കോട്ടയം: കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ കുത്തിയിരിപ്പു സമരം. പനച്ചിക്കാട് പ്രദേശത്തെ ശുദ്ധജലവിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ജലസംഭരണിക്കു മുന്‍പില്‍ കുത്തിയിരുപ്പുസമരം നടത്തിയത്.
കൊല്ലാട് എസ്.എന്‍.ഡി.പിക്കു സമീപമുള്ള ജലസംഭരണിക്കു മുന്‍പിലായിരുന്നു സമരം. തുടര്‍ന്ന് ജലഅതോറിറ്റി അധികൃതര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു സമരം അവസാനിപ്പിച്ചു.
നിലവിലുള്ള ജലസംഭരണിയിലെത്തുന്ന വെള്ളത്തിന്റെ അളവ് ഇതിനുസമീപം എല്ലാ ദിവസവും പ്രദര്‍ശിപ്പിക്കണമെന്നതായിരുന്നു എം.എല്‍.എയുടെ പ്രധാന ആവശ്യം. ഇതടക്കം കുറേ ആവശ്യങ്ങള്‍ അംഗീകരിപ്പിച്ചു.
അതാതു ദിവസങ്ങളില്‍ വെള്ളം എത്തിക്കുന്ന ഭാഗങ്ങളെക്കുറിച്ച് പത്രമാധ്യമങ്ങള്‍ വഴി അറിയിക്കണം, പൈപ്പു ലൈനുകളിലെ ചോര്‍ച്ച പരിഹരിക്കണം, അനധികൃതമായി കണക്ഷന്‍ നല്‍കിയിട്ടുള്ളവയെക്കുറിച്ച് പരിശോധിക്കണം, സംഭരണിയില്‍നിന്ന് ടാങ്കര്‍ ലോറിയിലേക്ക് വെള്ളം ശേഖരിച്ചു വിതരണം ചെയ്യുന്നത് നിര്‍ത്തണം തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.
പനച്ചിക്കാട് പഞ്ചായത്തിലെ ഒന്നു മുതല്‍ നാലുവരെയും 20 മുതല്‍ 23വരെയുള്ള വാര്‍ഡുകളിലായി 15 ദിവസമായി കുടിവെള്ളവിതരണം മുടങ്ങിയിരുന്നു. കൊല്ലാട് ഭാഗങ്ങളില്‍ ജലവിതരണത്തിന് പ്രധാന തടസമാകുന്നത് ഭൂപ്രകൃതിയാണ്.
കൂടുതലും കയറ്റിറക്കമുള്ള സ്ഥലങ്ങളില്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുന്നു. വെള്ളം മിക്ക ദിവസങ്ങളിലും പന്പു ചെയ്ത് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വൈദ്യുതി തടസമടക്കമുള്ള കാര്യങ്ങള്‍ ജലവിതരണതതിന് മുടക്കമുണ്ടാക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.