വിളക്കായിരുന്നു ഭാരതി- പറക്കമുറ്റാത്ത മൂന്ന് പെൺമക്കൾക്ക്, മാനസികവെല്ലുവിളി നേരിടുന്ന രണ്ട് സഹോദരിമാർക്ക്. നിനച്ചിരിക്കാതെ ആ വിളക്കണഞ്ഞപ്പോൾ അഞ്ച് പെൺജീവിതങ്ങളുടെ ചുറ്റും ഇരുട്ടാണ്.

മൂന്നുപെൺമക്കളും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ നാഥയായ വള്ള്യാട് മണപ്പുറത്തെ പടിഞ്ഞാറെ കൊയിലോത്ത് ഭാരതിയെ അപ്രതീക്ഷിതമായി മരണം കവർന്നത് രണ്ടാഴ്ചമുമ്പാണ്. ഇതുസൃഷ്ടിച്ച വേദനയിൽനിന്ന് കരകയറിയിട്ടില്ല ഈ വീടും നാടും. മൂത്തമകൾ സലിമ പ്ലസ് വൺ വിദ്യാർഥിനിയാണ്. സനിക പത്തിൽ പഠിക്കുന്നു, സാന്ദ്ര ഒമ്പതാം ക്ലാസിലാണ്. അമ്മയായിരുന്നു ഇവർക്കെല്ലാമെല്ലാം.

ഭർത്താവ് 13 വർഷംമുമ്പ്‌ ഉപേക്ഷിച്ചതാണ് ഭാരതിയെയും മൂന്നുമക്കളെയും. മക്കളുടെ മാത്രമല്ല, അവിവാഹിതരും രോഗികളുമായ ലക്ഷ്മി, ബീന എന്നീ സഹോദരിമാരുടെ സംരക്ഷണവും ഭാരതിയുടെ ചുമതലയായി. അതും വളരെ ചെറുപ്പത്തിൽ. അഞ്ച് ജീവിതങ്ങൾക്കുവേണ്ടി ഭാരതി ഒറ്റയ്ക്ക് അധ്വാനിച്ചു. വീടുകളിൽ പാചകപ്പണിയെടുത്തായിരുന്നു അതിജീവനം. പക്ഷേ, വിധി ഹൃദ്രോഗത്തിന്റെ രൂപത്തിൽ ഭാരതിയെ വീണ്ടും വേട്ടയാടി. തളരാത്ത മനസ്സിനൊപ്പം നാടും താങ്ങായിനിന്നതോടെ ബൈപ്പാസ് ശസ്ത്രക്രിയ നടത്തി. വിശ്രമജീവിതത്തിനുശേഷം ജോലിക്കുപോയിത്തുടങ്ങിയിരുന്നു. ഇതിനിടെ മാർച്ച് മൂന്നിനാണ് പ്രതീക്ഷിക്കാതെ മരണമെത്തിയത്.

 ഭാരതിയുടെ മൂത്തസഹോദരിയാണ് ലക്ഷ്മി (60). മാനസികപ്രശ്നങ്ങളുള്ളതിനാൽ മരുന്നിനുതന്നെ വേണം ആഴ്ചയിൽ വലിയൊരു തുക. ഇതൊക്കെ വാങ്ങിയിരുന്നത് ഭാരതിയായിരുന്നു. ഇപ്പോൾ നാട്ടുകാരാണ് സഹായിക്കുന്നത്.മക്കളായ സലിമയും സനികയും സാന്ദ്രയും വാർഷികപരീക്ഷയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് അമ്മയെ മരണം കവർന്നത്. ഈ ദുഃഖത്തിനിടയിലും സനിക എസ്.എസ്.എൽ.സി. പരീക്ഷ എഴുതിത്തുടങ്ങി.

മൺകട്ടകൊണ്ട് നിർമിച്ച വീട്ടിലാണ് ഇവരുടെ താമസം. ഇൗ വീട് ചോരുന്നുണ്ടെന്നുമാത്രമല്ല സുരക്ഷിതവുമല്ല. പുതിയൊരു വീടെന്ന സ്വപ്നവുമായി ഭാരതി കുറ്റിയിടൽ കർമമൊക്കെ നടത്തിയിരുന്നു. മക്കളുടെ പഠനം, വിവാഹം, പുതിയ വീട്, സഹോദരിമാരുടെ ചികിത്സ... സ്വപ്നങ്ങൾ ഒരുപാട് ബാക്കിയാക്കിയാണ് ഭാരതി യാത്രയായത്. വീട് യാഥാർഥ്യമാക്കാനും കുടുംബത്തെ സംരക്ഷിക്കാനും വള്ള്യാട് ഗ്രാമം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്.

 ചാലിൽ മുഹമ്മദ് (ചെയ.), പി.ടി.കെ.രാജീവൻ (കൺ.), എടക്കുടി മനോജ് (ഖജാ.) എന്നിവർ ഭാരവാഹികളായി കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു. എസ്.ബി.ടി.യുടെ ആയഞ്ചേരി ശാഖയിൽ 67395600227 നമ്പറിൽ അക്കൗണ്ട് തുടങ്ങി. ബാങ്കിന്റെ ഐ.എഫ്.എസ്‌.സി. കോഡ്- SBTR 0001158.