കറുകച്ചാൽ: ചൂട് കൂടിയതോടെ വഴിയോരക്കച്ചവടം ഉഷാറായി. റോഡിന് ഇരുവശങ്ങളിലും ടാർപ്പോളിനും ഓലയും കൊണ്ട് നിർമിച്ച താത്കാലിക കച്ചവടക്കാർ നിരന്നു. ഉഷ്ണം കൂടിയതോടെ ശീതളപാനീയങ്ങൾക്കും, ജ്യൂസുകൾക്കും പഴങ്ങൾക്കും ആവശ്യക്കാർ ഏറി. തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി എന്നിവയാണ് ഇക്കുറി അധികം കച്ചവടത്തിനായി എത്തിയിരിക്കുന്നത്. ലോഡ് കണക്കിന് പഴങ്ങളാണ് പാതയോരങ്ങളിൽ കച്ചവടത്തിനായി എത്തിച്ചത്. ഒപ്പം ഡ്രാഗൺഫ്രൂട്ട്, മുന്തിരി, പേരയ്ക്കാ വിവിധയിനം മാമ്പഴങ്ങളും എത്തിത്തുടങ്ങി.

ആർക്കും വാങ്ങാം വില തുച്ഛം

വേനൽക്കാലത്ത് കൂടുതൽ പ്രിയം തണ്ണിമത്തനോടാണ്. രണ്ടു തരം തണ്ണിമത്തനാണ് വിപണിയിലുള്ളത്. സാധാരണ തണ്ണിമത്തന് 18 രൂപയും കിരൺ ഇനത്തിൽപെട്ട തണ്ണിമത്തന് 20 രൂപയുമാണ് വില. ഇതോടൊപ്പം ജ്യൂസ് വിൽപ്പന നടത്തുന്നവരുമുണ്ട്. ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസിന് 15 മുതൽ 20 രൂപ വരെയാണ് വില. ഓറഞ്ചിന് മുൻവർഷത്തേക്കാൾ വിലക്കുറവാണ്. വഴിയോരക്കച്ചവടക്കാർ രണ്ടരക്കിലോ 100 രൂപയ്ക്കാണ് വിൽക്കുന്നത്. കൂടാതെ ഡ്രാഗൺഫ്രൂട്ട്, മുന്തിരി തുടങ്ങിയവയും കുറഞ്ഞ വിലയിലാണ് വിൽപ്പന. മാമ്പഴത്തിന് രണ്ടര കിലോയ്ക്ക് നൂറു രൂപയാണ് വില.

നേന്ത്രപ്പഴം സുലഭം, ആവശ്യക്കാരില്ല

വഴിയോരക്കച്ചവടത്തിന് നേന്ത്രക്കുലകളും എത്തിത്തുടങ്ങി. മലബാർ ഭാഗത്തുനിന്നും തമിഴ്‌നാട്ടിൽ നിന്നുള്ള കുലകളുമാണ് വ്യാപകമായി എത്തിയത്. നാലുകിലോ നേന്ത്രപ്പഴത്തിന് നൂറുരൂപയാണ് വില. നാടൻകുലയ്ക്ക് 40 രൂപയാണ് വില. വേനൽ കനത്തതോടെ വാഴകൾ വ്യാപകമായി ഒടിഞ്ഞുതുടങ്ങി. ഇതോടെ കുലകൾ കിട്ടുന്ന വിലയ്ക്ക് വിൽക്കുകയാണ് കർഷകർ. കുറഞ്ഞ വിലയ്ക്ക് തോട്ടങ്ങളിൽനിന്നും വാങ്ങുന്ന കുലകളാണ് നാലു കിലോ 100 രൂപയ്ക്ക് വിൽക്കുന്നത്. നിറമുണ്ടെങ്കിലും മധുരവും രുചിയും കുറവായതിനാൽ ആവശ്യക്കാർ കുറവാണെന്നാണ് കച്ചവടക്കാർ പറയുന്നത്.

Content Highlight: watermelon and orange trend in market