വൈക്കം : മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവാഘോഷങ്ങളുടെ പരിസമാപ്തികുറിച്ച് വെള്ളിയാഴ്ച രാവിലെ വൈക്കത്തപ്പന് മുക്കുടി നിവേദ്യം സമർപ്പിച്ചു. അഷ്ടമി ഉത്സവത്തിന്റെ 14-ാം ദിവസം ഉച്ചപ്പൂജയുടെ പ്രസന്ന പൂജയ്ക്കാണ് വൈക്കത്തപ്പന് 25 കലശം ആടി മുക്കുടി സമർപ്പിച്ചത്.
ഉച്ചശ്രീബലിക്കുശേഷം അഷ്ടമി ഉത്സവാഘോഷങ്ങളുടെ പരിസമാപ്തി കുറിച്ച് ശ്രീഭൂതബലിയും നടന്നു. 13 ദിവസത്തെ ക്രമം തെറ്റിയുള്ള അനുഷ്ഠാനങ്ങളുടെ ഭാഗമായി സംഭവിക്കുന്ന അജീർണത പരിഹരിക്കുന്നതിനാണ് ഭഗവാന് അതീവരഹസ്യങ്ങളായ പച്ചമരുന്നുകൂട്ട് മിശ്രിതമാക്കി മുക്കുടി തയ്യാറാക്കി നിവേദിച്ചത്. തിടപ്പള്ളിയിൽ വെച്ച് മേൽശാന്തിമാരാണ് പാകപ്പെടുത്തിയത്. വെള്ളോട്ട് ഇല്ലത്ത് മൂസത് കുടുംബത്തിനാണ് മുക്കുടി തയ്യാറാക്കി സമർപ്പിക്കാനുള്ള പരമ്പരാഗതമായ അവകാശം.
രാവിലെ നടന്ന ചടങ്ങുകൾക്ക് തന്ത്രിമാരായ മേക്കാട്ടില്ലത്ത് ചെറിയ മാധവൻ നമ്പൂതിരി, മേക്കാട്ടില്ലത്ത് ചെറിയ നാരായണൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തിമാരായ ടി.എസ്.നാരായണൻ നമ്പൂതിരി, ടി.ഡി.ശ്രീധരൻ നമ്പൂതിരി, ജിഷ്ണു ദാമോദരൻ നമ്പൂതിരി, ജീവേഷ് കേശവൻ നമ്പൂതിരി, കീഴ്ശാന്തിമാരായ ആഴാട് നാരായണൻ നമ്പൂതിരി, എറാഞ്ചേരി ദേവൻ നമ്പൂതിരി, ആഴാട് ചെറിയ നാരായണൻ നമ്പൂതിരി, മേലേടം രാമൻ നമ്പൂതിരി, പാറൊളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊളായി നാരായണൻ നമ്പൂതിരി എന്നിവരും കാർമികരായിരുന്നു. മുക്കുടി നിവേദ്യം പ്രസാദമായി ഏറ്റുവാങ്ങാൻ രാവിലെ നൂറുക്കണക്കിന് ഭക്തർ എത്തിയിരുന്നു.