ടിപ്പറില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

accident
അപകടത്തില്‍ തകര്‍ന്ന കാര്‍

മണിമല: പൊന്‍കുന്നം-പുനലൂര്‍ സംസ്ഥാനപാതയില്‍ മണിമല ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന, വാഴൂര്‍ ചാമംപതാല്‍ കിഴക്കേമുറിയില്‍ ഷാരോണ്‍ സജി (18), ചാമംപതാല്‍ ഇളങ്ങോയി തടത്തിലാങ്കല്‍ രേഷ്മാ ജോര്‍ജ് (30) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളായ കടയിനിക്കാട് മുട്ടത്തുപാറയില്‍ മെല്‍വിന്‍ തോമസ് (30), ചാമംപതാല്‍ തോരപ്പുന്നയില്‍ ജോബിന്‍ ജെയിംസ്(29), ചാമംപതാല്‍ മുണ്ടയ്ക്കല്‍ അമല (28) എന്നിവര്‍ക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. ഇവര്‍ കറിക്കാട്ടൂരിലെ ബന്ധുവീട്ടില്‍ ഷാരോണിന്റെ പിറന്നാളാഘോഷിച്ച് മടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു പിറന്നാളാഘോഷം. പുലര്‍ച്ചെയാണ് ചാമംപതാലിലേക്ക് തിരിച്ചത്.

ചാമംപതാല്‍ സ്വദേശിനി അമലയുടെ വീട്ടില്‍ അവരുടെ പിറന്നാളാഘോഷത്തില്‍കൂടി പങ്കെടുക്കാനായിരുന്നു പരിപാടി. കാര്‍ ടിപ്പറില്‍ ഇടിച്ച് മുപ്പത് മീറ്ററോളം തെന്നിമാറി റോഡിന്റെ ഇടതുവശത്തെ ക്രാഷ് ഗാര്‍ഡിന് സമീപമാണ് നിന്നത്.

ഇടിയുടെ ആഘാതത്തില്‍ ടിപ്പര്‍ പത്തടിയോളം പിന്നോട്ടുരുണ്ട് ഇരുമ്പ് വൈദ്യുതിക്കാലില്‍ തട്ടി നിന്നു. ടിപ്പറിന്റെ ഡ്രൈവറും സമീപവാസികളും ഓടിക്കൂടി കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി.

രേഷ്മയെയും ഷാരോണിനെയും പോലീസ് ജീപ്പിലും മറ്റുള്ളവരെ ആംബുലന്‍സിലും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെവെച്ച് രേഷ്മയുടെയും ഷാരോണിന്റെയും മരണം സ്ഥിരീകരിച്ചു.

അമലയെ പിന്നീട് കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. ജോബിന്‍ ജെയിംസാണ് കാര്‍ ഓടിച്ചിരുന്നത്. ചാമംപതാല്‍ തടത്തിലാങ്കല്‍ ജോര്‍ജ്-ഗീത ദമ്പതിമാരുടെ മകളാണ് രേഷ്മ. സഹോദരന്‍ രാഹുല്‍. ചാമംപതാല്‍ കിഴക്കമുറിയില്‍ സജി തോമസിന്റെയും സുനിയുടെയും മകനാണ് ഷാരോണ്‍. സഹോദരി അല്‍ഫോന്‍സ. സംസ്‌കാരം ചൊവ്വാഴ്ച നടക്കും.

പുലര്‍ച്ചെ ഞെട്ടിത്തരിച്ച് മണിമല

accident
കാറിടിച്ച ടിപ്പര്‍

മണിമല: വാഹനങ്ങള്‍ കുറവായ ഹര്‍ത്താല്‍ ദിനത്തില്‍ വാഹനാപകടത്തിന്റെ ഞെട്ടലിലായി മണിമല. ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപത്താണ് കാര്‍ ടിപ്പറിലിടിച്ച് അപകടമുണ്ടായത്. ശബ്ദംകേട്ട് ഓടിയെത്തിയ റിട്ട. എക്സൈസ് ഡ്രൈവര്‍ മണിമല മൂക്കനോലില്‍ തമ്പി റോഡില്‍ നോക്കുമ്പോള്‍ കണ്ടത് മകന്‍ ഓടിക്കുന്ന ടിപ്പറിലിടിച്ച് തകര്‍ന്ന കാറാണ് കാണുന്നത്.

തമ്പിയുടെ വീട്ടുപടിക്കല്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ പത്തടിയോളം പിന്നോട്ട് ഉരുണ്ട് വൈദ്യതിക്കാലില്‍ ഇടിച്ചുനില്‍ക്കുന്നു. ഉടനെ സമീപവാസി മുരുകനെയും, മണിമല പോലീസിനെയും ടിപ്പറിന്റെ ഉടമയെയും വിവരമറിയിച്ചു. ഓടിക്കൂടിയവരോടൊപ്പം പരിക്കേറ്റവരെ കാറില്‍ നിന്നിറിക്കാന്‍ ശ്രമം. ഈ സമയം കാറില്‍ ഇതുവഴിവന്ന മൂന്നുയുവാക്കള്‍ മഴയെ അവഗണിച്ച് കാര്‍ തുറക്കാന്‍ സഹായിച്ചു. ഒരുവശം ക്രാഷ് ഗാര്‍ഡില്‍ ഇടിച്ചനിലയിലായിരുന്നു കാര്‍. മറുവശത്തെ ഡോറുകള്‍ തുറന്ന് തകര്‍ന്ന കാറില്‍നിന്നു അഞ്ച് പേരെ പുറത്തിറക്കാന്‍ അര മണിക്കൂറോളം വേണ്ടിവന്നു.

ആദ്യം പുറത്തെടുത്ത ഷാരോണിനെയും രേഷ്മയെയും പോലീസ് ജീപ്പിലും മറ്റു മൂവരേയും ആംബുലന്‍സിലും ആശുപത്രിയിലെത്തിച്ചു.

പിറന്നാള്‍ തിളക്കങ്ങളില്‍നിന്ന് അപകടത്തിലേക്ക്...

accident death
അപകടത്തില്‍ മരിച്ച രേഷ്മാ ജോര്‍ജ്‌ ഷാരോണ്‍ സജി

വാഴൂര്‍: പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷത്തില്‍ മടങ്ങവെയാണ് മണിമലയില്‍ കാര്‍ ടിപ്പര്‍ലോറിയിലിടിച്ച് ബന്ധുക്കളായ ഷാരോണും രേഷ്മയും മരിച്ചത്. ആഗ്രഹിച്ച കോഴ്സിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാതെയാണ് ഷാരോണ്‍ മടങ്ങുന്നത്. ഉറപ്പിച്ച വിവാഹം നടക്കും മുമ്പേയാണ് രേഷ്മയുടെ മരണം.ഇരുവരുടെയും മരണം ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും നാടിനും തീരാവേദനയായി.

ഞായറാഴ്ച വൈകീട്ട് ഒന്‍പതരയോടെയാണ് ഷാരോണിന്റെ 18-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇവര്‍ കറിക്കാട്ടൂരിലെ ബന്ധുവീട്ടിലെത്തിയത്. ബന്ധുക്കളായ അമലയും മെല്‍ബിനും ജോബിനും ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച അമലയുടെ 25-ാം പിറന്നാളായിരുന്നു. ഷാരോണിന്റെ പിറന്നാള്‍ ആഘോഷം കറിക്കാട്ടൂരിലെ വീട്ടില്‍ പൂര്‍ത്തിയാക്കിയശേഷം തിങ്കളാഴ്ച രാവിലെ തന്നെ വാഴൂരിലെ അമലയുടെ വീട്ടിലെത്താനായിരുന്നു ഇവരുടെ തീരുമാനം. രാത്രി ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഇവര്‍ പുലര്‍ച്ചെ തന്നെ യാത്രതിരിച്ചു. അവധി ദിവസമായതിനാല്‍ എല്ലാവരും ചേര്‍ന്ന് അമലയുടെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു തീരുമാനം. ഏറെ പ്രതീക്ഷയോടെ യാത്ര തിരിച്ചെങ്കിലും പാതിവഴിയില്‍ ആ യാത്ര മുടങ്ങി. ഒപ്പം ഷാരോണും രേഷ്മയും എന്നത്തേക്കുമായി യാത്രയായി. വാഹനമോടിച്ചിരുന്ന ജോബിന് ഇപ്പോഴും എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍പോലും കഴിയുന്നില്ല. പിറന്നാള്‍ ദിവസം ഗുരുതരാവസ്ഥയില്‍ അമല കോട്ടയത്തെ സ്വകാര്യാശുപത്രിയിലാണ്. സഹോദരങ്ങളുടെ മക്കളായ ഷാരോണും രേഷ്മയും എന്നും ഉറ്റ സുഹൃത്തുക്കളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ് നിരവധി പേരാണ് ഇവരുടെ വാഴൂരിലെ വീട്ടിലേക്ക് എത്തുന്നത്.

രേഷ്മയും കുടുംബവും വര്‍ഷങ്ങളായി പുണെയിലാണ് താമസം. പഠനത്തിന് ശേഷം രേഷ്മ പുണെയില്‍ തന്നെ ജോലിചെയ്യുകയായിരുന്നു. എല്ലാ വര്‍ഷവും ഇവര്‍ വാഴൂരിലെ വീട്ടിലേക്ക് കുടുംബസമേതം എത്തുന്നത് പതിവായിരുന്നു. നാട്ടിലെത്തുമ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം രേഷ്മ യാത്ര പോകുമായിരുന്നു. രണ്ടുമാസം മുന്‍പാണ് രേഷ്മയും കുടുംബവും വാഴൂരിലെത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞ രേഷ്മ രണ്ടുമാസത്തിന് ശേഷം വിവാഹിതയാകാനിരിക്കുകയായിരുന്നു.

പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ഷാരോണ്‍ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിരുന്നു. സ്വന്തം ആഗ്രഹപ്രകാരം കഴിഞ്ഞ മാസമാണ് കോട്ടയത്ത് സി.എ. പഠനത്തിന് ചേര്‍ന്നത്.