സ്വരമാധുരിയാൽ ദക്ഷിണേന്ത്യൻ മനസ്സുകൾ കീഴടക്കിയ പാട്ടുകാരൻ കാർത്തികിന്റെ ഖൽബ് കവർന്നത് കോഴിക്കോടൻ രുചിയാണ്. ഇവിടത്തെ ബിരിയാണിക്കും സുലൈമാനിക്കുമെല്ലാം എന്തോ മാന്ത്രികതയുണ്ടെന്നാണ് കാർത്തിക് പറയുന്നത്. ഒരു സ്വകാര്യ സന്ദർശനത്തിനായി എത്തിയ കാർത്തിക് കോഴിക്കോടൻ  രുചിയോടുള്ള ഇഷ്ടത്തെക്കുറിച്ച് വാചാലനായി. താജ് ഹോട്ടൽ മുതൽ  വിമാനത്താവളംവരെയുള്ള യാത്രയ്ക്കിടെ അദ്ദേഹം സംസാരിച്ചതിൽ കൂടുതലും ഈ നഗരത്തിന്റെ രുചിയെക്കുറിച്ചാണ്.    'ബിരിയാണിയും സുലൈമാനിയുമാണ് ഏറെ വിസ്മയിപ്പിച്ചത്. ഒരു ദിവസം മുൻപേ  ചെന്നൈയിലേക്ക് മടങ്ങേണ്ടതായിരുന്നു.  ബിരിയാണിയുടെ രുചിയാണ് ഒരു ദിവസംകൂടെ ഇവിടെ നിൽക്കാൻ പ്രേരിപ്പിച്ചത്' കാർത്തിക് പറയുന്നു. 

കോഴിക്കോട് താങ്കളുടെ പ്രിയ നഗരമാണെന്ന് പറഞ്ഞല്ലോ. എന്തുകൊണ്ടല്ലാമാണ്  കോഴിക്കോടിനെ പ്രണയിക്കാൻ ധാരാളം കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും ഭക്ഷണവും ഇവിടത്തുകാരുടെ സ്നേഹവുമാണ് എന്നെ ഏറ്റവുമധികം ആകർഷിച്ചത്. എന്തൊരു രുചിയാണ്. ലോകത്ത് മറ്റൊരിടത്തും ഇത്രയും  സ്വാദുള്ള ഭക്ഷണം ഞാൻ കഴിച്ചിട്ടില്ല. മാത്രമല്ല ഇവിടത്തുകാർ ഒരു കുടുംബാംഗത്തെപ്പോലെയാണ് എന്നോട് പെരുമാറുന്നത്. ഭക്ഷണത്തിനൊപ്പം സ്നേഹവും വിളന്പുന്ന നാട്ടുകാർ.എങ്ങനെയാണ് ഇത്രയും രുചികരമായ ഭക്ഷണമുണ്ടാക്കുന്നത്? ഇത് ശരിക്കും മാന്ത്രികതതന്നെയാണ്. പാരഗൺ ഹോട്ടലിൽനിന്നുമാത്രമേ ഞാൻ കഴിച്ചിട്ടുള്ളൂ. അവിടത്തെ ചിക്കൻ ബിരിയാണിയും സുലൈമാനിയുമാണ് ഇപ്പോൾ എന്റെ  പ്രിയ വിഭവങ്ങൾ.  കഴിച്ചിട്ടും കഴിച്ചിട്ടും വീണ്ടും കോഴിക്കോടൻ രുചി എന്നെ ഇവിടേക്ക് പിടിച്ചുവലിക്കുകയാണ്

ഏതാണ് കൂടുതലിഷ്ടം...

ഞാൻ എല്ലാത്തരം വിഭവങ്ങളും പരീക്ഷിക്കുന്ന ഒരു ഭക്ഷണപ്രേമിയാണ്. വെജും നോണുമെല്ലാം എനിക്കൊരുപോലെ ഇഷ്ടമാണ്. ചിക്കനും മീനുമെല്ലാം എത്രവേണമെങ്കിലും കഴിക്കും. കോഴിക്കോടൻ ബിരിയാണിയാണ് എനിക്ക് ഏറെയിഷ്ടം. അതുപോലെ പൊടിച്ചിക്കൻ ഫ്രൈയും. ഇവയോടൊപ്പം ഒരു സുലൈമാനിയും കൂടെയായാൽ ബലേ ഭേഷ്.

സുലൈമാനി അത്രമേൽ അതിശയിപ്പിച്ചോ?

മുൻപൊരിക്കൽ കോഴിക്കോട്ട് വന്നപ്പോഴാണ് സുലൈമാനിച്ചായയെക്കുറിച്ച് കേൾക്കുന്നത്. അന്നുമുതൽ എനിക്കതിനോട് വല്ലാത്ത കൊതിയാണ്. ഞങ്ങളുടെ നാട്ടിലൊന്നും ഇതുപോലെയുള്ള ചായ കിട്ടില്ല. പേരുപോലെ വളരെ വ്യത്യസ്തമാണ് സുലൈമാനിയുടെ രുചി. ഇപ്പോഴും നാവിൽ അതിന്റെ രുചി തങ്ങിനിൽപ്പുണ്ട്.നല്ല ഒരു ഭക്ഷണപ്രേമിയാണെങ്കിലും കുക്കിങ്ങിലേക്ക് ഇതുവരെ കൈകടത്തിയിട്ടില്ല. പാചകം സംഗീതം പോലെ ഒരു കലയാണ്. ആ കലയിൽ എനിക്ക് അത്ര അറിവുപോര. 

കോഴിക്കോടൻ സംഗീതത്തെക്കുറിച്ച് 

ഈ നഗരത്തിന് സംഗീതത്തിന്റെയും സ്നേഹത്തിന്റെയും മണമാണ്. ഇവിടത്തെ കലാസ്വാദകരുടെ സ്നേഹവും അവരുടെ പെരുമാറ്റവുമെല്ലാം ആരെയും അതിശയിപ്പിക്കും. ഒരു സംഗീതജ്ഞൻ എന്നനിലയിൽ ഇവിടത്തുകാർ തന്ന സ്വീകരണം പറഞ്ഞറിയിക്കാനാകില്ല. ഇവിടെ  ഓരോരുത്തരുടെയും മനസ്സിൽ സംഗീതമുണ്ട്. ഇത്രയും മികച്ച കലാസ്വാദകരെ ലോകത്ത് മറ്റെവിടെയും കാണാനാകില്ല. പൊതുവേ ഗസലുകളാണ് എനിക്ക് ഏറെ പ്രിയം. ഈ നഗരം ഗസലുകളെയും ഹിന്ദുസ്ഥാനിയെയും നെഞ്ചേറ്റുന്നു എന്നറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്.

പാട്ടിനും രുചിക്കുമപ്പുറത്തെ ഇഷ്ടങ്ങൾ

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക എന്നുള്ളതാണ് എനിക്ക് പ്രധാനം. റെക്കോഡിങ്ങും സ്റ്റേജ് ഷോയുമെല്ലാമായി തിരക്കിലാണെങ്കിലും അവരോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്. പിന്നെ പ്രകൃതിമനോഹരമായ ഇടങ്ങളിലേക്ക് ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണ്. ഈ വരവിൽ വയനാട്ടിലേക്ക് ഒരു യാത്ര നടത്തി. മുത്തങ്ങയും മുതുമലയും ബന്ദിപ്പുരുമെല്ലാം എന്നെ അതിശയിപ്പിച്ചു. കേരളത്തിൽ അതുപോലുള്ള ഒത്തിരിയിടങ്ങളുണ്ടെന്നറിയാം. സമയംകിട്ടുമ്പോൾ അവിടേക്കെല്ലാം കുടുംബത്തോടൊപ്പം യാത്ര ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.വിശേഷങ്ങൾ പങ്കുവെച്ച്  കാറോടിക്കുന്നതിനിടെ രാമനാട്ടുകര വിട്ട് മലപ്പുറം ജില്ലയിലേക്ക്  പ്രവേശിച്ചപ്പോൾ കോഴിക്കോട് ജില്ല ഇവിടംകൊണ്ട് തീർന്നെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മറുപടി ഒരു പാട്ടിന്റെ രൂപത്തിലായിരുന്നു.‘ഒരു നോവുപാട്ടിന്റെ നേർത്ത രാഗങ്ങളോർത്തു പോകുന്നു ഞാൻ... അകലെ... അകലെ... ആരോ പാടും...’