കോട്ടയം : പ്രളയജലം ഇറങ്ങുമ്പോള്‍ നാട് മാലിന്യപ്രശ്‌നം നേരിടുകയാണ്. സംസ്‌കരണം വലിയ തലവേദനയാകുന്നു. ജലാശങ്ങളിലൂടെ ഒഴുകിവന്ന മാലിന്യം വന്‍തോതില്‍ തീരപട്ടണങ്ങളില്‍ അടിഞ്ഞു. ഓരോയിടത്തെയും സ്ഥിതി ഇങ്ങനെ.

കോട്ടയം

മീനച്ചിലാറ്റിന്റെ തീരത്തും താഴ്ന്നയിടങ്ങളിലും വെള്ളം കയറിയ ഇടത്തും മാലിന്യം കിടക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യമാണ് ഇതിലേറെയും. ജലാശയങ്ങളിലേക്ക് വലിച്ചെറിഞ്ഞ മാലിന്യം പ്രളയത്തില്‍ കരയ്ക്ക് വന്നടിയുകയായിരുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം ഇറങ്ങുന്നതേയുള്ളൂ. പാടശേഖരങ്ങളിലും തോടുകളിലും മാലിന്യമുണ്ട്. നീലിമംഗലത്ത് നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍നിന്ന് പുഴയിലേക്ക് മാലിന്യം പൊട്ടിഒലിച്ച് നീങ്ങുന്ന സ്ഥിതിയുമുണ്ടായി.

വൈക്കം

പ്രളയത്തില്‍ മൂവാറ്റുപുഴയാറ്റിലൂടെ വന്നടിഞ്ഞ മാലിന്യങ്ങള്‍ വേമ്പനാട്ടു കായലില്‍ അടിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വ്യാപകമായി കായലില്‍ എത്തുന്നുണ്ട്്. എന്നാല്‍ ഇവ കായലില്‍നിന്ന് ശേഖരിച്ച്് സംസ്‌കരിക്കാന്‍ സംവിധാനങ്ങളില്ല. കൂടാതെ പ്രളയത്തില്‍ തോടുകളിലൂടെയും മറ്റും പ്രളയജലത്തോടൊപ്പം എക്കല്‍ വന്നടിയാറുണ്ട്്. ഇവ കായല്‍മുഖത്ത് അടിഞ്ഞുകൂടി തോടുകളിലെ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്നു.

മണിമല

മണിമലയാറ്റില്‍ പലസ്ഥലത്തും പ്രളയത്തില്‍ വന്ന മാലിന്യം തങ്ങിനില്‍ക്കുന്നു. തീരത്തെ മുളകളിലും പാറകളിലും ഇത് ഉണ്ട്. തദ്ദേശസ്ഥാപനമാണ് ഇത് നീക്കേണ്ടത്.

പാലാ

മീനച്ചിലാറ്റില്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞത് സന്നദ്ധ സംഘടനകള്‍ നീക്കും. നഗരത്തില്‍ അടിഞ്ഞത് നഗരസഭ വെള്ളം ഇറങ്ങിയപ്പോള്‍ തന്നെ നീക്കിയിരുന്നു. ഇത് സംസ്‌കരിച്ചു.

ചിങ്ങവനം, ചങ്ങനാശ്ശേരി

പാടത്തും തോടുകളിലും പോളയാണ് അടിഞ്ഞത്. ഇത് ഒഴുക്ക് തടസ്സപ്പെടുത്തും. കൃഷിക്കാര്‍ ഇത് വരമ്പില്‍ വെക്കുകയാണ് പതിവ്. മണ്ണ് കൊണ്ട് വെട്ടിമൂടുകയും ചെയ്യും. ബണ്ടിലും ഇത് നിറയ്ക്കും. ഇത്തരം അധികം ജോലിക്ക് തദ്ദേശസ്ഥാപനങ്ങളോ കൃഷിവകുപ്പോ പ്രത്യേക സഹായം നല്‍കുന്നില്ല.