മംഗലാപുരം:  അറബിക്കടലില്‍ മുങ്ങിക്കൊണ്ടിരുന്ന മണ്ണുമാന്തിക്കപ്പലില്‍ നിന്നും 27 പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. 

മംഗലാപുരത്തെ പഴയ തുറമുഖത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ വച്ചാണ് കടുത്ത കാറ്റിലും തിരമാലയിലും കുടുങ്ങിയ കപ്പലില്‍ വെള്ളം കയറിയത്. 

ശനിയാഴ്ച്ച വൈകിട്ട് 4.45-ഓടെയാണ് അപകടവിവരം മംഗലാപുരം ഓള്‍ഡ് പോര്‍ട്ടില്‍ നിന്നും കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കുന്നത്.

ഇതേതുടര്‍ന്ന് മേഖലയില്‍ പരിശോധന നടത്തുകയായിരുന്ന കോസ്റ്റ്ഗാര്‍ഡ് കപ്പലായ അമര്‍ത്യയോട് മണ്ണുമാന്തി കപ്പലിന് അടുത്തെത്തുവാന്‍ നിര്‍ദേശം നല്‍കി.

6.40-ഓടെ മുങ്ങിക്കൊണ്ടിരുന്ന കപ്പലിനടുത്തേക്ക് അമര്‍ത്യ എത്തിയെങ്കിലും പ്രതികൂലമായ കാലാവസ്ഥ കാരണം അടുപ്പിക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് അമര്‍ത്യയില്‍ നിന്നും ജെമിനി എന്ന റബ്ബര്‍ ബോട്ടില്‍ ഡൈവിംഗ് വിദഗ്ധരടങ്ങിയ കോസ്റ്റല്‍ ഗാര്‍ഡ് സംഘം മുങ്ങിക്കപ്പലിനടുത്തെത്തി.

തീര്‍ത്തും പ്രതികൂലമായ കാലാവസ്ഥയിലും ഡെക്കിലുണ്ടായിരുന്ന നാല് പേരെ മുങ്ങിക്കപ്പലില്‍ നിന്ന് അമര്‍ത്യയില്‍ എത്തിച്ചു. എന്നാല്‍ 23 കപ്പല്‍ ജീവനക്കാര്‍ അപ്പോഴും കപ്പലില്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു. 

രാത്രിയോടെ ശക്തമായ കാറ്റും തിരമാലകളും കാരണം രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു. എങ്കിലും അമര്‍ത്യ അപകടത്തില്‍പ്പെട്ട കപ്പലിനെ നിരീക്ഷിച്ചു കൊണ്ട് അടുത്തു തന്നെ നിലയുറപ്പിച്ചു.

അമര്‍ത്യയിലെ ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ വരെ മുങ്ങുന്ന കപ്പലിലുള്ളവരുമായി നിരന്തരം ബന്ധപ്പെടുകയും അപകടമൊന്നുമില്ലെന്ന് ഉറപ്പു വരുത്തകയും ചെയ്തു.

പുലര്‍ച്ചയോടെ വീണ്ടും രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. വൈകാതെ കപ്പലില്‍ അവശേഷിച്ച 24 പേരേയും അമര്‍ത്യയിലേക്ക് മാറ്റി.

അടിയന്തരസാഹചര്യം നേരിടുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ അതിവേഗ ബോട്ടും അമര്‍ത്യയ്‌ക്കൊപ്പം അപകടസ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

കോസ്റ്റഗാര്‍ഡ് കപ്പലായ രാജ്ദൂതും അടിയന്തരസാഹചര്യം നേരിടുവാന്‍ തയ്യാറായി മേഖലയിലുണ്ടായിരുന്നു