വൈക്കം : കണ്ടെയ്ൻമെന്റ് സോൺ അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വൈക്കം നഗരസഭ കോവിഡ് അവലോകനയോഗം പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച നഗരത്തിലും സമീപ പഞ്ചായത്തിലും കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടുത്ത ജാഗ്രതയിലാണ് ജില്ലയുടെ പടിഞ്ഞാറൻ ഭാഗം. വ്യാഴാഴ്ച വൈക്കത്ത് 25 ആന്റിജൻ ടെസ്റ്റുകൾ നടത്തി. ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

വ്യാഴാഴ്ച 117 പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കോവിഡ് രോഗത്തിന്റെ പിടിയിൽനിന്നു ജനങ്ങളെ രക്ഷിക്കാനാണ് സർക്കാർ നഗരത്തിലെ 13, 21, 24, 25 എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചെതെന്നും വാർഡുകളിൽ നിയന്ത്രണങ്ങൾ പോലീസ് കടുപ്പിക്കണമെന്ന് നഗരസഭ അവലോകനയോഗം ആവശ്യപ്പെട്ടു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിലെ കടകൾ തുറന്നുപ്രവർത്തിപ്പിക്കുന്നവർക്കെതിരേ നഗരസഭ നടപടി സ്വീകരിക്കും. യോഗത്തിൽ ചെയർമാൻ ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമ്യ കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ഡി. രഞ്ജിത്കുമാർ, പി. ശശിധരൻ, ആർ. സന്തോഷ്, എസ്. ഹരിദാസൻ നായർ, സൽബി ശിവദാസ്, പി.ആർ.ഒ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.