വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിന്റെ സമാപനം കുറിക്കുന്ന ആറാട്ട് വ്യാഴാഴ്ച വൈകീട്ട് ഇരുമ്പൂഴിക്കര ആറാട്ടുകുളത്തിൽ നടത്തി. തന്ത്രിമാരും മേൽശാന്തിമാരും മുഖ്യകാർമികരായി. ആറാട്ടെഴുന്നള്ളിപ്പിന് മുമ്പായി തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേക്കാട്ടില്ലത്ത് ചെറിയ നാരായണൻ നമ്പൂതിരി, മേക്കാട്ടില്ലത്ത് ചെറിയ മാധവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ആറാട്ട് ബലിയും അനുജ്ഞാനപൂജയും കൊടിമരച്ചുവട്ടിൽ വാഹനപൂജയും നടത്തി.
കൊടിമരത്തിനുമുൻപിൽ പാണികൊട്ടിയ ശേഷം ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ച് ആറാട്ടെഴുന്നള്ളിപ്പ് ഉദയനാപുരം ഇരുമ്പൂഴിക്കര ആറാട്ടുകുളക്കടവിലേക്ക് പുറപ്പെട്ടു. ഭഗവാന്റെ തിടമ്പേറിയ ആനയ്ക്ക് രണ്ടാനകൾ അകമ്പടിയായി. വൈക്കത്തപ്പന്റെ എഴുന്നെള്ളിപ്പ് ഉദയനാപുരം ക്ഷേത്രഗോപുരനടയിൽ എത്തിയപ്പോൾ ഉദയനാപുരത്തപ്പൻ എഴുെന്നള്ളിയെത്തി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തുടർന്ന് എഴുന്നെള്ളിപ്പ് ആറാട്ട് കടവിലേക്ക് പുറപ്പെട്ടു.
റോഡിന്റെ ഇരുവശങ്ങളിലും ഭക്തർ നിറപറയും നിലവിളക്കുംവെച്ച് എഴുന്നള്ളിപ്പിന് വരവേൽപ്പ് നൽകി. ആറാട്ടിനുശേഷം എഴുന്നള്ളിപ്പ് ഉദയനാപുരം ക്ഷേത്രത്തിലെത്തി ശ്രീകോവിലിൽ രാത്രി 11 മണിക്ക് കൂടിപ്പൂജവിളക്ക് നടത്തി.