കോട്ടയം: കടമുറിയിൽ ഒന്നിന് മുകളിൽ ഒന്നായി െവച്ചിരിക്കുന്ന വീട്ടുസാധനങ്ങൾ. അടച്ചുറപ്പുള്ള വാതിലുകളോ താമസത്തിന് സുരക്ഷിതത്വമോ ഒന്നുമില്ല. കെട്ടുറുപ്പുള്ള വീട് കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ തകർന്നതോടെ കാഞ്ഞിരംജെട്ടി പരുവക്കുളം സുധീഷും കുടുംബവും ഈ കടമുറിയിലാണ് താമസം. പ്രായമായ അച്ഛനമ്മാരും ഭാര്യയും മകനുമടക്കം അഞ്ച് പേരാണ് ഇവിടെയുള്ളത്.

പ്രളയത്തിൽ വീട്ടിലുണ്ടായിരുന്ന വിലപ്പെട്ടരേഖകളടക്കം എല്ലാ സാധനങ്ങളും നശിച്ചു. അതിനുമുമ്പ് തന്നെ പ്രായമായ അച്ഛൻ വിശ്വംഭരനെയും അമ്മ സരോജിനിയെയും ഭാര്യ മോളമ്മയെയും ഏകമകൻ അർജുനെയും ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. വെള്ളം ഇറങ്ങി ദിവസങ്ങൾക്കുശേഷം സ്ഥലത്തെത്തിയപ്പോഴാണ് വീട് തകർന്ന വിവരം സുധീഷ് അറിയുന്നത്. തകർന്ന വീട്ടിൽനിന്ന് ശേഷിച്ചസാധനങ്ങൾ െപറുക്കിയെടുത്ത് കടമുറിയിലേക്ക് താമസം മാറ്റി.

തിരുവാർപ്പ് പഞ്ചായത്തിൽനിന്ന് ലഭിച്ച നാല് ലക്ഷം രൂപ ഉപയോഗിച്ച് തകർന്ന വീടിന്റെ സ്ഥാനത്ത് പുതിയ വീടിന്റെ പണികൾ ആരംഭിച്ചു. വെള്ളം കയറാതിരിക്കാൻ തറ ഉയർത്തികെട്ടിയാണ് നിർമാണം. പണി പകുതിയായപ്പോൾ അടുത്ത പ്രളയം ഉണ്ടായി. നിർമാണത്തിനായി എത്തിച്ച സാധനങ്ങൾ വെള്ളം കയറി നശിച്ചു. ഇതോടെ നിർമാണം നിലച്ചു. പഞ്ചായത്തിൽനിന്ന് 40,000 രൂപ കൂടി ലഭിക്കാനുണ്ട്. പണി പൂർത്തിയാക്കിയാലേ പണം ലഭിക്കുകയുള്ളൂ.

Content Highlights: Young man who lost house in flood