കോട്ടയം : കോവിഡ് പോസിറ്റീവാണെന്ന സ്വകാര്യ ആശുപത്രിയുടെ തെറ്റായ റിപ്പോർട്ടിനെ തുടർന്ന് മൃതദേഹവുമായി ബന്ധുക്കൾ ഓടിനടന്നത് ആറ് മണിക്കൂറോളം. കോവിഡിന് ശേഷം വിശ്രമത്തിലിരിക്കേ ഒക്ടോബർ അഞ്ചിന് മരിച്ച വാകത്താനം നാലുനാക്കൽ കൊച്ചുപുരയ്ക്കൽ രാജു കെ.വർഗീസിന്റെ മൃതദേഹത്തോട് സ്വകാര്യ ആശുപത്രി അനാദരവ് കാട്ടിയെന്നാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹം മോർച്ചറിയിൽവെയ്ക്കാൻ എത്തിയപ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അടക്കം രേഖകളെല്ലാം ഉണ്ടായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റായിരുന്നു അത്. പക്ഷേ, ആശുപത്രി അധികാരികൾ പുതിയ പരിശോധന വേണമെന്ന് പറഞ്ഞു.

സ്രവം എടുത്തുകൊണ്ടുപോയപ്പോൾ മൃതദേഹം ആംബുലൻസിൽ കിടക്കുകയായിരുന്നു. മരണം കഴിഞ്ഞ് നാല് മണിക്കൂർ പിന്നിട്ടിരുന്നു.പരിശോധനാ ഫലം പോസിറ്റീവാണെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. എന്നാൽ, പരിശോധനാ റിപ്പോർട്ട് തന്നിരുന്നില്ലെന്നും രാജുവിന്റെ ഭാര്യ ജോളി പറഞ്ഞു. നിയമപ്രകാരമുള്ള പരിശോധന പിന്നിട്ട് ഇത്ര വേഗം പോസിറ്റീവാകാൻ സാധ്യത കുറവാണെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. നേരത്തെ ചികിത്സിച്ച കോട്ടയത്തെ ഡോക്ടറെ വിളിക്കുകയും അദ്ദേഹം പരിശോധനാ ഫലം തെറ്റായിരിക്കാമെന്ന് പറയുകയും ചെയ്തു. മൃതദേഹം കോട്ടയത്തെ ആശുപത്രിയിൽ എത്തിച്ചാൽ അവിടെ വെയ്ക്കാമെന്നും അറിയിച്ചു.

പക്ഷേ, ആശുപത്രിയിൽ എത്തിയപ്പോൾ പി.ആർ.ഒ. പറഞ്ഞത് മൃതദേഹം പോസിറ്റീവാണെന്ന് ആദ്യം െചന്ന ആശുപത്രിക്കാർ വിളിച്ച് പറഞ്ഞതായാണ്. കോട്ടയത്തെ ആശുപത്രിയിൽ മോർച്ചറിയിൽ വെയ്ക്കാൻ അവർ താത്‌പര്യക്കുറവും കാണിച്ചു. അപ്പോഴേക്കും മരണം കഴിഞ്ഞ് ആറ് മണിക്കൂർ പിന്നിട്ടിരുന്നു. ആദ്യത്തെ ആശുപത്രിയിലേക്ക് മൃതദേഹം വെയ്ക്കാം എന്ന് തീരുമാനിച്ച് അവിടേക്ക് വിളിച്ചു. ഒഴിവില്ലെന്ന മറുപടിയാണ് കിട്ടിയത്. കുറച്ചുമുമ്പ് അവിടെ വന്ന കാര്യം പറഞ്ഞപ്പോൾ പുതിയ കോവിഡ് പരിശോധനാ ഫലം വേണെമെന്നും അവർ പറഞ്ഞു.

അതോടെ കോട്ടയത്തെ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചു. ഫലം നെഗറ്റീവായിരുന്നു. അവിടെ മോർച്ചറിയിലും വെച്ചു. ആറ് മണിക്കൂറിലേറെ ബന്ധുക്കൾ നെട്ടോട്ടമോടുകയും അടുപ്പക്കാർക്ക് മൃതദേഹം കാണാൻ കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ സാധിച്ചതുമില്ല.