'ഞാന്‍ വത്സന്‍. അധ്യാപകനാണ്. ഭാര്യയും മക്കളും ഉള്ള കുടുംബത്തോടൊപ്പം ആംസ്റ്റര്‍ഡാമില്‍ താമസിക്കുന്നു.' അതെപ്പോള്‍ എന്ന കൂട്ടുകാരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍. 'ഇവിടെ വന്നവരെല്ലാം പല രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പേര് പറയുന്നു. അതുകൊണ്ട് ഞാന്‍ എന്റെ വീടിന് ഇപ്പോള്‍ ആംസ്റ്റര്‍ ഡാം എന്ന് പേരിട്ടു. എന്തേ കുഴപ്പമുണ്ടോ?' വത്സന്‍മാഷുടെ ഉത്തരത്തിന് പൊട്ടിച്ചിരിയുടെ അകമ്പടിയായിരുന്നു പിന്നീട് കേട്ടത്.

കലാലയ ജീവിതത്തിന് ഇപ്പുറം മുപ്പതിലധികം വര്‍ഷം കഴിഞ്ഞിട്ടും അതേ നര്‍മ്മം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നവര്‍, അതേ സ്നേഹം നിലനിര്‍ത്തുന്നവര്‍. പരസ്പരം കേട്ടറിവുപോലുമില്ലാത്ത ചിലര്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലൂടെ കിട്ടിയ സമത്വതത്തിന്റെയും സദ്ഭാവനയുടെയും സ്നേഹ പാഠങ്ങള്‍. എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന ഒരേയൊരു വികാരം അതൊന്നുമാത്രമായിരുന്നു.

farook1982 മുതല്‍ 2002 വരെയു്ള്ള വിവിധ കാലഘട്ടങ്ങളില്‍ ഫാറൂഖ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചവരുടെ ഒത്തുചേരലായിരുന്നു അത്. കേരളത്തില്‍ എവിടെയും ഇതുവരെയില്ലാത്ത ഒരു കൂടിച്ചേരലിനാണ് എരഞ്ഞിക്കല്‍ പുഴയോരം കഴിഞ്ഞ ദിവസം വേദിയായത്. വയസ്സ് മുപ്പതോ അന്‍പതോ എന്നതോ ആണോ പെണ്ണോ എന്ന തോ അവിടെ വിഷയമായില്ല. തമ്മില്‍ ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ 'ജനറേഷന്‍ ഗ്യാപ്പ്' എന്ന വാക്കിനെ നിരര്‍ത്ഥകമാക്കുകയായിരുന്നു അവിടെ.

സമയം വൈകീട്ട് മൂന്ന് മണി. പുഴയോരത്ത് അറുപതോളംപേരാണ് എത്തിയിരുന്നത്. ക്യാമ്പില്‍ പങ്കെടുക്കാനായി മാത്രം വിദേശത്തുനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയവര്‍. ശാസ്ത്രജ്ഞരായ മനോജും ജലീലും കണ്ടുപിടുത്തങ്ങളുടെ ലോകത്തിന് രണ്ടു ദിവസത്തേക്ക് അവധി കൊടുത്തു. കുടുംബ ജീവിതത്തിലെ തിരക്കിനിടയില്‍ കലാലയ ജീവിതം തിരിച്ചെടുക്കാനെത്തിയ ലുബ്‌ന, വ്യവസായത്തിന്റെ നെട്ടോട്ടങ്ങളില്‍ നിന്ന്, വക്കീലിന്റെ കറുത്ത കോട്ടില്‍ നിന്ന്, അധ്യാപകന്റെ അച്ചടക്ക കുപ്പായത്തില്‍ നിന്ന് സൗഹൃദത്തിന്റെ താളം വീണ്ടെടുക്കാനെത്തിയ കബീര്‍, സലീം, മഹബൂബ്, നൗഷാദ്, ഹമീദ്, കൃഷ്ണകുമാര്‍, ഹാരിസ്, അബൂബക്കര്‍ , ലത്തീഫ് , പൂര്‍ണിമ, റഹീന തുടങ്ങിയവര്‍. എഞ്ചിനിയര്‍മാര്‍, ജേര്‍ണലിസ്റ്റുകള്‍, എയര്‍ ഹോസ്റ്റസ്, ഡോക്ടര്‍മാര്‍, പോര്‍ട്ട് ഓഫീസര്‍.. സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവരുടെ പ്രായ-ലിംഗ വ്യത്യാസമില്ലാത്ത ഒത്തുചേരലായിരുന്നു അത്.

farookക്യാമ്പിന് നേതൃത്വം നല്‍കാന്‍ അക്കാലത്തെ പ്രിയപ്പെട്ട പ്രോഗ്രാം ഓഫീസര്‍മാരായിരുന്ന പ്രാഫ. എന്‍.പി.ഹാഫിസ് മുഹമ്മദ്, പ്രൊഫ. കെ.വി.ഉമ്മര്‍ ഫാറൂഖ്, ഡോ.എ.കെ.എ. റഹീം എന്നിവരും കൂട്ടുചേര്‍ന്നു. 

ലോഹക്കോപ്പയില്‍ മരക്കാലുകൊണ്ട് അടിച്ച് മണി മുഴക്കുമ്പോള്‍ പലയിടത്തും ചിതറിക്കിടക്കുന്ന കൂട്ടം ഒന്നിച്ചുചേര്‍ന്നു. കലാലയ ജീവിതത്തിനുശേഷമുള്ള കാലവും എന്‍.എസ്.എസ്. ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളും ക്യാമ്പ് ചര്‍ച്ചചെയ്തു. ആട്ടവും പാട്ടും തമാശകളുമായി ക്യാമ്പ് ഫയറും കലാലയ ജീവിതത്തിന്റെ ഓര്‍മകളെ തിരിച്ചുപിടിച്ചു. എല്ലാവരും കൗമാരം് ഒന്നുകൂടി ജീവിച്ചുതീര്‍ത്തു. 

farookപുഴയോരത്തെ ഇരിപ്പിടങ്ങളില്‍ പുലരും വരെ സലാമും അനീഷും സീനത്തും രഞ്ജിതയും നൗഫലും നയീ മും സോണിയും മുനീറും എല്ലാംചേര്‍ന്ന് സംഗീത സാഗരം തീര്‍ത്തു.

കോഴിക്കോട് ആസ്ഥാനമാക്കി മലബാറിന്റെ വികസനത്തിന് പദ്ധതി രൂപപ്പെടുത്താനുള്ള ദൗത്യവും ഏറ്റെടുത്താണ് രണ്ടാം ദിവസം ക്യാമ്പ് പിരിഞ്ഞത്. വീണ്ടും ഒത്തുചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ നല്‍കുമെന്ന ഉറപ്പില്‍ 'വി ഷാള്‍ ഓവര്‍ കം'  പാടി എല്ലാവരും തിരിച്ചുപോയി. ജൂലായില്‍ അടുത്ത ക്യാമ്പിനായുള്ള കാത്തിരിപ്പ്.