രചെയ്താൽ അരികാക്ക സ്വർണഖനിയിൽ എത്താം. 1984-ൽ ഇവിടെ ലോകത്തെ നടുക്കിയ സംഭവം ഉണ്ടായി. ദൈവദൂതൻ എന്നുപറഞ്ഞ്‌ ഒരാൾ അവിടെയെത്തി 300 ആദിവാസികളെ ‘സ്വർഗത്തിലേക്ക്‌’ ഉയർത്തി. അവർക്ക്‌ ദൈവദൂതൻ ഐസ്‌ക്രീമിൽ വിഷംനൽകി. മരിച്ചാൽ സ്വർഗാരോഹണമെന്നു പറഞ്ഞ്‌ ആദിവാസികളെ വിശ്വസിപ്പിച്ചു. അന്ന്‌ ലോകത്തിലെ പ്രധാന ടെലിവിഷൻ റിപ്പോർട്ടർമാർ പ്രത്യേക വിമാനങ്ങളിലും ഹെലികോപ്‌റ്ററുകളിലുമായി അരികാക്കയിൽ എത്തി.

***************************
ഭീമനും ധൃതരാഷ്ട്രരും രാമനും സീതയും

കോളിങ്‌ ബെൽ അടിച്ചപ്പോൾ യുവാവ്‌ വാതിൽ തുറന്നു. പേര്‌ ഭീമൻ. കാഴ്ചയിൽ കൃശഗാത്രൻ. നിഷ്കളങ്കഭാവം. അമേരിക്കൻ ഫാഷന്‌ കിടപിടിക്കുന്ന വസ്ത്രങ്ങൾ.  ഷാരൂഖ്‌ ഖാന്റെ ആരാധകൻ. പക്ഷേ, കേട്ടുകൊണ്ടിരുന്ന ഹിന്ദിഗാനം കഴിഞ്ഞ നൂറ്റാണ്ടിലേതായിരുന്നു. രാജ്‌കപൂർ ചിത്രമായ ‘ആവാര’യിൽനിന്ന്‌.  ‘സംഗ’ത്തിലെയും താജ്‌മഹലിലെയും രാജേഷ്‌ഖന്ന ചിത്രങ്ങളിലെയും പാട്ടുകളാണ്‌ ‘ന്യൂജൻ’ യുവാക്കൾക്ക്‌ പ്രിയം. 

ആത്മാവിന്റെ ഗാനങ്ങളായി അവ വിശേഷിപ്പിക്കപ്പെടുന്നു; അതോടൊപ്പം ക്രിക്കറ്റും. ‘ചൗദവിൻ കാ ചാന്ദ്‌’ യുവാവ്‌ മൂളി. പുഞ്ചിരിച്ച്‌ അതിഥിയെ വീട്ടിലെ സ്വീകരണമുറിയിൽ ഇരുത്തി. ഗയാനയിലെ ജനസംഖ്യയിൽ 30 ശതമാനത്തിൽ കൂടുതൽ ഇന്ത്യൻ വംശജരാണ്‌. അതിലൊരു യുവാവിനെക്കുറിച്ചാണീ വിവരണം. 1928-ലാണ്‌ ആദ്യമായി ഇന്ത്യക്കാരെ രാജ്യം ഭരിച്ച ഇംഗ്ലീഷുകാർ കരിമ്പുതോട്ടത്തിൽ പണിയെടുക്കാൻ കൊണ്ടുവന്നത്‌. ബിഹാറികളും ബംഗാളികളും തമിഴരുമെത്തി. അവരുടെ പിൻതലമുറക്കാരാണ്‌ ഗയാന പൗരന്മാർ. ഹിന്ദിയും അല്പം തമിഴും ഗയാനയിൽ കേൾക്കാം. ആഫ്രിക്കയിൽനിന്ന്‌ അടിമകളും. 

ഇന്ത്യൻ പേരുകൾ ഗയാനയിൽ സുലഭം. ധൃതരാഷ്ട്രരും ദുര്യോധനനും രാമനും ലക്ഷ്മണനും വാല്‌‌മീകിയും ശത്രുഘ്‌നനും നകുലനും ഹനുമാനും... പട്ടിക അങ്ങനെ നീളും. സ്ത്രീകൾക്ക്‌ സീതയും കൗസല്യയും ലക്ഷ്മിയും പാർവതിയും സരസ്വതിയുമാണ്‌ പേരുകൾ. തെങ്ങും നെൽപ്പാടങ്ങളും ഗയാനയിൽ സുലഭം. മുഖ്യാഹാരം ചോറാണ്‌. ബ്രസീലിൽനിന്ന്‌ കൊണ്ടുവന്ന്‌ നട്ടുപിടിപ്പിച്ച കപ്പ ഇപ്പോൾ വനംപോലെയായി.  കപ്പയും ചോറും എല്ലാ വീട്ടിലുമുണ്ട്‌. നാട്ടുകാരിൽ അമേരിന്ത്യക്കാർക്കും ചോറ്് പ്രിയം. ഏത്തപ്പഴവും കദളിപ്പഴവും ചെറുപഴവും വഴുതനയും അച്ചിങ്ങയും പരിപ്പും സുലഭം. റെസ്റ്റോറന്റുകളിൽ പരിപ്പിനും ചപ്പാത്തിക്കും ചോറിനും സാമ്പാറിനും ആളുകൾ ക്യൂ നിൽക്കും. തുണിക്കച്ചവടം ഇന്ത്യക്കാരുടെ കുത്തകയായി.

ഈ വിദൂരദേശത്ത്‌ സബീഷ്‌ എങ്ങനെയെത്തി? സബീഷ്‌ മറുപടി നൽകി. ‘ഞാൻ തട്ടാനാണ്‌.’ അച്ഛൻ ഭാസ്കരൻ മേപ്പയ്യൂരിൽ സ്വർണക്കട നടത്തുന്നു. ചെറുപ്പത്തിൽത്തന്നെ സ്വർണത്തിന്റെ മാറ്റ്‌ എനിക്ക്‌ നന്നായി അറിയാമായിരുന്നു.  സ്വർണ, വജ്ര, ധാതു ഖനനത്തിൽ മുന്നിൽനിൽക്കുന്ന ഗയാനയിലെ സാങ്കേതികവിദഗ്ധരുടെ കൂട്ടത്തിൽ സബീഷിന്‌ സ്ഥാനം കിട്ടി. സർക്കാറുമായി ഒന്നിച്ച്‌ പ്രവർത്തിക്കുന്ന ഒരു കമ്പനിക്ക്‌ രൂപംനൽകാനും കഴിഞ്ഞു.

രണ്ടുവർഷംമുമ്പ്‌ ദൃഢനിശ്ചയത്തോടെയാണ്‌ ഗയാനയിൽ കാലുകുത്തിയത്‌. ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായ ഏക ദക്ഷിണ അമേരിക്കൻ രാജ്യമാണിത്‌. ‘പെട്ടെന്ന്‌ നാടുമായി ഇണങ്ങാൻ കഴിഞ്ഞു. ഭാഷ പ്രശ്നമായില്ല.  ഹിന്ദിയും തമിഴുമുണ്ട്‌, അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇന്ത്യൻ വംശജരാണ്‌ നാട്ടുകാരിൽ വേണ്ടുവോളം. വജ്രരംഗത്തെ വിദഗ്‌ധനായ സലീമും കൂടെയുണ്ടായിരുന്നു.  യാത്ര ദുഷ്കരമായിരുന്നു. മുംബൈയിൽനിന്ന്‌ ആംസ്റ്റർഡാമിൽ പിന്നീട്‌ ഒൻപത്‌ മണിക്കൂർ തുടർച്ചയായി വിമാനത്തിലുമിരുന്ന്‌ കരീബിയൻ സമുദ്രത്തിലെ കുറസോവയിലെത്തി. അവിടെനിന്ന് ട്രിനിഡാഡ്. പിന്നെ ഗയാനയുടെ തലസ്ഥാനമായ ജോർജ്‌ടൗൺ. മുംബൈയിൽനിന്ന് വിട്ടശേഷം മൂന്നാംദിവസമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.

കുറസോവ ലോകത്തിലെ ഏറ്റവും പ്രധാനമായ ടൂറിസ്റ്റ് കേന്ദ്രമാണ്. എല്ലാ ആഴ്ചയും 4000 പേരുള്ള യാത്രാക്കപ്പൽ എത്തുന്നു. നൂറുകണക്കിന് ഹോട്ടലുകൾ. അത് നിറഞ്ഞാൽ അതിമനോഹരമായ ഹോംസ്റ്റേകൾ. എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുമുള്ള പൂക്കളും ഫലങ്ങളും പഴങ്ങളും ഇവിടെയെത്തുന്നു. ജനനിബിഡമായ സ്റ്റോളുകളും സൂപ്പർ മാർക്കറ്റുകളും. ലോകത്തിലെ ഏറ്റവും മികച്ച സമുദ്രോത്‌പന്നങ്ങൾ ഹോട്ടലുകളിൽ നിറയുന്നു. നീലക്കടൽത്തീരമാണിവിടെ. 
നാട്ടുകാർക്കിടയിൽ ഇന്ത്യക്കാർക്ക് മതിപ്പാണ്. ഹിന്ദുക്ഷേത്രങ്ങൾ നിരവധി. പ്രത്യേകിച്ച് ഭഗവതിക്ഷേത്രങ്ങളും ഹനുമാൻ കോവിലും. ഹോളിയും ദീപാവലിയും ദുർഗാപൂജയും  പൊങ്കലും ഇവിടെ കെങ്കേമമായി ആഘോഷിക്കുന്നു. നാട്ടുകാരും ഗോത്രവർഗക്കാരും ചടങ്ങിൽ ആവേശത്തോടെ പങ്കെടുക്കും. കരിമ്പുകൃഷിയിൽ ഇന്ത്യൻ വംശജർ ആധിപത്യം ഉറപ്പിച്ചു. നെൽപ്പാടങ്ങളിൽ കൊയ്ത്തുകാലത്ത് പാട്ടും മേളവും കേൾക്കാം. ഖനനങ്ങൾ സർക്കാർ നിയന്ത്രണത്തിലാണ്. ചെമ്പും ബോക്സൈറ്റും ഗ്രാനൈറ്റും വെള്ളിയും സ്വർണവും രാജ്യത്തിന്റെ സമ്പത്താണ്.