പാലാ: നഗരം വെള്ളപ്പൊക്കത്തിൽ മുങ്ങിയദിവസം തലചായ്ക്കാനിടമില്ലാതായപ്പോൾ അധികൃതർ അനാഥമന്ദിരത്തിലാക്കിയ എൺപതുകാരനായ വാസുപിള്ളയെ തേടി 29 വർഷങ്ങൾക്കുശേഷം ബന്ധുക്കളെത്തി.

കഴിഞ്ഞ ഒൻപതിന് പാലാ നഗരത്തിൽ വെള്ളം കയറിയപ്പോൾ ബസ് സ്റ്റാൻഡിൽ കഴിയാൻ ഇടമില്ലാതെ വലഞ്ഞ വയോധികന്റെ ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെത്തുടർന്ന് പാലാ ജനമൈത്രി പോലീസാണ് വാസുപിള്ളയെ അനാഥരെ സംരക്ഷിക്കുന്ന മരിയസദനത്തിൽ എത്തിച്ചത്. ഇതുസംബന്ധിച്ച്‌ ‘മാതൃഭൂമി’ നല്കിയ വാർത്തയറിഞ്ഞ് മകൻ ബാബുവും കൊച്ചുമക്കളും പാലായിലെ മരിയ സദനത്തിലെത്തി വാസുപിള്ളയെ കൂട്ടിക്കൊണ്ടുപോയി. ഭാര്യയും രണ്ട് ആൺമക്കളും അടങ്ങുന്ന വാസുവിന്റെ കുടുംബം മുണ്ടക്കയത്തുനിന്ന് 30 വർഷങ്ങൾക്കുമുൻപ് കണ്ണൂരിലേക്ക് കുടിയേറിയതാണ്. കണ്ണൂരിലെ ചെറുപുഴയിൽ മാവുങ്കൽ വീട്ടിലായിരുന്നു താമസം. 29 വർഷങ്ങൾക്കുമുൻപ് ഭാര്യ മരിച്ചതോടെ വീടുവിട്ടിറങ്ങിയ വാസു പാലായിലെത്തി. നഗരത്തിൽ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു സമീപകാലംവരെ. പ്രായമേറിതോടെ കൂലിപ്പണി ഉപേക്ഷിച്ച് ലോട്ടറി വിൽപ്പന നടത്തുകയായിരുന്നു.