ശിംശപാവൃക്ഷം കാണണമെങ്കില്‍ ലങ്കയിലെ അശോകവനികയോളം പോകേണ്ട കാര്യമില്ല. കോഴിക്കോട് പൊക്കുന്നിലെ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കാണാം, സീതാദേവിയുടെ സങ്കടത്തില്‍ പങ്കുകൊണ്ട് തളിരിലകള്‍ താഴ്ത്തിയിരിക്കുന്ന ഈ വൃക്ഷത്തെ.

ലങ്കയിലേക്കു തട്ടിക്കൊണ്ടുവന്ന സീതാദേവിയെ രാവണന്‍ പാര്‍പ്പിച്ചത് അശോകവനികയില്‍ ശിംശപാവൃക്ഷച്ചുവട്ടിലാണെന്നാണ് രാമായണപ്രസിദ്ധി. ദുഃഖിതയും ക്ഷീണിതയും വിരഹിണിയുമായ സീതാദേവിയുടെ സങ്കടം അതേയളവില്‍ ഉള്‍ക്കൊണ്ടാണ് ഈ വൃക്ഷത്തിന്റെ ഇലകള്‍ താഴോട്ടുകൂമ്പി വിഷാദഭാവം കൈക്കൊണ്ടതെന്നാണ് കവിഭാവന. അതേ വിഷാദഭാവം കാണാം ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശിംശപാവൃക്ഷത്തിനും.

പൂമരങ്ങളുടെ റാണി(Queen of flowering trees) എന്നാണ് ശിംശപാവൃക്ഷത്തിന്റെ വിശേഷണം. അതിനുചുവട്ടില്‍ ഒരിക്കലും വെയിലടിക്കാറില്ല. ഇലകളുടെ സമൃദ്ധിയും ഭൂമിയിലേക്കു തൂങ്ങിക്കൊണ്ടുള്ള നിലയുമാണ് ഇതിനു കാരണം.

ഇങ്ങനെ ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് സസ്യങ്ങളുടെ കലവറയാണ് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ്. അപൂര്‍വവും വിചിത്രവുമായ സസ്യങ്ങളെ പരിചയപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ക്കുവേണ്ടി എല്ലാ ദിവസവും ഈ സ്ഥാപനത്തിന്റെ വാതിലുകള്‍ തുറന്നിരിക്കുന്നു.

ലോകത്തിലെ ഏറ്റവും ചെറിയ സപുഷ്പി

ഉദ്യാനത്തിന്റെ മുന്നിലെത്തുമ്പോള്‍ സ്വാഗതം ചെയ്യുന്നത് ജലസസ്യങ്ങളുടെ വലിയ ശേഖരമാണ്. ‘അക്വാജീന്‍’ എന്ന് പേരിലൊരുക്കിയിരിക്കുന്ന ഗാലറിയില്‍ ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പിക്കുന്ന സസ്യത്തെ കാണാം. ഒരു വിരല്‍ത്തുമ്പില്‍ ആയിരക്കണക്കിനുണ്ടാവും അവ. കുടക് പച്ചയെന്നാണ് നാട്ടുപേര്.

കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്നത് സസ്യങ്ങളുടെ പതിവാണെന്ന് എല്ലാവര്‍ക്കുമറിയാം. ഓക്സിജന്‍ പുറത്തുവിടുന്നത് വ്യക്തമായി കാണണമെങ്കില്‍ ചിരവനാക്കുപോലെ കാണുന്ന പനവെര്‍ ചിരവ എന്നറിയപ്പെടുന്ന ഈ ചെടി ശ്രദ്ധിച്ചാല്‍മതി. വെള്ളം ശുദ്ധീകരിക്കാന്‍ വളര്‍ത്തിയിരുന്ന കിണര്‍വാഴ, മറവിരോഗത്തിനുള്ള മരുന്നായി ഉപയോഗിക്കാവുന്ന കിഴങ്ങുണ്ടാവുന്ന സസ്യം... അങ്ങനെ നമുക്കുചുറ്റുമുള്ളതും നമ്മളറിയാത്തതുമായ എത്രയെത്രയോ ചെടികള്‍.

ജലസസ്യങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഗാലറിയാണ് ഈ ഉദ്യാനത്തിലേത്. കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാവ്യതിയാനമന്ത്രാലയത്തിന്റെ ലീഡ് ഗാര്‍ഡനാണിത്. ജലസസ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത്രയും വൈവിധ്യം ദക്ഷിണപൂര്‍വേഷ്യയില്‍ത്തന്നെ വേറെയെവിടെയും കാണാനാവില്ലെന്ന് സയന്റിസ്റ്റ് ഇന്‍ ചാര്‍ജ് ഡോ. എന്‍.എസ്. പ്രദീപ് പറഞ്ഞു.

വംശനാശത്തിന്റെ വക്കിലുള്ളവയുള്‍പ്പെടെ 475 ജലസസ്യങ്ങളാണ് ഇവിടെ പരിപാലിക്കുന്നത്. ഓരോ സസ്യകുടുംബത്തിലെയും ഒട്ടേറെ സ്പീഷീസുകളുമുണ്ട്. 15 ഏക്കര്‍ തണ്ണീര്‍ത്തടത്തിലാണ് ഇവയൊക്കെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇവയ്ക്കായി അഞ്ച് കുളങ്ങളുമുണ്ട്. ആമ്പലുകള്‍തന്നെ 16 വ്യത്യസ്ത ഇനങ്ങളുണ്ട്. തണ്ണീര്‍ത്തടങ്ങളും വെള്ളക്കെട്ടുകളും കുളങ്ങളും കിണറുകളുമൊക്കെ അപ്രത്യക്ഷമാവുമ്പോള്‍ നാട്ടില്‍നിന്നു കാണാതാവുന്ന ചെടികളാണ് ഇവിടെയുള്ളവയിലേറെയും.

പരിണാമത്തിന്റെ വഴികള്‍

മെല്ലെ കുന്നുകയറിത്തുടങ്ങുമ്പോള്‍, പരിണാമദശയിലെ നിര്‍ണായകഘട്ടങ്ങള്‍ അടയാളപ്പെടുത്തുന്ന ചെടികളെ പരിചയപ്പെടാം. സാധാരണഗതിയില്‍ പറിച്ചുനടാനാവാത്ത സസ്യങ്ങളാണിവ. പര്‍വതപ്രദേശങ്ങളില്‍ മാത്രം കാണാവുന്ന, സസ്യപരിണാമത്തിലെ ഏറ്റവും താഴേത്തട്ടില്‍നില്‍ക്കുന്ന ചെടികള്‍ സംരക്ഷിക്കാനായി പ്രത്യേകഗാലറികള്‍ ഉണ്ട്. ആ സസ്യങ്ങളുടെ തനത് ആവാസവ്യവസ്ഥ പുനഃസൃഷ്ടിച്ചുകൊണ്ടാണ് ഇവ നിലനിര്‍ത്തിയിരിക്കുന്നത്. മൂന്നുമണിക്കൂര്‍ ഇടവിട്ട് മൂടല്‍മഞ്ഞും മഴയും വരുന്ന ഗാലറികളാണ് ഇവിടെയുള്ളത്.

ജന്മനക്ഷത്രങ്ങളുടെ പേരിലുള്ള ഉദ്യാനമുണ്ട് തൊട്ടടുത്ത്. പിന്നെയും കുന്നു കയറിയാല്‍ ഓര്‍ക്കിഡുകളുടെയും പനകളുടെയും ഔഷധസസ്യങ്ങളുടെയും ഉദ്യാനങ്ങള്‍. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്ന 742 സ്പീഷീസുകളില്‍ 432 സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്നതാണ് ഹോര്‍ത്തൂസ് വാലിയുടെ പ്രത്യേകത. അപുഷ്പികളുടെ ഉദ്യാനത്തില്‍ കാണാം, 150 തരം ചെടികള്‍.

ഉച്ചിയിലെത്താറാവുമ്പോള്‍ ശലഭോദ്യാനം കാണാം. പുതിയതായി ഉണ്ടാക്കിയ ഈ ഭാഗത്ത് വിവിധതരം ശലഭങ്ങള്‍ ഏതുനേരവും വരുന്നു. അവ ചെടികളെ എപ്രകാരമൊക്കെ ഉപയോഗിക്കുന്നെന്നത് നേരിട്ടുകണ്ടു പഠിക്കാന്‍ കഴിയും ഇവിടെയെത്തിയാല്‍. അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് കൃഷിരീതിയില്‍ പച്ചക്കറിയും മത്സ്യങ്ങളുമുണ്ടാക്കുന്നതു കാണാം തൊട്ടടുത്തുതന്നെ.

ഗവേഷണസൗകര്യം വര്‍ധിക്കുന്നു

ലൈബ്രറിയും ഗവേഷണസൗകര്യങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡോ. എന്‍.എസ്. പ്രദീപ് പറഞ്ഞു. റിസര്‍ച്ച് ബ്ലോക്ക് പൂര്‍ത്തിയായി വരുന്നു. ഡോര്‍മറ്ററി സൗകര്യം രണ്ടുമാസത്തിനകം സജ്ജമാകും. 14 പേരാണ് ഇപ്പോള്‍ ഇവിടെ ഗവേഷണം നടത്തുന്നത്.

മലബാര്‍ അക്വാറ്റിക് ബയോപാര്‍ക്ക് എന്ന പേരില്‍ ജലസസ്യങ്ങളുടെ കേന്ദ്രം വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞവര്‍ഷം തീരുമാനിച്ചതാണ്. മൂന്നുകോടി രൂപയാണ് ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. പ്രളയമുണ്ടായതിനാല്‍ അത് നടപ്പായില്ല. ഇക്കൊല്ലം ആ തുക വീണ്ടും വകയിരുത്തിയിട്ടുണ്ട്.

ഈ വിദ്യാഭ്യാസവര്‍ഷം മുതല്‍ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്കായി അക്കാദമിക് അറ്റാച്ച്‌മെന്റ് പ്രോഗ്രാം നടപ്പാക്കുന്നുണ്ട്. താമസിച്ച് പഠിക്കാനും പഠനവസ്തുക്കള്‍ ലഭിക്കാനുമുള്ള സൗകര്യം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

ചെടികള്‍ വാങ്ങാം

ആവശ്യക്കാര്‍ക്ക് ചെടികളും പച്ചക്കറികളും എപ്പോഴും ലഭ്യമാക്കാനായി സെന്‍ട്രല്‍ നഴ്‌സറി സജ്ജമാക്കിയിട്ടുണ്ട്. ബൊട്ടാണിക് ഗാര്‍ഡനില്‍ മാത്രമല്ല, കോഴിക്കോട് ബീച്ചിലും വിപണനസൗകര്യമൊരുക്കുന്നുണ്ട്. ഓഗസ്റ്റിലാണ് ഈ പ്ലാന്റ് നഴ്‌സറി പ്രവര്‍ത്തനം തുടങ്ങുക.

ഇപ്പോള്‍ ദിവസവും ഒട്ടേറെ കുടുംബങ്ങള്‍ ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്നുണ്ട്. അവര്‍ക്ക് ഇരിക്കാനും വെള്ളം കുടിക്കാനുമൊക്കെ സംവിധാനമൊരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ നല്‍കാന്‍ ഫീല്‍ഡ് ഗൈഡുകളുമുണ്ട്. ഡിസംബറിലോ ജനുവരിയിലോ ‘മലബാര്‍ ഗാര്‍ഡന്‍ ഫെസ്റ്റിവല്‍’ എന്നപേരില്‍ ഒരാഴ്ചത്തെ പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ജില്ലയുടെ എല്ലാഭാഗത്തുനിന്നുമുള്ളവര്‍ ഇതിന്റെ ഭാഗമായി ഉദ്യാനം സന്ദര്‍ശിക്കാനെത്തുമെന്നാണ് പ്രതീക്ഷ- പ്രദീപ് പറഞ്ഞു.

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍

പ്രവേശനം എല്ലാ ദിവസവും. സമയം രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുവരെ. വൈകീട്ട് അഞ്ചര വരെയാണ് ടിക്കറ്റുകള്‍ നല്‍കുക.

പ്രവേശനഫീസ് 30 രൂപ.

ഫോട്ടോയെടുക്കാന്‍ 50 രൂപ.

വീഡിയോയ്ക്ക് 800 രൂപ.

ഡോക്യുമെന്ററി ചിത്രീകരണത്തിന് (ഒരു ദിവസത്തേക്ക്) 1000 രൂപ.

സീരിയല്‍, ആല്‍ബം ചിത്രീകരണത്തിന് (ഒരു ദിവസത്തേക്ക്) 3000 രൂപ.

സിനിമാചിത്രീകരണത്തിന് (ഒരു ദിവസത്തേക്ക്) 10,000 രൂപ.

ഗൈഡിന്റെ സേവനം വേണമെങ്കില്‍ ഒരു ബാച്ചിന് 100 രൂപയാണ് ഫീസ്.

നിരക്കിലെ ഇളവുകള്‍

30 കുട്ടികളും രണ്ടധ്യാപകരുമടങ്ങുന്ന സ്കൂള്‍, കോളേജ് സംഘത്തിന് 600 രൂപ.

20 പേരടങ്ങുന്ന സംഘത്തിന് 500 രൂപ.

ക്യാമറയ്ക്ക് അധികതുക നല്‍കണം.

Content Highlights: Malabar Botanical Garden, Developments of Malabar Botanical Garden