വളയം: തന്റെ പ്രായത്തിലുള്ള യുവാക്കൾ സൂപ്പർ ബൈക്കുകളുമായി ചെത്തിനടക്കുമ്പോൾ നാട്ടിൻപുറത്ത് അശ്വമേധത്തിന് തയ്യാറെടുക്കുകയാണ് വളയം സ്വദേശി അഭിനന്ദ്. കൂലിപ്പണിയെടുത്ത് സ്വരൂപിച്ച പണംകൊണ്ട് തമിഴ്നാട്ടിൽനിന്ന് കുതിരയെ വാങ്ങിയിരിക്കുകയാണ് ഈ യുവാവ്. വളയം മഞ്ചാന്തറ സ്വദേശി കുട്ടക്കെട്ടിൽ ബാബു-ലീല ദമ്പതിമാരുടെ മകനായ അഭിനന്ദ് (19) ആണ് മലയോരത്തെ ആദ്യ കുതിരമുതലാളി.

പ്ലസ്ടു പഠനം പൂർത്തിയാക്കിയ അഭിനന്ദ് വളയത്തെ മരമില്ലിലെ തൊഴിലാളിയായിരുന്നു. സാമൂഹികമാധ്യമങ്ങളിലും മറ്റും കുതിരകളുടെ ചിത്രങ്ങളും വീഡിയോകളും കണ്ടതോടെ മനസ്സിൽ കുതിരപ്രേമം കയറിക്കൂടുകയായിരുന്നു. പിന്നീട് ഇന്റർനെറ്റ് സാധ്യതകൾ ഉപയോഗപ്പെടുത്തി കുതിരകളെ അടുത്തറിയാൻ തുടങ്ങി. കുതിരകളെപ്പറ്റി കൂടുതൽ കാര്യങ്ങൾ പഠിച്ചതോടെ എങ്ങനെയും ഒരു കുതിരയെ സ്വന്തമാക്കണമെന്ന് മോഹമുദിച്ചു.

പിന്നീട് കുതിരയ്ക്കുവേണ്ടിയുള്ള അന്വേഷണമായി. ഒടുവിൽ സാമൂഹികമാധ്യമങ്ങൾവഴി പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയുടെ സഹായത്തോടെ കുതിരക്കമ്പക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ കയറിക്കൂടി. ഇതിലൂടെ വിവിധസ്ഥലങ്ങളിൽ വിൽക്കാൻവെച്ചതും മറ്റുമുള്ള കുതിരകളെപ്പറ്റി മനസ്സിലാക്കി. തുടർന്ന് കോയമ്പത്തൂരിൽ ഒരുവയസ്സ് പ്രായമായ കുതിരയെ വിൽക്കുന്നുണ്ടെന്ന് മനസ്സിലായി.

ചില കുതിരപ്പന്തയങ്ങളിൽ ജേതാവായ കുതിരയുടെ കുട്ടിയെയാണ് വിൽപ്പനയ്ക്ക് വെച്ചിരുന്നത്. അതുകൊണ്ടുതന്നെ മറ്റുകുതിരകളെ അപേക്ഷിച്ച് വിലയും കൂടുതലായിരുന്നു. 30,000 രൂപമുടക്കി വാങ്ങിയ കുതിരയെ നാട്ടിൽ ലോറിയിൽ എത്തിക്കുന്നതിന് വേറെയും ചെലവുവന്നു. ഒടുവിൽ ശനിയാഴ്ചയോടെ കുതിരയെ വളയത്തെത്തിച്ചു. നാടൻ ഇനമായ നാട്ടുകുതിര വിഭാഗത്തിൽപ്പെട്ടതാണ് ഇത്. മുപ്പതുകിലോമീറ്ററോളം തുടർച്ചയായി ഓടും.

ഒരുവയസ്സുമാത്രം പ്രായമായതിനാൽ കുതിരയ്ക്ക് പരിശീലനമൊന്നും ലഭിച്ചിട്ടില്ല. ആറുമാസംകഴിഞ്ഞ് പരിശീലനം നൽകി, കാലിൽ ലാടം അടിച്ചതിനുശേഷം മാത്രമേ സവാരിയുംമറ്റും നടത്താൻകഴിയൂ. ഇതിനായി മലപ്പുറത്തോ പാലക്കാടോ തമിഴ്‌നാട്ടിലോ കൊണ്ടുപോകേണ്ടിവരും. അതുവരെ വീട്ടിൽ ഇണക്കിവളർത്താനാണ് അഭിനന്ദിന്റെ തീരുമാനം.

‘‘ഒരു പശുവിനെ വളർത്തുന്നതുപോലെ ലളിതമാണ് ഇതിനെ വളർത്തൽ. ഗോതമ്പ് തവിട്, മുതിര, പച്ചപ്പുല്ല്, കടല തുടങ്ങിയവയാണ് തീറ്റ. ക്രൂഡോയിൽവില അനുദിനം കുതിച്ചുയരുമ്പോൾ സവാരിക്കുംമറ്റും ഇതാണ് നല്ലത്’’ -അഭിനന്ദ് പറയുന്നു.

രണ്ടുദിവസംകൊണ്ടുതന്നെ കുതിര അഭിനന്ദിനോട് ഇണങ്ങിക്കഴിഞ്ഞു. നിരവധിപേരാണ് അഭിനന്ദിന്റെ കുതിരയെ കാണാൻ മഞ്ചാന്തറയിലെ വീട്ടിലെത്തുന്നത്.