കറുകച്ചാല്‍: മസ്തിഷ്‌കത്തെ ബാധിക്കുന്ന ന്യൂറോണല്‍ സെറോയിഡ് ലിപ്പോഫു സിനോസിസ് എന്ന രോഗബാധിതയാണ് ഏഴരവയസ്സുകാരി രാഗേന്ദു. കാഴ്ച നഷ്ടപ്പെട്ട്, സ്‌കൂളിലും പോകാന്‍ കഴിയാതെ ഇരുളിലാണീ കുഞ്ഞിന്റെ ജീവിതം. ചാമംപതാലില്‍ താമസക്കാരായ ചിറക്കടവ് മുളങ്കുഴിയില്‍ രാഗേഷിന്റെയും രമ്യയുടെയും ഏകമകളാണ് ഈ കുട്ടി.

നാലര വയസ്സുവരെ രാഗേന്ദുവിന് രോഗങ്ങള്‍ ഉണ്ടായിരുന്നില്ല. അങ്കണവാടിയില്‍ പോയിത്തുടങ്ങിയപ്പോഴാണ് പെട്ടെന്ന് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പിന്നീട് രോഗം മൂര്‍ഛിച്ചു. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗം കണ്ടെത്താന്‍ കഴിഞ്ഞില്ല. ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മസ്തിഷ്‌കത്തെ ബാധിക്കുന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തിയത്. ഇതിനിടയില്‍ കാഴ്ചശക്തി പൂര്‍ണമായി നഷ്ടമായി.

രോഗത്തിന് കൃത്യമായ ചികിത്സയും മരുന്നുകളും ഇല്ലാത്തതിനാല്‍ കുട്ടി കൂടുതല്‍ അവശയായി. മൂന്നര വര്‍ഷമായി ഇവളുടെ ജീവിതം കിടക്കയിലാണ്. മകളുടെ ചികിത്സയ്ക്കുവേണ്ടി സ്വന്തമായുണ്ടായിരുന്ന കിടപ്പാടവും രാഗേഷ് വിറ്റു. ഇപ്പോള്‍ ചാമംപതാലിലെ വാടകവീട്ടിലാണ് കഴിയുന്നത്.

ആശുപത്രികള്‍ കൈയൊഴിഞ്ഞതോടെ ആയുര്‍വേദ ചികിത്സയിലൂടെ മകളുടെ ജീവിതം തിരിച്ചുപിടിക്കാമെന്ന അവസാന പ്രതീക്ഷയിലാണ് ഇവര്‍. ഇതിന് വന്‍തുക ആവശ്യമാണ്. കൂലിപ്പണിക്കാരനാണ് രാഗേഷ്. അമ്മ രമ്യയുടെ പേരില്‍ പൊന്‍കുന്നം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. നമ്പര്‍: 341701000001594. ഐ.എഫ്.എസ്.കോഡ്. ഐഒബിഎ0003417.