കോട്ടയം: ‘‘നിരത്തുകൾ റേസ് ട്രാക്കുകളല്ല’’ റോഡിലെ ബൈക്ക് റേസിങ് അപകടത്തെക്കുറിച്ച് മുന്നറിയിപ്പുമായി സംസ്ഥാന പോലീസിന്റെ ഫെയ്സ്ബുക്ക് പേജ്. പോസ്റ്റർ സഹിതമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ ബൈക്ക് റെയ്സിങ്ങിനിടയിൽ മൂന്നുപേർ മരിച്ച സംഭവത്തെ പരാമർശിച്ചാണ് ഫെയ്സ്ബുക്ക്.

ബൈക്ക് റേസിങ്‌, സ്റ്റണ്ടിങ്‌ എന്നിവ നടത്തി ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റുചെയ്ത്‌ വൈറലാകാൻ ശ്രമിക്കുന്നതാണ് ചിലരുടെ ഇഷ്ടവിനോദം. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ ബൈക്ക് അപകടത്തിൽ മൂന്നു ജീവനുകൾ പൊലിയാൻ കാരണവും വൈറലാക്കാൻ ശ്രമിച്ച ബൈക്ക് റേസാണ്.

സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകളുടെ അടിസ്ഥാനത്തിൽ പോലീസും മോട്ടോർ വാഹനവകുപ്പും നടപടി സ്വീകരിക്കുന്നുണ്ട്. മത്സരയോട്ടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 112-ൽ വിളിച്ചറിയിക്കുക.