തൃപ്പൂണിത്തുറ: മകന്‍ സൂരജിന്റെ വിവാഹ കാര്യങ്ങള്‍ ഏതാണ്ട് ഒത്തുവന്നതിനെ തുടര്‍ന്ന് കുടുംബക്ഷേത്രമായ ചേര്‍ത്തല വേളാര്‍വട്ടം ക്ഷേത്രത്തില്‍ ദര്‍ശനത്തിനും വഴിപാടുകള്‍ നടത്തുന്നതിനുമായിട്ടായിരുന്നു ഉദയംപേരൂര്‍ മനയ്ക്കപ്പറമ്പില്‍ വിശ്വനാഥനും കുടുംബവും പുലര്‍ച്ചെ കാറില്‍ യാത്രയായത്. സൂരജ് ഓടിച്ചിരുന്ന സ്വന്തം കാറില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ചുകയറി ദാരുണമായിട്ടായിരുന്നു നാലു പേരുടെയും മരണം.

വിശ്വനാഥനും ഭാര്യ ഗിരിജയും മകന്‍ സൂരജും വിശ്വനാഥന്റെ സഹോദരന്‍ സതീശന്റെ ഭാര്യ അജിതയും ചേര്‍ന്ന് ചൊവ്വാഴ്ച രാവിലെ 5.15-നാണ് ഉദയംപേരൂര്‍ പത്താം മൈലിലെ വീട്ടില്‍നിന്ന് കാറില്‍ പുറപ്പെട്ടത്.

vaikom accident

വൈക്കം തോട്ടുവക്കം ജങ്ഷനടുത്ത് ചേരുംചുവടിലായിരുന്നു കാറില്‍ ബസിടിച്ചതിനെ തുടര്‍ന്ന് നാലു പേരുടെയും മരണം. രണ്ടാഴ്ച മുമ്പാണ് ചങ്ങനാശ്ശേരിയില്‍ സൂരജ് പെണ്ണുകണ്ടത്. പെണ്‍ വീട്ടുകാര്‍ കഴിഞ്ഞാഴ്ച ഇവരുടെ വീട്ടിലും എത്തിയിരുന്നു.

വിവാഹം ഏതാണ്ട് ഉറച്ച സാഹചര്യത്തിലായിരുന്നു കുടുംബാംഗങ്ങള്‍ കുടുംബക്ഷേത്രത്തിലേക്ക് പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

ജില്ലാ സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനായ വിശ്വനാഥന്‍ വീടിനടുത്ത് പലചരക്ക് കട നടത്തി വരികയായിരുന്നു. ഉദയംപേരൂര്‍ മാങ്കായിക്കവലയില്‍ 'ഇന്‍സ്പിയര്‍' എന്ന സ്ഥാപനം നടത്തിവന്ന സൂരജായിരുന്നു ഉദയംപേരൂര്‍ ഗ്രാമത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേതടക്കം കംപ്യൂട്ടറുകള്‍ സര്‍വീസ് ചെയ്തിരുന്നത്.

പരീക്ഷക്കാലത്തൊക്കെ ഈ യുവാവിന്റെ സേവനം ഇല്ലാതെ സ്‌കൂളുകളില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുമായിരുന്നില്ല. ഭാര്യയും ജ്യേഷ്ഠനുമുള്‍പ്പെടെയുള്ളവരുടെ മരണ വാര്‍ത്തയറിഞ്ഞ് സതീശന് നെഞ്ചുവേദനയുണ്ടായി. ഉടന്‍ ആശുപത്രിയിലാക്കി.

ഉദയംപേരൂര്‍ ഐ.ഒ.സി.യിലെ തൊഴിലാളിയായ സതീശനും ഇവരുടെ കൂടെ പോകേണ്ടതായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ജോലിക്ക് കയറേണ്ടതിനാലാണ് ഒപ്പം പോകാതിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഉദയംപേരൂര്‍ മണകുന്നം സഹകരണ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡംഗമാണ് മരണമടഞ്ഞ അജിത സതീശന്‍. സൗമ്യമായ പെരുമാറ്റം കൊണ്ടുതന്നെ ആരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു സൂരജിന്റേതെന്ന് ഉദയംപേരൂരിലെ ആര്‍ജി കമ്മ്യൂണിക്കേഷന്‍സ് ഉടമ കൂടിയായ പ്രശസ്ത ചിത്രകാരന്‍ ബിനുരാജ് കലാപീഠം പറഞ്ഞു. 'സ്ഥാപനത്തിലെ സിസ്റ്റം നന്നാക്കുന്ന കാര്യം കഴിഞ്ഞ ദിവസം സൂരജിനോട് പറഞ്ഞപ്പോള്‍ 'നാളെ രാവിലെ 11-ന് വന്ന് ശരിയാക്കിത്തരാം' എന്നായിരുന്നു പറഞ്ഞത്.

കൃത്യമായ സര്‍വീസായിരുന്നു. എന്നാല്‍ ഇനി അവന്‍ ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍...' യാത്ര ഇഷ്ടപ്പെട്ടിരുന്ന സൂരജ് കൂട്ടുകാരുമൊത്ത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ബുള്ളറ്റില്‍ ഗോവയിലും മറ്റും പോയി വന്നത്.