വൈക്കം: കുലശേഖരമംഗലത്ത് യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത് ആളൊഴിഞ്ഞപറമ്പിലെ മരത്തില്‍. അമര്‍ജിത് (23), കൃഷ്ണപ്രിയ (21) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വീട് അടുത്താണ്. അയല്‍വാസിയായ മനോജ് സുഹൃത്തിന്റെ വീട്ടില്‍വച്ചിരുന്ന ബൈക്ക് എടുക്കാന്‍ പോകുമ്പോള്‍ രണ്ടുപേരും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.

ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെതന്നെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് മരണവാര്‍ത്ത പുറത്തുവന്നത്. ആളൊഴിഞ്ഞ സ്ഥലം ഏറെനാളായി കാടുപിടിച്ചുകിടക്കുകയായിരുന്നു. അവിടെ ചരിഞ്ഞുനില്‍ക്കുന്ന ഒരുപുന്നമരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

പെണ്‍കുട്ടിയുടെ വീടിന്റെ അടുക്കളവാതില്‍ തുറന്നുകിടക്കുന്ന നിലയിലാണ് രാവിലെ കണ്ടത്. രാത്രിയില്‍ അടച്ചിരുന്നതായി വീട്ടിലുള്ളവര്‍ പറഞ്ഞു.

ഇവര്‍ക്കിടയില്‍ പ്രണയമോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് ബന്ധുക്കള്‍ പോലീസിനു നല്‍കിയ മൊഴി. നാട്ടുകാരും ഇതേ വിവരമാണ് വൈക്കം പോലീസിന് കൈമാറിയത്.

സംഭവത്തെക്കുറിച്ച് നിലവില്‍ സംശയങ്ങള്‍ ഒന്നുമില്ലെന്ന് വൈക്കം ഡിവൈ.എസ്.പി. എ.ജെ.തോമസ് പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് പോലീസ് ഇന്‍ക്വസ്റ്റ് പരിശോധനയും പൂര്‍ത്തിയാക്കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൃഷ്ണപ്രിയയുടെ സംസ്‌കാരം നടത്തി. അമര്‍ജിത്തിന്റെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വിവാഹം നടക്കില്ലെന്ന സംശയം ആത്മഹത്യക്ക് കാരണമായോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കങ്ങള്‍ വീടുകളില്‍ ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. 

കൃഷ്ണപ്രിയ എറണാകുളത്താണ് എയര്‍ഹോസ്റ്റസ് കോഴ്‌സ് പഠിക്കുകയായിരുന്നു. അമര്‍ജിത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞതാണ്.