അരൂര്‍: ശാരീരിക പരിമിതികള്‍ക്കിടയിലും പഠനത്തിലും പാഠ്യേതരരംഗങ്ങളിലും തിളങ്ങുന്ന ധ്യാന്‍ദേവിന് ഇനി വീട്ടിലിരുന്ന് ആവോളം കഥകളും കവിതകളും വായിക്കാം. സഹപാഠികള്‍ ചേര്‍ന്ന് ഇതിനായി ധ്യാന്‍ദേവിന്റെ വീട്ടില്‍ ലൈബ്രറി ഒരുക്കി.

കല്ലുമ്പുറം കെ.കെ.എം.എം. എല്‍.പി. സ്‌കൂളിലെ രണ്ടാംതരം വിദ്യാര്‍ഥിയാണ് ചെങ്ങണംകോട്ട് ധ്യാന്‍ദേവ്. ശാരീരിക പ്രയാസങ്ങള്‍കൊണ്ട് ഏറെ ബുദ്ധമുട്ടുന്ന ധ്യാന്‍ദേവിന് ദിവസവും സ്‌കൂളിലെത്താന്‍ കഴിയുന്നില്ല. നടക്കാനും ഇരിക്കാനും കിടക്കാനുമെല്ലാം പ്രയാസമാണ്. എങ്കിലും അധ്യാപകര്‍ പറയുന്നതൊക്കെ ശ്രദ്ധിച്ച് കേള്‍ക്കും.
 
അവന്റെ വേറിട്ട കഴിവുകള്‍ കണ്ടറിഞ്ഞാണ് ലൈബ്രറി ഒരുക്കാന്‍ സഹപാഠികള്‍ മുന്നോട്ടുവന്നത്. പഞ്ചായത്ത് വിദ്യാഭ്യാസസമിതിയും, സി.ആര്‍.സി.യും ചേര്‍ന്ന് നടപ്പാക്കുന്ന കൂട്ടുകൂടാന്‍ പുസ്തകചങ്ങാതിപദ്ധതി വഴിയാണ് ലൈബ്രറി ഒരുക്കിയത്.
 
150-ഓളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. ഇവ സൂക്ഷിക്കാനുള്ള അലമാരയും സഹപാഠികള്‍ നല്‍കി. ലൈബ്രറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി. സുധീഷ് അധ്യക്ഷനായി. മനോജ് അരൂര്‍, പി. ശ്രീലത, പി.എം. സുരേന്ദ്രന്‍, കെ.കെ. നാരായണന്‍, ടി. ജയചന്ദ്രന്‍, ഇ. പ്രകാശന്‍, എ.പി. നാണു, കെ. ഷാജില, കെ.എസ്. സിനി എന്നിവര്‍ സംസാരിച്ചു.